പൗരസ്ത്യ കാനൻ നിയമത്തിൽ പുതിയ പരിഷ്‌കാരങ്ങൾ
വത്തിക്കാൻ ന്യൂസ്
ഓഗസ്റ്റ് മാസം ഇരുപത്തിയൊമ്പതാം തീയതി, ലിയോ പതിനാലാമൻ പാപ്പായുടെ മോത്തു പ്രോപ്രിയോ (Motu Proprio), " മൂത്തുവ കൊൻകോർദിയ" (Mutua Concordia) പ്രസിദ്ധീകരിച്ചു. ഇതിലൂടെ പൗരസ്ത്യ സഭകളുടെ കാനോൻ നിയമത്തിലെ 106 മറ്റും 126 കാനോനുകൾ ഭേദഗതി ചെയ്തു. പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്നതിനുള്ള ശരിയായ ഇടം മെത്രാൻ സിനഡാണെന്നും ഇത് സഭയുടെ സഹവർത്തിത്വ സ്വഭാവത്തെ (colegiality) വെളിപ്പെടുത്തുന്നുവെന്നും ഇവിടെ ചൂണ്ടിക്കാട്ടുന്നു. ഇത് കേവലം ഒരു നിയമമാറ്റമല്ല, മറിച്ച് പൗരസ്ത്യ സഭകളുടെ സിനഡൽ പാരമ്പര്യത്തിന്റെയും സഭാനടത്തിപ്പിലെ അവരുടെ പൊതുവായ ഉത്തരവാദിത്തത്തിന്റെയും ആഴം വർദ്ധിപ്പിക്കലാണ്.
പാത്രിയർക്കീസും മറ്റ് മെത്രാന്മാരും തമ്മിലുള്ള കൂട്ടായ്മയ്ക്ക് ഗുരുതരമായ തടസ്സം നേരിടുന്ന സാഹചര്യങ്ങളിൽ ചില സംവിധാനങ്ങൾ ഈ നിയമ പരിഷ്കരണത്തിൽ ഉൾപ്പെടുന്നു. പാത്രിയർക്കീസ്, സിനഡിന്റെ വെറുമൊരു അധ്യക്ഷൻ മാത്രമല്ല, മറിച്ച് 'ഒന്നാമൻ' ആണെങ്കിലും, സിനഡുമായുള്ള കൂട്ടായ്മയിൽ നിന്ന് വേറിട്ട് അദ്ദേഹത്തിന്റെ ശുശ്രൂഷയെ മനസ്സിലാക്കാനാവില്ല. അടിയന്തര സാഹചര്യങ്ങളിൽ ഈ ബന്ധം ഗുരുതരമായി തകർന്നാൽ, പാത്രിയർക്കീസിനോട് വിശദീകരണം ചോദിക്കാനും ആവശ്യമെങ്കിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനും സിനഡിന് അധികാരം ഉണ്ടായിരിക്കും.
പാത്രിയർക്കീസിനെ നീക്കം ചെയ്യുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങളാണ് പുതിയ മാറ്റങ്ങളിൽ ഒന്ന്. 126-ാം കാനോനിലെ പുതിയ 4-ാം ഖണ്ഡിക പ്രകാരം, ഗുരുതരമായ കാരണത്താൽ സിനഡ് ആവശ്യപ്പെട്ട രാജിക്കത്ത് പാത്രിയർക്കീസ് സ്വീകരിച്ചില്ലെങ്കിൽ, വോട്ടവകാശമുള്ള ഏറ്റവും മുതിർന്ന മെത്രാൻ പുതിയ സിനഡ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകണം. തുടർന്ന് രഹസ്യ വോട്ടിംഗിലൂടെ സിനഡ് നീക്കം ചെയ്യൽ പ്രക്രിയ നടത്തണം; ഇതിനായി വോട്ടവകാശമുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ട് വോട്ട് ആവശ്യമാണ്. പാത്രിയർക്കീസിന് സിനഡിന് മുന്നിൽ സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണ അവകാശമുണ്ടാകും, എന്നാൽ അന്തിമ തീരുമാനം പാപ്പായുടെ അംഗീകാരത്തിന് (assent) വിധേയമായിരിക്കും.
സിനഡ് വിളിച്ചുകൂട്ടുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രധാന ഭേദഗതി. പാത്രിയർക്കീസ് സിനഡ് വിളിച്ചുകൂട്ടുന്നതിൽ പരാജയപ്പെട്ടാൽ, വോട്ടവകാശമുള്ള ഏറ്റവും മുതിർന്ന മെത്രാന് സിനഡ് നിയമാനുസൃതമായി വിളിച്ചുകൂട്ടാൻ 106-ാം കാനോനിലെ പുതിയ 3-ാം ഖണ്ഡിക അനുവാദം നൽകുന്നു. സിനഡിന്റെ പ്രവർത്തനം പാത്രിയർക്കീസിന്റെ വീഴ്ച മൂലം തടസ്സപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം.
"മൂത്തുവ കൊൻകോർദിയ" (Mutua Concordia) യിലൂടെ പൗരസ്ത്യ പാത്രിയർക്കൽ സഭകളുടെ ആഭ്യന്തര സ്വയംഭരണാധികാരത്തിന് വ്യക്തമായ നിയമപരിരക്ഷ നൽകാനാണ് പാപ്പാ ശ്രമിക്കുന്നത്. ഈ പരിഷ്കരണങ്ങൾ, അവയുടെ സ്വഭാവമനുസരിച്ച്, മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭകൾക്കും ബാധകമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
