ത്രികാല ജപത്തിനായി പാപ്പാ എത്തുന്നു ത്രികാല ജപത്തിനായി പാപ്പാ എത്തുന്നു   (vincenzo livieri)

ദുരിതം അനുഭവിക്കുന്നവർക്ക് തന്റെ സാന്ത്വനവും, പ്രാർത്ഥനകളും ഉറപ്പു നൽകി ലിയോ പതിനാലാമൻ പാപ്പാ

ഓഗസ്റ്റ് മാസം മുപ്പതാം തീയതി ഞായറാഴ്ച്ച, ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം, ലിയോ പതിനാലാമൻ പാപ്പാ, നേപ്പാൾ ദുരന്തത്തിൽ ഇരകളായവർക്കും, യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്നവർക്കും, തന്റെ പ്രാർത്ഥനകൾ അറിയിക്കുകയും, സെപ്റ്റംബർ മാസം ഒന്നാം തീയതി ആഘോഷിക്കുന്ന, സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, നിലനിൽക്കുന്ന പ്രകൃതി ക്ഷോഭങ്ങളുടെയും, യുദ്ധത്തിന്റെയും ഇരകളായവർക്കു, തന്റെ സാമീപ്യവും, പ്രാർത്ഥനകളും, ഒപ്പം സെപ്റ്റംബർ മാസം ഒന്നാം തീയതി ആഘോഷിക്കുന്ന,സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനം, വ്യക്തി ജീവിതത്തിൽ നൽകുന്ന ഉത്തരവാദിത്തവും ഓർമ്മപ്പെടുത്തിക്കൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, ഓഗസ്റ്റ് മാസം മുപ്പതാം തീയതി ഞായറാഴ്ച്ച, ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം, സംസാരിച്ചു.

നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭയാനകമായ വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും, പരിക്കേറ്റവർക്കും, കാണാതായവർക്കും, അവരുടെ കുടുംബങ്ങൾക്കും, രക്ഷാപ്രവർത്തകർക്കുമായി നമുക്ക് പ്രാർത്ഥിക്കാമെന്നു പാപ്പാ ആഹ്വാനം ചെയ്തു. എല്ലാവരുടെയും കരുതലും സന്നദ്ധതയും ദുരിതങ്ങൾ ലഘൂകരിക്കാനും ആവശ്യമായ സഹായങ്ങൾ അവർക്ക് ലഭിക്കുന്നതിനും ഇടയാകട്ടെയെന്നു പാപ്പാ ആശംസിച്ചു. കഴിഞ്ഞ ദിവസം പാപ്പായും, നേപ്പാളിലേക്ക് തന്റെ സാമ്പത്തിക സഹായം കൈമാറിയിരുന്നു.

തുടർന്ന്, സമാധാനം സംസ്ഥാപിക്കപ്പെടുന്നതിനു പ്രാർത്ഥനകൾ തുടരുവാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. "ശിഷ്യന്മാർ മുറിച്ച് വിതരണം ചെയ്യുമ്പോൾ അവരുടെ കൈകളിൽ വർധിച്ചുകൊണ്ടിരുന്ന അത്ഭുതത്തിന്റെ അപ്പത്തോട് സദൃശമാണ് സമാധാനം" എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. വിഭജനങ്ങളെ അതിജീവിച്ചും, നീതിയെ പ്രോത്സാഹിപ്പിച്ചും, ക്ഷമ പ്രാവർത്തികമാക്കിയും, എല്ലാവരുടെയും നന്മയ്ക്കായി പ്രവർത്തിച്ചും, ലോകത്തിൽ ധൈര്യത്തോടെ സമാധാനത്തിന്റെ അപ്പം മുറിച്ച് വിതരണം ചെയ്യുന്നവരുടെ എണ്ണം വർധിക്കട്ടെയെന്നു പാപ്പാ ആശംസിക്കുകയും ചെയ്തു.

ശേഷം, സെപ്റ്റംബർ മാസം ഒന്നാം തീയതി ആഘോഷിക്കുന്ന, സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാർത്ഥനാദിനത്തിന്റെ  പ്രാധാന്യം അടിവരയിട്ടുകൊണ്ട്, പൊതുഭവനമായ ഈ ഭൂമിയെ സംരക്ഷിക്കുന്നതിന് ഹൃദയപരിവർത്തനം ആവശ്യമാണെന്നും, അതിനാൽ നാശം വിതയ്ക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെല്ലാം  ജീവൻ പരിപോഷിപ്പിക്കുന്നതിനായി വിനിയോഗിക്കപ്പെടണമെന്നു പാപ്പാ എടുത്തു പറഞ്ഞു. മുറിവേറ്റ നമ്മുടെ ലോകത്തെ പുതുജീവൻ പകരുന്ന, ദൈവത്തിന്റെ സമാധാനത്തിന്റെ ജീവജലത്തിന് വഴിയൊരുക്കുന്ന ചാലുകളായി മാറുവാൻ ഏവർക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

31 ഓഗസ്റ്റ് 2026, 12:01