യുവജനതയ്ക്ക് നവോന്മേഷം പകരുവാൻ പാപ്പായുടെ അസീസി സന്ദർശനം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പരിശുദ്ധ പിതാവിന്റെ അസീസി സന്ദർശനം, യഥാർത്ഥത്തിൽ ദൈവത്തിന്റെ വലിയ ദാനമാണെന്നും, ഇത് യുവജനങ്ങൾക്ക് നവന്മേഷം പകരുന്ന നിമിഷങ്ങൾ സമ്മാനിക്കുമെന്നും, എടുത്തു പറഞ്ഞുകൊണ്ട്, പ്രാദേശിക രൂപതാ മെത്രാൻ മോൺസിഞ്ഞോർ ഫെലിച്ചേ അക്രൊക്ക, പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്തു. 'ഗോ! ഫ്രാൻസിസ്കൻ യുവജന സമ്മേളനത്തിന്റെ' സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ്മാസം ആറാം തീയതിയാണ്, ലിയോ പതിനാലാമൻ പാപ്പാ അസീസി സന്ദർശിക്കുന്നതും, യുവജന സമ്മേളനത്തിൽ സംബന്ധിക്കുന്നതും, അവർക്കൊപ്പം വിശുദ്ധ ബലിയർപ്പിച്ചു പ്രാർത്ഥിക്കുന്നതും.
അസീസി നഗരത്തിന്റെ പുതിയമെത്രാനായ താൻ ആദ്യമായാണ് പരിശുദ്ധ പിതാവിനെ സ്വീകരിക്കുന്നതെന്നും ലോകമെമ്പാടുമുള്ള യുവാക്കളെ ഒരുമിച്ച് കൂട്ടാൻ വിശുദ്ധ ഫ്രാൻസിസിനുള്ള കഴിവും, അവരെ നേരിട്ട് കാണുവാനുള്ള പാപ്പായുടെ ആഗ്രഹവും അസീസിയെ ലോകത്തിന്റെ കേന്ദ്രമാക്കി മാറ്റുകയാണെന്നും മോൺസിഞ്ഞോർ ഫെലിച്ചേ പറഞ്ഞു.
ഈ സന്ദർശനം വലിയ സന്തോഷത്തോടും പങ്കാളിത്തത്തോടും കൂടി ആഘോഷിക്കേണ്ട നിമിഷമാണെന്നും ഇങ്ങനെയൊരു പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നതിലെ ഉത്തരവാദിത്തം സഭ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശുദ്ധ പിതാവിനെ പോലെ യുവാക്കൾ ഒത്തുകൂടുന്ന ഇടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും, അവരുടെ ഭാഷയിൽ അവരോട് സംസാരിക്കാനും ഈ സന്ദർശനം തങ്ങളെ പ്രേരിപ്പിക്കണമെന്നും, ലിയോ പതിനാലാമൻ പാപ്പാ കാണിച്ചുതരുന്ന മാതൃക പിന്തുടരാനും ഏവരോടും അദ്ദേഹം ആഹ്വാനം ചെയ്തു.
വ്യാഴാഴ്ച രാവിലെ 8.30-ന് മിഗാഗെല്ലി സ്പോർട്സ് മൈതാനത്ത് എത്തുന്ന പാപ്പായെ, മെത്രാനൊപ്പം, കേന്ദ്രമന്ത്രിതല പ്രതിനിധികളും പ്രാദേശിക ഭരണാധികാരികളും ചേർന്ന് സ്വീകരിക്കും. അതിനുശേഷം സാന്താ മരിയ ദേല്ലി ആഞ്ചെലി ബസിലിക്കയിൽ എത്തുന്ന അദ്ദേഹത്തെ വിവിധ ഫ്രാൻസിസ്കൻ സഭകളുടെ തലവന്മാർ സ്വീകരിക്കുകയും തുടർന്ന് 8.45-ന് ബസിലിക്കയുടെ മുൻപിൽ വെച്ച് അദ്ദേഹം യുവാക്കളുമായി സംവദിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.
സന്ദർശനത്തിന്റെ ഭാഗമായി രാവിലെ 9.15-ന് ഫ്രാൻസിസ്കൻ സഭാ പ്രതിനിധികളെയും മെത്രാന്മാരെയും സന്ദർശിക്കുന്ന പാപ്പാ, 10.30-ന് ബസിലിക്കയ്ക്കുള്ളിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും സന്ദേശം നൽകുകയും ചെയ്യും. ചടങ്ങുകൾക്ക് യുവാക്കളിൽ ഒരാളുടെ നന്ദി പ്രകടനവും, തുടർന്ന് 12 മണിയോടെ ഔദ്യോഗിക യാത്രയയപ്പും നടക്കും. 12.45-ഓടെ വത്തിക്കാനിൽ അദ്ദേഹം തിരിച്ചെത്തുന്നതോടെ ഈ സന്ദർശനത്തിന് സമാപനമാകും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
