ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

കൊളംബിയയിലെ ഭൂകമ്പബാധിതർക്ക് പ്രാർത്ഥനയും ഐക്യദാർഢ്യവും അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ

കഴിഞ്ഞ ദിവസം കൊളംബിയയിലുണ്ടായ അതിശക്തമായ ഭൂമികുലുക്കത്തിന്റെ ഇരകളായവർക്ക് പ്രാർത്ഥനകൾ നേർന്നും, മരണമടഞ്ഞവരുടെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചും, ദുരന്തബാധിത കുടുംബങ്ങൾക്ക് തന്റെ ഐക്യദാർഢ്യം അറിയിച്ചും ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 12 ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പരിശുദ്ധ പിതാവ് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കൊളംബിയൻ ജനതയെ പ്രത്യേകം അനുസ്മരിച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കൊളംബിയയിൽ ഓഗസ്റ്റ് പത്താം തീയതി ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ ആത്മീയ സാമീപ്യവും ഐക്യദാർഢ്യവും അറിയിച്ച് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. ഓഗസ്റ്റ് 12 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനത്തിൽ വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ്, ഈ ഈ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയും പരിക്കേറ്റവരെയും ദുരന്തബാധിതരെയും പാപ്പാ പ്രത്യേകം അനുസ്മരിച്ചത്.

ഭൂകമ്പത്തിൽ നിരവധി പേർ മരിക്കുകയും അനേകർക്ക് പരിക്കേൽക്കുകയും വസ്തുവകകൾക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ കൊളംബിയൻ ജനത അനുഭവിക്കുന്ന വേദനയിൽ താൻ പങ്കുചേരുന്നതായും, ദുരന്തത്തിൽ മരിച്ചവരുടെ നിത്യശാന്തിക്കായി കർത്താവിനോട് പ്രാർത്ഥിക്കുന്നതായും പാപ്പാ പറഞ്ഞു.. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഭൂകമ്പത്തിന്റെ ആഘാതം നേരിട്ട എല്ലാവർക്കുമായി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നുവെന്നും പരിശുദ്ധ പിതാവ് അറിയിച്ചു.

അതേസമയം, ദുരന്തബാധിതരെ രക്ഷപ്പെടുത്തുന്നതിനും പരിക്കേറ്റവർക്കും ദുരിതമനുഭവിക്കുന്നവർക്കും അടിയന്തര സഹായം എത്തിക്കുന്നതിനുമായി പ്രവർത്തിക്കുന്ന സന്നദ്ധസേവകരുൾപ്പെടെയുള്ള എല്ലാവർക്കും പരിശുദ്ധ പിതാവ് നന്ദി രേഖപ്പെടുത്തി.

കൊളംബിയയിൽ ഉണ്ടായ ഈ ശക്തമായ ഭൂചലനത്തിൽ വേദന അനുഭവിക്കുന്ന ജനതയ്ക്ക് തന്റെ പ്രാർത്ഥനകളും സാമീപ്യവും വാഗ്ദാനം ചെയ്തു കൊണ്ട്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ ഒപ്പോടുകൂടി പാപ്പാ കഴിഞ്ഞ ദിവസം ടെലെഗ്രാം സന്ദേശം അയച്ചിരുന്നു.

റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഈ ദുരന്തത്തിൽ ഇരുനൂറോളം പേർ മരണമടഞ്ഞതായാണ് കണക്കാക്കുന്നത്. നൂറുകണക്കിന് ആളുകളെ ഇനിയും കണ്ടെത്തിയിട്ടില്ല. ചോക്കോ പ്രവിശ്യയിലെ സാൻ ഹോസെ ദെൽ പാൽമർ പ്രഭവകേന്ദ്രമായുണ്ടായ ഈ ഭൂചലനത്തിന്റെ പ്രകമ്പനം, ബൊഗോത്ത, കാലി, മെഡെലിൻ തുടങ്ങിയ പ്രധാന നഗരങ്ങളിലും അയൽരാജ്യങ്ങളായ എക്വദോർ, പനാമ, വെനസ്വേല എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

12 ഓഗസ്റ്റ് 2026, 12:57