യേശുവിന്റെ സാന്നിധ്യം സകലതിനെയും നവീകരിക്കുന്നു: പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ, ഓഗസ്റ്റ് മാസം ഒൻപതാം തീയതി, വത്തിക്കാൻ ചത്വരത്തിൽ വച്ച് ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ.
പാപ്പായുടെ സന്ദേശം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പതിവുപോലെ ഈ ഞായറാഴ്ചയും ലിയോ പതിനാലാമൻ  പാപ്പാ വത്തിക്കാനിൽ, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഉഷ്ണം അതിശക്തമായിരുന്നെങ്കിലും ഈ പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിലും ചത്വരസീമയിലുള്ള സ്തംഭാവലിക്കിടയിലും പരിസരത്തുമായി സന്നിഹിതരായിരുന്നു. സൂര്യാംശുക്കളിൽ നിന്ന് രക്ഷനേടുന്നതിന് പലരും കുടകൾ ചൂടുകയും തൊപ്പിയണിയുകയും ചെയ്തിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും പാപ്പായ്ക്ക് അഭിവാദ്യമർപ്പിച്ചു.

 റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (09/08/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാലാം  അദ്ധ്യായം, 22-33 വരെയുള്ള വാക്യങ്ങൾ,  അതായത്, കൊടുങ്കാറ്റിനെ ശമിപ്പിച്ചു കൊണ്ട്,  ശിഷ്യരുടെ അടുത്തേക്ക് കടന്നു ചെല്ലുന്ന യേശുവിനെയും, തുടർന്ന്, വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് കടക്കുവാൻ അവരെ ക്ഷണിക്കുന്നതുമായ  സുവിശേഷസംഭവം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രിയ  സഹോദരന്മാരെ,സഹോദരിമാരെ, ഏവർക്കും ശുഭ ഞായർ!

ഇന്നത്തെ സുവിശേഷം, ഗലീലി കടലിൽ വെച്ച്, കൊടുങ്കാറ്റടിക്കുന്ന വേളയിൽ,  വെള്ളത്തിന് മീതെ നടന്ന് ശിഷ്യന്മാരുടെ അടുത്തെത്തുന്ന യേശുവിനെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു (മത്തായി 14:22-33).

അപ്പത്തിന്റെയും മീനിന്റെയും അത്ഭുതത്തിന് ശേഷം (മത്തായി 14:13-21), തന്റെ ശിഷ്യന്മാരോട് വഞ്ചിയിൽ കയറി മറുകരയ്ക്ക് പോകാൻ കർത്താവ് ആവശ്യപ്പെടുകയും, ശേഷം അവിടുന്ന് ഏകാന്തമായി  പ്രാർത്ഥിക്കുവാൻ വേണ്ടി  മലമുകളിലേക്ക് പിൻവാങ്ങുകയും ചെയ്യുന്നു. എന്നാൽ, തീരത്ത് നിന്ന് അകന്നപ്പോൾ അവർ കാറ്റിൽ അകപ്പെടുകയും,  മുന്നോട്ട് പോകാൻ ബുദ്ധിമുട്ടുകയും ചെയ്തു. അത്ഭുതകരമായ ഒരു അടയാളത്തിന് സാക്ഷ്യം വഹിച്ച, വിജയകരമായ ഒരു അനുഭവത്തിന് ശേഷം, ഇപ്പോൾ തിരമാലകളുടെയും, എതിരെ വീശുന്ന കാറ്റിന്റെയും ഭീഷണിക്ക് മുന്നിൽ അവർ നിസ്സഹായരും ഭയചകിതരുമായി മാറുന്നു.

രാത്രിയുടെ അവസാന യാമത്തിൽ, പ്രക്ഷുബ്ധമായ കടലിനു മുകളിലൂടെ യേശു അവരുടെ അടുത്തേക്ക് വരുന്നു. പേടിച്ചുപോയ അവർ അതൊരു ഭൂതമാണെന്ന് തെറ്റിദ്ധരിക്കുന്നു (വാക്യം 26). എന്നാൽ അവിടുന്ന് അവരോട് പറയുന്നു: "ധൈര്യമായിരിക്കുവിൻ, ഞാനാണ്; ഭയപ്പെടേണ്ട!" (വാക്യം 27). കർത്താവിന്റെ സാന്നിധ്യം എല്ലാറ്റിനെയും മാറ്റിമറിക്കുന്നു.  പത്രോസ് തിരമാലകൾക്ക് മുകളിലൂടെ അവിടുത്തെ അടുത്തേക്ക് കുറച്ച് ചുവടുകൾ നടക്കാൻ പോലും ശ്രമിക്കുന്നു; എന്നാൽ അവൻ ഭയപ്പെട്ട് മുങ്ങിത്താഴുവാൻ തുടങ്ങുമ്പോൾ യേശു അവനെ രക്ഷിക്കുന്നു. എന്നാൽ ഗുരു വഞ്ചിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ, കൊടുങ്കാറ്റു ശമിക്കുന്നു. അപ്പോൾ ശിഷ്യന്മാരുടെ ഹൃദയത്തിൽ നിന്ന് ആ വിശ്വാസപ്രഖ്യാപനം സ്വയമേവ ഉയർന്നു വന്നു: "സത്യമായും നീ ദൈവപുത്രനാണ്!" (വാക്യം 33).

ഈ ഒരു വിശ്വാസപ്രഖ്യാപനത്തിലേക്ക് എത്തിച്ചേരുന്നതിനു എന്നാൽ, ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ചതോ ജനങ്ങൾക്കിടയിൽ വിജയം നേടിയതോ മാത്രം മതിയായിരുന്നില്ല: മറിച്ച്, അവർക്ക് സ്വന്തം ബലഹീനതയിലൂടെ കടന്നുപോകേണ്ടി വന്നു, അതിൽ ദൈവസാന്നിധ്യം തിരിച്ചറിയേണ്ടി വന്നു. അപ്രകാരമാണ്, അവർക്ക് അവിടുത്തെ സാമീപ്യത്തിലേക്ക് തങ്ങളുടെ കണ്ണുകളും ഹൃദയങ്ങളും സത്യസന്ധമായി തുറക്കാനും, കൊടുങ്കാറ്റിനിടയിലും സമാധാനം കണ്ടെത്താനും സാധിച്ചത്.

പിന്നീടൊരിക്കൽ യേശു അവരോട് പറഞ്ഞു: "നിങ്ങൾക്ക് വിശ്വാസമുണ്ടാവുകയും സംശയിക്കാതിരിക്കുകയും ചെയ്താൽ [...], ഈ മലയോട്, "ഇവിടുന്ന് മാറി കടലിൽ വീഴുക" എന്ന് പറഞ്ഞാൽ അത് സംഭവിക്കും" (മത്തായി 21:21). ഇത് തന്നെയാണ് അവർ ആ തടാകത്തിൽ അനുഭവിച്ചറിഞ്ഞത്: മലമുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന ക്രിസ്തുവിന്റെ സമാധാനം, ആർത്തലയ്ക്കുന്ന തിരമാലകൾക്കിടയിൽ അവരുടെ അടുത്തെത്തി.

ഈ അത്ഭുതം നമ്മെ ഒരു പ്രധാന കാര്യം പഠിപ്പിക്കുന്നു: ഒന്നാമതായി, വിജയത്തിൽ അമിതമായി അഹങ്കരിക്കാതിരിക്കാനും നമ്മെക്കുറിച്ച് തന്നെ വലിയ ഭാവം പുലർത്താതിരിക്കാനും; അതേസമയം, ഇരുളടഞ്ഞ നിമിഷങ്ങളിൽ പോലും നിരാശപ്പെടാതിരിക്കാനും ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.  പ്രശ്നങ്ങൾക്ക് മുന്നിൽ നാം നിസ്സഹായരാണെന്ന് തോന്നുമ്പോഴും, നമ്മുടെ പരിശ്രമങ്ങൾക്കിടയിലും നാം മുന്നോട്ടല്ല പിന്നോട്ടാണ് പോകുന്നതെന്ന് തോന്നുമ്പോഴും നിരാശപ്പെടരുത്. ഏത് സാഹചര്യത്തിലും യേശു നമ്മെ ഉപേക്ഷിക്കുന്നില്ല. പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും അവിടുത്തെ വചനം ശ്രവിക്കുന്നതിലൂടെയും നമ്മുടെ ജീവിതമാകുന്ന വഞ്ചിയിലേക്ക് നാം വിനയത്തോടെ അവിടുത്തെ സ്വീകരിച്ചാൽ, അവിടുത്തെ സാന്നിധ്യത്തിൽ നമുക്ക് സമാധാനവും വെളിച്ചവും നമ്മുടെ യാത്രയ്ക്ക് കരുത്തും ലഭിക്കും.

തന്റെ വിശ്വാസത്താൽ ഭാഗ്യവതി എന്ന് വിളിക്കപ്പെട്ട മറിയം (ലൂക്കാ 1:45), ദൈവത്തിലുള്ള ഈ ആത്മവിശ്വാസത്തോടെ ജീവിക്കാൻ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

തുടർന്ന് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടമാടുന്ന യുദ്ധത്തിന്റെ ഭീകരത ചൂണ്ടിക്കാണിച്ചുകൊണ്ട്, പ്രാർത്ഥിക്കുവാൻ ഏവരെയും ക്ഷണിച്ചു. പ്രാർത്ഥനാഭ്യർത്ഥനകൾക്ക് ശേഷം, പാപ്പാ ഏവരെയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

10 ഓഗസ്റ്റ് 2026, 12:48