നോർവേയിലെ ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ നിര്യാണത്തിൽ പാപ്പാ അനുശോചനം രേഖപ്പെടുത്തി
വത്തിക്കാൻ ന്യൂസ്
കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷങ്ങളായി, നോർവീജിയൻ സിംഹാസനത്തിന്റെ അവകാശിയായിരുന്ന, ഹരാൾഡ് അഞ്ചാമൻ രാജാവ്, തന്റെ 89 മത്തെ വയസിൽ, കാലം ചെയ്തു. തദവസരത്തിൽ, നോർവേയിലെ ജനങ്ങൾക്കും രാജകുടുംബത്തിനുമുള്ള തന്റെ പ്രാർത്ഥനയും അനുശോചനവും അറിയിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ ടെലിഗ്രാം സന്ദേശം അയച്ചു. രാജ്യത്തിന് വേണ്ടി അദ്ദേഹം നൽകിയ ദീർഘകാല സേവനത്തെ പാപ്പാ കൃതജ്ഞതയോടെ അനുസ്മരിച്ചു.
1991 ജനുവരി 17-നാണ് ഹരാൾഡ് അഞ്ചാമൻ നോർവേയുടെ ഭരണാധികാരിയായി ചുമതലയേറ്റത്. തന്റെ പിതാവായ ഒലാവ് അഞ്ചാമന്റെ മരണത്തെത്തുടർന്നായിരുന്നു ഇത്. യൂറോപ്പിലെ ഏറ്റവും പ്രായം കൂടിയ രാജാവായിരുന്ന അദ്ദേഹം 35 വർഷത്തിലേറെ രാജ്യത്തെ നയിച്ചു. ഈ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കും ദൈവം ആശ്വാസവും സമാധാനവും നൽകട്ടെ എന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ആശംസിച്ചു.
രക്തസംബന്ധമായ അസുഖങ്ങളെത്തുടർന്ന് (hemolytic anemia) ഓഗസ്റ്റ് 17 മുതൽ ഓസ്ലോയിലെ നാഷണൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു രാജാവ്. ചികിത്സയിലിരിക്കെ ഉണ്ടായ ബാക്ടീരിയൽ അണുബാധ ആരോഗ്യനില വഷളാക്കിയതാണ് മരണത്തിന് കാരണമായത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
