ആത്മാവിൽ നാം വഹിക്കുന്ന ദൈവിക മഹത്വം നാം പരിപോഷിപ്പിക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വിശുദ്ധ പോൾ ആറാമൻ പാപ്പാ കൂദാശ ചെയ്ത, കസ്തൽ ഗന്ധോൾഫോയിലെ 'മരിയ സാന്തിസിമ ദെൽ ലാഗോ' ദേവാലയത്തിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഓഗസ്റ്റ് മാസം ഇരുപത്തിയൊമ്പതാം തീയതി, ശനിയാഴ്‌ച, പ്രാദേശിക സമയം വൈകുന്നേരം, വിശുദ്ധ ബലിയർപ്പിക്കുകയും, തുടർന്ന് അൽബാനോ തടാകത്തിൽ നടന്ന പ്രദക്ഷിണത്തിൽ പങ്കെടുക്കുകയും ചെയ്തു. ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ, കഷ്ടപ്പാടുകളും, തെറ്റിദ്ധാരണകളും, പരിഹാസങ്ങളുമൊക്കെ ജീവിതത്തിൽ നേരിടേണ്ടി വരുമ്പോഴും, ജനത്തിന്റെ നന്മയ്ക്കായി യാതൊരു വിട്ടുവീഴ്ചയും കൂടാതെ അവസാനംവരെ പ്രവർത്തിക്കുവാനുള്ള വിളിയാണ്, ജെറമിയ പ്രവാചകനെ പോലെ ഏവരും സ്വീകർച്ചിരിക്കുന്നതെന്നു പാപ്പാ പറഞ്ഞു.
അഞ്ച് അപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം പുരുഷന്മാർക്ക് ഭക്ഷണം വിളമ്പിയതും, ഏഴ് അപ്പവും ഏതാനും ചെറിയ മീനുകളും കൊണ്ട് നാലായിരം പേർക്ക് വിശപ്പടക്കിയതുമൊക്കെ വലിയ അത്ഭുത പ്രവൃത്തികൾ ആയിരുന്നുവെങ്കിലും, തന്റെ മഹത്വം പൂർണ്ണമായി വെളിപ്പെടുത്തുന്നത് സ്വമേധയാ തന്റെ ജീവൻ സമർപ്പിക്കുന്നതിലൂടെ ആയിരുന്നുവെന്നു, സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ പാപ്പാ വിശദീകരിച്ചു. തന്റെ ദൗത്യം തുടരാൻ ആഗ്രഹിക്കുന്ന ഏവരും ഇതുതന്നെ ചെയ്യണമെന്നാണ് കർത്താവ് വ്യക്തമാക്കുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
"ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ" എന്ന യേശുവിന്റെ വാക്കുകൾ, സ്നേഹം മാത്രമാണ് മനുഷ്യനെ രക്ഷിക്കുന്നത് എന്നത് വെളിപ്പെടുത്തുന്നുവെന്നു പാപ്പാ പറഞ്ഞു. മനുഷ്യനായി നമ്മുടെ ഇടയിലേക്ക് വരികയും, നമുക്കുവേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുകൊണ്ട് നമ്മോട് കാണിച്ച ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രതിനന്ദിയായി, അവിടുത്തോടും സഹോദരീസഹോദരന്മാരോടും നമ്മെ തന്നെ സമർപ്പിച്ചുകൊണ്ട് സ്നേഹം പ്രകടമാക്കണമെന്നു പാപ്പാ ഓർമ്മിപ്പിച്ചു.
ദൈവത്തിന്റെ സഹായത്തോടെ, അവിടുത്തെ അനന്തമായ സ്നേഹത്തിന്റെ വിത്തുകൾ ലോകമെങ്ങും, ഒരിക്കലും ക്ഷീണിക്കാതെയും അളവില്ലാതെയും വിതയ്ക്കണമെന്നും, അപ്രകാരം അപരന് അതിൽ നിന്നും ഫലങ്ങൾ കൊയ്‌തുകൊണ്ട് സന്തോഷം കണ്ടെത്തുവാൻ സാധിക്കണമെന്നും, വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളിൽ പാപ്പാ എടുത്തു പറഞ്ഞു. അതിനാൽ, സ്നേഹത്തിന്റെ വഴിയാണ് ജീവിതത്തിലേക്കുള്ള ഏക വഴിയെന്നും, വിദ്വേഷവും അക്രമവും ഒരിക്കലും നന്മ കൊണ്ടുവരുന്നില്ല; അവ എല്ലായ്പ്പോഴും നാശവും മരണവും മാത്രമാണ് വിതയ്ക്കുന്നതെന്നും, മുറിവ് എത്ര വലുതായാലും, അപമാനം എത്ര ഗുരുതരമായാലും, തിന്മ നമ്മുടെ മാനവികതയെ വികൃതമാക്കാനും നമ്മുടെ ഹൃദയത്തെ ദുഷിപ്പിക്കാനും നാം അനുവദിക്കരുതെന്നു, പാപ്പാ അടിവരയിട്ട് ഓർമ്മിപ്പിച്ചു.
ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുമ്പോൾ നിരുത്സാഹപ്പെടരുതെന്നും: നമ്മുടെ ശക്തി കർത്താവിലാണ്; അവിടുത്തെ സഹായത്തോടെ എല്ലാം സാധ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. തുടർന്ന് നടക്കുവാനിരിക്കുന്ന തടാകത്തിലെ പ്രദക്ഷിണത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട്, തിബേരിയാസ് തടാകത്തിൽ, ഭയന്നിരുന്ന ശിഷ്യന്മാരുടെ അടുത്തേക്ക് യേശു വെള്ളത്തിന്മേൽ നടന്നെത്തുകയും കൊടുങ്കാറ്റ് ശാന്തമാക്കി അവരെ കരയിലെത്തിക്കുകയും ചെയ്ത സംഭവം പാപ്പാ ഓർമ്മപ്പെടുത്തി. പ്രതികൂലമായ കാറ്റിന്റെ പിടിയിലായിരുന്നപ്പോൾ, യേശു അവരെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും പ്രാർത്ഥിക്കാനും പ്രോത്സാഹിപ്പിച്ചുവെന്നും അങ്ങനെ സമാധാനം വീണ്ടെടുത്ത്, അവനോടൊപ്പം ആഗ്രഹിച്ച ലക്ഷ്യത്തിലേക്ക് യാത്ര തുടരാൻ അവർക്ക് കഴിഞ്ഞുവെന്നും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു.
എല്ലാവർക്കും ദൈവത്തിന്റെ രക്ഷ എത്തിച്ചേരേണ്ടതിനായി, യേശുവിന്റെ തന്റെ ഉദരത്തിലും നസറത്തിലെ ഭവനത്തിലും സ്വീകരിച്ച മറിയത്തെപ്പോലെ, ദൈവസാന്നിധ്യത്തിന്റെ സമാധാനം പകരുന്ന ഒരു പ്രതിഫലനമായും, സ്നേഹിക്കാൻ നമ്മെ ക്ഷണിക്കുന്ന അവിടുത്തെ പ്രതിധ്വനിയായും മാറുവാൻ ഏവർക്കും സാധിക്കട്ടേയെന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
