പലസ്തീൻ പൗരന്മാർക്കെതിരായ അക്രമം അവസാനിപ്പിക്കുക: പാപ്പാ
വത്തിക്കാൻ ന്യൂസ്
മധ്യപൂർവേഷ്യയിൽ പ്രത്യേകിച്ചും, വെസ്റ്റ് ബാങ്കിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെക്കുറിച്ച്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ആശങ്ക രേഖപ്പെടുത്തി. ഓഗസ്റ്റ് മാസം പതിനാറാം തീയതി നടത്തിയ മധ്യാഹ്‌ന പ്രാർത്ഥനാ വേളയിലാണ്, അക്രമം അവസാനിപ്പിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ സംസാരിച്ചത്. പാപ്പായുടെ വാക്കുകൾ ഇപ്രകാരമായിരുന്നു:
"വെസ്റ്റ് ബാങ്കിലെ പലസ്തീൻ പൗരന്മാർക്കെതിരായ ആവർത്തിച്ചുള്ള അക്രമങ്ങൾ അവസാനിപ്പിക്കുവാൻ ഒരിക്കൽക്കൂടി ഞാൻ അഭ്യർത്ഥിക്കുന്നു. നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനായുള്ള ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകാൻ അന്താരാഷ്ട്ര സമൂഹത്തോട് അടിയന്തിര പ്രധാന്യത്തോടെ ആഹ്വാനം ചെയ്യുന്നു. "
പലസ്തീൻ സംസ്ഥാനത്തെ വെസ്റ്റ് ബാങ്കിലെ നബ്ലസിനടുത്തുള്ള ഖുസ്ര എന്ന ഗ്രാമത്തിൽ ഇസ്രായേൽ കുടിയേറ്റക്കാർ, പലസ്തീൻ പൗരന്മാർക്കെതിരെയാണ് ആക്രമണം നടത്തുന്നത്. മനുഷ്യാവകാശ സംഘടനകളുടെ അഭിപ്രായത്തിൽ, കൂടുതൽ ഭൂമി പിടിച്ചെടുക്കാൻ തീവ്രവാദ കുടിയേറ്റക്കാർ സംഘടിത ശ്രമം നടത്തുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ജൂൺ അവസാനത്തോടെ, 2026-ൽ കുടിയേറ്റക്കാരുടെ അക്രമം കാരണം വെസ്റ്റ് ബാങ്കിൽ ഏകദേശം 2,200 പലസ്തീനികളാണ് കുടിയിറക്കപ്പെട്ടത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
