യുദ്ധം തീരാവേദനകളിലേക്ക് നയിക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഉക്രൈനിലും റഷ്യയിലും തുടരുന്ന രൂക്ഷമായ പോരാട്ടങ്ങളിൽ നിരപരാധികളായ സാധാരണക്കാരും കുട്ടികളും കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ ലിയോ പതിനാലാമൻ പാപ്പാ അതീവ ദുഃഖം രേഖപ്പെടുത്തി. അനുദിനം വർദ്ധിച്ചുവരുന്ന ഈ ദാരുണമായ സംഭവങ്ങൾ നിരവധി കുടുംബങ്ങളെ അനാഥത്വത്തിലേക്കും തള്ളിവിട്ടിട്ടുണ്ട്. ദുരന്തത്തിന് ഇരകളായവരോടും, പരിക്കേറ്റവരോടും, യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന എല്ലാവരോടും തന്റെ ആത്മീയ സാമീപ്യവും, പ്രാർത്ഥനകളും പാപ്പാ അറിയിച്ചു. ഓഗസ്റ്റ് മാസം ഒൻപതാം തീയതി, വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പാ ഇക്കാര്യങ്ങൾ എടുത്തുപറഞ്ഞത്.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഇരുപക്ഷവും സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും പാപ്പാ ശക്തമായി ആവശ്യപ്പെട്ടു. ഇത്തരം ആക്രമണങ്ങൾ മനുഷ്യത്വരഹിതമാണെന്നും സമാധാനത്തിനുള്ള എല്ലാ വഴികളും അടയ്ക്കുന്നതാണെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. യുദ്ധമുഖത്ത് നിസ്സഹായരായ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും പാപ്പാ തന്റെ ആഹ്വാനത്തിൽ ആവർത്തിച്ചു വ്യക്തമാക്കി.
യുദ്ധം കൂടുതൽ യുദ്ധങ്ങളിലേക്കും തീരാത്ത വേദനകളിലേക്കും മാത്രമേ നയിക്കുകയുള്ളൂവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അക്രമത്തിന്റെ ഈ സർപ്പിളയാഥാർഥ്യം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും, ആയുധങ്ങൾ താഴെവെച്ച് നയതന്ത്ര പ്രവർത്തനത്തിനും, ചർച്ചകൾക്കും വഴിയൊരുക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
