തിരയുക

നേപ്പാളിൽ നിന്നുള്ള കാഴ്ച്ച നേപ്പാളിൽ നിന്നുള്ള കാഴ്ച്ച   (REUTERS)

നേപ്പാൾ ദുരന്തത്തിൽ പാപ്പാ സഹായം നൽകി

മിന്നൽ പ്രളയത്തിൽ ഏറെ ദുരിതം അനുഭവിക്കുന്ന നേപ്പാളിൽ, ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ, പാപ്പായും അയച്ചു.

വത്തിക്കാൻ ന്യൂസ്

വെള്ളപ്പൊക്കത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ, നേപ്പാളിന്‌ കൈത്താങ്ങായി പരിശുദ്ധ പിതാവ്, സാമ്പത്തിക സഹായം അയച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററി വഴിയായിട്ടാണ് പാപ്പാ തന്റെ സഹായം കൈമാറിയത്. ദുരിതബാധിത പ്രദേശങ്ങളിൽ 630-ലധികം പേർ മരിക്കുകയും മൂവായിരത്തോളം പേരെ കാണാതാവുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മരണസംഖ്യ ഓരോ മണിക്കൂറിലും വർധിക്കുന്നത് ആശങ്കകൾ വർധിക്കുന്നു.

ഓഗസ്റ്റ് 26 ബുധനാഴ്ച, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, നേപ്പാളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തന്റെ അതീവദുഃഖവും, പ്രാർത്ഥനകളും അറിയിച്ചുകൊണ്ട്, ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. തുടർന്ന്, അപ്പസ്തോലിക ന്യൂൺഷിയേച്ചറുമായി യോജിച്ച്, ദുരന്തം ബാധിച്ച ജനങ്ങളുടെ ഏറ്റവും അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പാപ്പാ സാമ്പത്തിക സഹായവും അയച്ചു.  ഭക്ഷണം, അടിസ്ഥാന ആവശ്യങ്ങൾ, പാർപ്പിടം എന്നീ ആവശ്യങ്ങൾക്കുവണ്ടി ഈ സഹായം വിനിയോഗിക്കപ്പെടും.

ഏറ്റവും ദുർബലരായവർക്ക്, പരിശുദ്ധ പിതാവിന്റെ സാമീപ്യവും, സഭ അവരെ അനുഗമിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നതിന്റെ പ്രകടമായ തെളിവാണ് ഈ സഹായം എന്ന്, കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ആർച്ച് ബിഷപ്പ് ലൂയിസ് മാരിൻ ദി  സാൻ മാർട്ടിൻ പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം വിവിധ പ്രദേശങ്ങളിലായി 630-ലധികം പേർ മരിക്കുകയും 3,000-ത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്, ഇതിൽ 500-ലധികം വിദേശികളും ഉൾപ്പെടുന്നു. ഇറ്റാലിയൻ മെത്രാൻ സമിതിയും, നേപ്പാളിനെ സഹായിക്കുന്നതിനായി, അഞ്ചു ലക്ഷം യൂറോ അനുവദിച്ചിട്ടുണ്ട്. "ദൂരെ താമസിക്കുന്നവരുടെ കഷ്ടപ്പാടുകൾ നമുക്ക് അന്യമായിരിക്കരുതെന്നും, അത് നമ്മെ ആശങ്കപ്പെടുത്തുകയും ഉത്തരവാദിത്തത്തിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നുവെന്നു", ഇറ്റാലിയൻ മെത്രാൻ സമിതി പ്രസിഡന്റ് കർദിനാൾ മത്തേയോ സൂപ്പി അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

29 ഓഗസ്റ്റ് 2026, 13:22