തിരയുക

അപകടത്തിൽപ്പെട്ട ബസ് അപകടത്തിൽപ്പെട്ട ബസ് 

ബസപകടത്തിൽ മരണമടഞ്ഞ പോളണ്ടുകാരായ തീർത്ഥാടകർക്കായി പ്രാർത്ഥനകളോടെ ലിയോ പതിനാലാമൻ പാപ്പാ

ഓഗസ്റ്റ് 16 രാവിലെ ഹംഗറിയിലുണ്ടായ ബസപകടത്തിൽ പോളണ്ടുകാരായ 12 തീർത്ഥാടകർ മരണമടഞ്ഞു. 10 പേർക്ക് ഗുരുതര പരിക്ക്. മെഡ്‌ജുഗോറിയയിൽനിന്ന് മടങ്ങിയ ഈ തീർത്ഥാടകരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഹംഗറിയിലുണ്ടായ ബസപടത്തിൽ മരണമടഞ്ഞ തീർത്ഥാടകർക്കായി പ്രാർത്ഥിച്ചും, അവരുടെ ബന്ധുമിത്രാദികൾക്ക് അനുശോചനമറിയിച്ചും ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ ഒപ്പിട്ട്, അപകടത്തിൽപ്പെട്ടവരുടെ രൂപതാദ്ധ്യക്ഷന്മാർക്കയച്ച സന്ദേശത്തിലൂടെയാണ് പരിശുദ്ധ പിതാവ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും, ഇരകൾക്ക് പ്രാർത്ഥനകൾ ഉറപ്പു നൽകുകയും ചെയ്തത്.

മെഡ്‌ജുഗോറിയയിൽനിന്ന് (Medjugorje) മടങ്ങുകയായിരുന്ന ഈ ബസ്, ഓഗസ്റ്റ് 16-ന് രാവിലെ ബുഡാപെസ്റ്റിന് കിഴക്ക് ഏകദേശം 140 കിലോമീറ്റർ അകലെയുള്ള മെസോകെറെഷ്‌തെസ് (Mezokeresztes) പ്രദേശത്തെ M3 ഹൈവേയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 12 പേർ മരണമടയുകയും 10 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടസമയത്ത് ബേസിൽ 59 പേരുണ്ടായിരുന്നു.

അപകടത്തിൽ മരിച്ചവരെ ദൈവത്തിന്റെ കരുണയ്ക്ക് സമർപ്പിക്കുന്നതായി അറിയിച്ച പരിശുദ്ധ പിതാവ്, ദുഃഖത്തിലായ കുടുംബങ്ങൾക്ക് തന്റെ പ്രാർത്ഥനകൾ ആശംസിക്കുകയും, പോളണ്ടിലെ പ്രധാന മരിയൻ തീർഥാടന കേന്ദ്രമായ ചെൻസ്റ്റൊഖോവയിലെ (Częstochowa) പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം നേരുകയും ചെയ്തു..

അപകടകാരണം സംബന്ധിച്ച വിശദവിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ഈ ദാരുണ ദുരന്തത്തിൽ പോളണ്ടിലെയും ഹംഗറിയിലെയും മെത്രാൻസമിതികൾ അനുശോചനമറിയിച്ചിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

19 ഓഗസ്റ്റ് 2026, 13:46