തിരയുക

അംഗങ്ങൾക്കൊപ്പം പാപ്പാ അംഗങ്ങൾക്കൊപ്പം പാപ്പാ   (ANSA)

സ്നേഹത്താൽ പ്രചോദിതരായി വേണം അപരനെ സഹായിക്കുവാൻ: പാപ്പാ

അമേരിക്കയിൽ നിന്നുള്ള വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾക്ക്, ഓഗസ്റ്റ് മാസം ഇരുപത്തിയെട്ടാം തീയതി, വത്തിക്കാനിൽ വച്ച് ലിയോ പതിനാലാമൻ പാപ്പാ, കൂടിക്കാഴ്ച്ച അനുവദിക്കുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്

ലോകമെമ്പാടുമുള്ള പാവപ്പെട്ടവരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന കത്തോലിക്കാ സഭയിലെ ഒരു പ്രമുഖ സന്നദ്ധ സംഘടനയായ വിൻസെന്റ് ഡി പോൾ സൊസൈറ്റിയിലെ, അമേരിക്കയിൽ നിന്നും റോമിൽ എത്തി ചേർന്ന പ്രവർത്തകരെ, ഓഗസ്റ്റ് മാസം ഇരുപത്തിയെട്ടാം തീയതി, വത്തിക്കാനിൽ, ലിയോ പതിനാലാമൻ പാപ്പാ, സ്വകാര്യ കൂടിക്കാഴ്ച്ചയിൽ സ്വീകരിച്ചു. തദവസരത്തിൽ, പാപ്പാ അവർക്ക് സന്ദേശവും നൽകി. നിത്യനഗരമായ റോമിൽ, തീർത്ഥാടകരെന്ന നിലയിൽ എത്തുമ്പോൾ, അത് ഏവരുടെയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും, കർത്താവിനെയും അവിടുത്തെ സഭയെയും സേവിക്കുവാനുള്ള ആഗ്രഹം ആഴത്തിലാക്കുകയും ചെയ്യട്ടെയെന്നു പാപ്പാ ആശംസിച്ചു.  വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾക്ക്, പ്രത്യേകിച്ചും, അമേരിക്കയിൽ നിന്നും ഉള്ളവർക്ക് പാപ്പാ പ്രത്യേകം  നന്ദിയും അർപ്പിച്ചു.

ദൈവദത്തമായ ദാനങ്ങളും, കഴിവുകളും സൗജന്യമായി സമർപ്പിക്കുന്നതിലൂടെ, സേവനത്തിലൂടെ ദൈവരാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള  വിശ്വാസ സാക്ഷ്യം നൽകുന്നവരാണ് വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾ എന്ന് പാപ്പാ പറഞ്ഞു. കർത്താവിന്റെ കൃപ ഏവരുടെയും സേവനത്തെ നയിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി കർത്താവുമായുള്ള ഈ ബന്ധം ഇനിയും പരിപോഷിപ്പിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. പ്രാർത്ഥനയും സാമൂഹിക നീതിയും കേവലം പരസ്പര പൂരകമല്ല, വാസ്തവത്തിൽ അഭേദ്യമാണെന്ന് വിശുദ്ധ  വിൻസെന്റ് ഡി പോൾ തെളിയിച്ചുവെന്നും, ഈ മാതൃക ഏവരും പിന്തുടരണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ദരിദ്രരെ പരിപാലിക്കുന്നതിന്റെ ക്രിസ്തുകേന്ദ്രീകൃത സ്വഭാവം പഠിപ്പിക്കുകയും, ആ സേവനത്തിൽ ദൈവത്തിന്റെ കരുണയും എടുത്തു പറഞ്ഞ വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും,  ദിലെക്സിതെയിലെ  ആശയങ്ങളും പാപ്പാ എടുത്തു പറഞ്ഞു. മറ്റുള്ളവരെ പരിപാലിക്കുന്നത്, സ്നേഹത്താൽ പ്രചോദിതമാകുമ്പോൾ, ആവശ്യമുള്ളവരെ സഹായിക്കുക മാത്രമല്ല, ദാതാവിന്റെ ഹൃദയം ദൈവകൃപയിലേക്ക് തുറക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ ദരിദ്രർക്ക് വേണ്ടി കൂടുതൽ സ്വയം സമർപ്പിക്കുവാനും, അപ്രകാരം,  ഹൃദയങ്ങളെയും മനസ്സുകളെയും ക്രമാനുഗതമായി ശുദ്ധീകരിച്ചുകൊണ്ട്, അയൽക്കാരനിൽ ക്രിസ്തുവിനെ കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയുവാൻ സാധിക്കട്ടെയെന്നു പാപ്പാ ആശംസിച്ചു.

ഏവർക്കും തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയും,  സഭയുടെ മാതാവായ മറിയത്തിന്റെ സഹായത്തിന്  സമർപ്പിച്ചു പ്രാർത്ഥിക്കുകയും, ആശീർവാദം നൽകുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

28 ഓഗസ്റ്റ് 2026, 13:34