തിരയുക

മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പാപ്പാ മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പാപ്പാ   (ANSA)

മനുഷ്യകുലത്തിന്റെ പ്രത്യാശയുടെ അടയാളമാണ് മാതാവിന്റെ സ്വർഗ്ഗാരോപണം: പാപ്പാ

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഗോള കത്തോലിക്കാ സഭ ആഘോഷിക്കുന്ന ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി, കസ്തേൽ ഗന്തോൾഫോയിലെ ചത്വരത്തിൽ വച്ച്, മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്

ദൈവശാസ്ത്രപരമായും വിശ്വാസികളുടെ പ്രായോഗിക ജീവിതത്തിലും ഏറെ പ്രാധാന്യമുള്ള മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ,  മനുഷ്യരാശിയുടെ അന്തിമ ലക്ഷ്യമായ നിത്യജീവനിലേക്കുള്ള വാതിൽ തുറക്കുന്ന ഒന്നാണെന്ന് എടുത്തു പറഞ്ഞു കൊണ്ട്, ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി,  കസ്തേൽ ഗന്തോൾഫോയിലെ ചത്വരത്തിൽ വച്ച്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, മധ്യാഹ്ന പ്രാർത്ഥന നയിക്കുകയും, സന്ദേശം നൽകുകയും ചെയ്തു.

ഈ വിശ്വാസരഹസ്യത്തെ ആഴത്തിൽ മനസ്സിലാക്കാൻ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന രണ്ട് ചിത്രകലാരീതികളെയാണ് (Iconography) പാപ്പാ സന്ദേശത്തിനു ആധാരമാക്കിയത്. ആദ്യത്തേതായ "മറിയത്തിന്റെ നിദ്ര" (Dormition) എന്ന പുരാതന രീതിയിൽ, മറിയം മരണനിദ്രയിൽ അന്ത്യവിശ്രമം കൊള്ളുന്നതായും ഉത്ഥിതനായ യേശു അവളുടെ ആത്മാവിനെ ഒരു കുഞ്ഞിനെയെന്നപോലെ കൈകളിൽ ഏന്തുന്നതായും ചിത്രീകരിച്ചിരിക്കുന്നു . ദൈവമഹത്വത്തിലേക്ക് അഥവാ നാം പ്രതീകാത്മകമായി പറയുന്ന "സ്വർഗ്ഗത്തിലേക്ക്" അവളെ കൊണ്ടുപോകാൻ മകനായ യേശു കടന്നുവന്നിരിക്കുന്നുവെന്നു ഈ ചിത്രം വിശദീകരിക്കുന്നുവെന്നും, ക്രിസ്തുവാണ് നമ്മെ ഓരോരുത്തരെയും നിത്യജീവനിലേക്ക് നയിക്കുന്നത് എന്ന യാഥാർഥ്യം ഇത് വെളിപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു.

രണ്ടാമത്തെ മാതൃകയായി പാശ്ചാത്യ ശൈലിയിലുള്ള സ്വർഗ്ഗാരോപണ ചിത്രങ്ങളെയാണ് പാപ്പാ ചൂണ്ടിക്കാട്ടിയത്. വെളിപാട് പുസ്തകത്തിലെ സൂര്യനെ ഉടയാടയാക്കിയ സ്ത്രീയെപ്പോലെ, മാലാഖമാരാൽ ചുറ്റപ്പെട്ട് മഹത്വത്തിന്റെ പ്രകാശത്തിൽ നിൽക്കുന്ന മറിയത്തിന്റെ രൂപമാണിത്. ആത്മാവോടും ശരീരത്തോടും കൂടി മറിയം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന സഭയുടെ വിശ്വാസസത്യത്തെയാണ് ഈ ചിത്രങ്ങൾ ഉയർത്തിക്കാട്ടുന്നത്. തന്റെ ജീവിതം മുഴുവൻ ദൈവഹിതത്തിനായി സമർപ്പിച്ച മറിയത്തെ ദൈവം അവിടുത്തെ മഹിമയിലേക്ക് സ്വീകരിച്ചു എന്നതാണ് ഇതിന്റെ സാരമെന്നും പാപ്പാ എടുത്തു പറഞ്ഞു.

ഭൂമിയിൽ ദൈവവചനത്തിന് ശരീരവും രക്തവും നൽകി ക്രിസ്തുവിനെ പൂർണ്ണമായി അനുഗമിച്ച മറിയം, ശരീരത്തോടെ തന്നെ സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ടത് അവളുടെ സ്നേഹബലിക്കുള്ള ദൈവത്തിന്റെ പ്രതിഫലമാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. കാലത്തിന്റെ അവസാനത്തിൽ നമ്മുടെ നശ്വരമായ ശരീരങ്ങൾ ക്രിസ്തുവിന്റെ മഹിമയുള്ള ശരീരത്തിന് അനുരൂപമായി രൂപാന്തരപ്പെടുമെന്ന വലിയ പ്രത്യാശയാണ് ഈ തിരുനാൾ ഏവർക്കും നൽകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

15 ഓഗസ്റ്റ് 2026, 13:47