തിരയുക

പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണം നിത്യത ഉറപ്പു നൽകുന്നു: ലിയോ പതിനാലാമൻ പാപ്പാ

മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനമായ ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, കസ്തേൽ ഗന്തോൾഫോയിലെ സെന്റ് തോമസ് ഇടവകയിൽ (San Tommaso da Villanova) വിശുദ്ധ കുർബാനയർപ്പിച്ചു, വചന സന്ദേശം നൽകി. സന്ദേശത്തിൽ, പരിശുദ്ധ മറിയം തൻറെ ജീവിതം വഴിയായി നൽകുന്ന മാതൃകകളെ പാപ്പാ എടുത്തു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്

ദൈവം പരിശുദ്ധ മറിയത്തിനു നൽകിയ കൃപയുടെ പൂർത്തീകരണമാണ്, സ്വർഗ്ഗാരോപണത്തിൽ പൂർത്തീകരിക്കപ്പെട്ടതെന്നു എടുത്തു പറഞ്ഞുകൊണ്ട്, മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിനമായ ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, കസ്തേൽ ഗന്തോൾഫോയിലെ സെന്റ് തോമസ് ഇടവകയിൽ  (San Tommaso da Villanova) വിശുദ്ധ കുർബാന മദ്ധ്യേ വചന സന്ദേശം നൽകി. മറിയത്തിന്റെ ഹൃദയത്തിൽ, ഭൂമിയും സ്വർഗ്ഗവും ഒന്നിക്കുന്ന നിത്യതയുടെ അടയാളമാണ്, സൂര്യനെ ഉടയാടയാക്കിയും, പാദത്തിന്റെ ചുവട്ടിൽ ചന്ദ്രനെയും കൊണ്ടുള്ള സ്ത്രീയുടെ ചിത്രം വെളിപാട് പുസ്തകം വിവരിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

ദൈവകൃപയാൽ ആത്മാവിന്റെ ശുദ്ധി വ്യക്തിയെ മുഴുവൻ പ്രകാശിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നതിന്റെ തെളിവാണ്, ദൈവമാതാവിന്റെ അഴുകാത്ത ശരീരവും,അവളുടെ നിർമ്മല ഹൃദയവുമെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. മറിയം ആത്മാവോടും ശരീരത്തോടും കൂടെ മഹത്വീകരിക്കപ്പെട്ടത്, നമ്മുടെ യഥാർത്ഥ സൗന്ദര്യം കടന്നുപോകുന്ന കാലത്തിന്റെ അടയാളങ്ങൾ ഒളിപ്പിക്കുന്നതിലല്ല, മറിച്ച് ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിന്റെ അടയാളങ്ങൾ നമ്മുടെ ശരീരത്തിൽ പ്രകടിപ്പിക്കുന്നതിലാണെന്നു, പൗലോസ് അപ്പസ്തോലന്റെ വാക്കുകളിൽ പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ലോകം നമ്മുടെ മേൽ അടിച്ചേൽപ്പിക്കുന്ന, ആഡംബരത്തിനും ഉപഭോഗസംസ്കാരത്തിനും മുൻഗണന നൽകുന്ന സൗന്ദര്യ സങ്കല്പങ്ങളെ പുനർചിന്തനം ചെയ്യാൻ ഇത് നമ്മെ ക്ഷണിക്കുന്നുവെന്നും, യഥാർത്ഥത്തിൽ പ്രാധാന്യമില്ലാത്തതും ശാശ്വതമല്ലാത്തതുമായ കാര്യങ്ങൾക്കായി വിലയേറിയ ഊർജ്ജം പാഴാക്കുവാൻ ഇത്തരം മുൻഗണനകൾ ഇടയാക്കുന്നുവെന്നും പാപ്പാ ചൂണ്ടികാണിച്ചു.

നമ്മെ പൊതിഞ്ഞിരിക്കുന്നതും നമുക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതുമായ ദിവ്യസൗന്ദര്യം കണ്ടെത്താനും വളർത്താനും ചുറ്റുമുള്ളവരിലേക്ക് അത് പകർന്നുനൽകാനും, ഓരോ ജീവിതസാഹചര്യങ്ങളും പകർന്നു നൽകുന്ന അനുഭവങ്ങളെ ശ്രവിക്കുവാൻ നമുക്ക് സാധിക്കണമെന്നും പാപ്പാ പറഞ്ഞു.

മനുഷ്യന്റെ ഏറ്റവും മനോഹരമായ ആഭരണം സ്നേഹമാണെന്നും അത് ജീവിതത്തിന്റെ,  മാറ്റങ്ങൾക്കിടയിലും നമ്മെ രൂപാന്തരപ്പെടുത്തുകയും, വിശുദ്ധീകരിക്കുകയും, ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു. "ദരിദ്രമായ ശീലത്തുണികളും വലിയ അളവിലുള്ള ആർദ്രതയും കൊണ്ട് ഒരു മൃഗത്തൊഴുത്തിനെ യേശുവിന്റെ ഭവനമാക്കി മാറ്റാൻ അറിയാവുന്നവളാണ് മറിയം" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.

തുടർന്ന്, സുവിശേഷ ഭാഗമായ മറിയത്തിന്റെ സ്തോത്രഗീതം എടുത്തു പറഞ്ഞുകൊണ്ട്, തന്റെ വിശ്വാസത്തിന്റെ ലളിതമായ പ്രകടനങ്ങളിലൂടെ, സ്വർഗ്ഗസ്ഥയായ അമ്മ മഹത്തായ രഹസ്യങ്ങളെക്കുറിച്ച് നമ്മോട് ലളിതമായി സംസാരിക്കുന്നതാണ് ഈ വാക്കുകളെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.

ഒരു ദിവസത്തെ ജോലി കഴിഞ്ഞ് തളർന്നെങ്കിലും കുട്ടികളോടൊപ്പം ഇരിക്കാൻ സന്തോഷിക്കുന്ന മാതാപിതാക്കളുടെ കണ്ണുകളിലും, വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും കൊച്ചുമക്കളെ നോക്കുമ്പോൾ അപ്രതീക്ഷിതമായ ഊർജ്ജം വീണ്ടെടുക്കുന്ന മുത്തശ്ശിമാരുടെയും മുത്തശ്ശന്മാരുടെയും മുഖങ്ങളിലും,  ശുദ്ധിയോടും സത്യസന്ധതയോടും കൂടെ വളരാൻ ശ്രമിക്കുന്ന യുവാക്കളുടെ പരിശ്രമങ്ങളിലും,  വിശ്വാസത്തോടും അർപ്പണബോധത്തോടും കൂടെ ഭൂമിയിലേക്ക് സ്വർഗീയ അനുഭൂതി കൊണ്ടുവരാനും,   ഭൂമിയെ സ്വർഗ്ഗത്തിലേക്ക് നയിക്കാനും ദിവസവും പരിശ്രമിക്കുന്ന അനേകം മനുഷ്യരുടെ പ്രവൃത്തികളിലും. മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെ മഹത്വം കണ്ടെത്തുവാൻ ആനമുക്ക് സാധിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

 രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തെ "സഭയുടെ പ്രതിരൂപവും തുടക്കവും,സുനിശ്ചിതമായ പ്രത്യാശയുടെയും ആശ്വാസത്തിന്റെയും അടയാളവുമെന്നും വിശേഷിപ്പിക്കുന്നത് എടുത്തു പറഞ്ഞ പാപ്പാ,  അതേ ജീവിതപൂർണ്ണത അനുഭവിക്കാനും അവളുടെ മഹത്വത്തിൽ പങ്കുചേരാനും വിളിക്കപ്പെട്ടവരാണ് ഏവരുമെന്നു ഓർമ്മിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

15 ഓഗസ്റ്റ് 2026, 13:50