തിരയുക

ഹൈറ്റിയിൽ നിന്നുള്ള കാഴ്ച്ച ഹൈറ്റിയിൽ നിന്നുള്ള കാഴ്ച്ച  

ഹൈറ്റിയിലെ കൂട്ടക്കൊലയെ അപലപിച്ച് പാപ്പാ

ഏറെ അരക്ഷിതാവസ്ഥകൾ നാളുകളായി തുടരുന്ന ഹൈറ്റിയിൽ, ഓഗസ്റ്റ് 23 നും 24 നും ഇടയിൽ, തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിന് പുറത്തുള്ള കുന്നുകളിലെ കെൻസ്കോഫിൽ, രാത്രിയിൽ നടന്ന അക്രമത്തിൽ 47 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലിയോ പതിനാലാമൻ പാപ്പാ ആക്രമണത്തെ അപലപിക്കുകയും, ഇരകളായവർക്കു വേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകുകയും ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്

ഓഗസ്റ്റ് മാസം മുപ്പതാം തീയതി, കസ്തൽ ഗന്ധോൾഫോയിലെ, ലിബർട്ടി ചത്വരത്തിൽ വച്ച്, വിശ്വാസികൾക്കായി നയിച്ച മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷം, കരീബിയൻ രാജ്യമായ ഹൈറ്റിയിൽ, കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കൂട്ടക്കൊലയെ പരാമർശിക്കുകയും, തന്റെ സാമീപ്യവും, പ്രാർത്ഥനകളും  ജനതയെ അറിയിക്കുകയും ചെയ്തു. തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിന് പുറത്തുള്ള കുന്നുകളിലെ കെൻസ്കോഫിലാണ്, ഓഗസ്റ്റ് 23 നും 24 നും ഇടയിൽ അക്രമം നടന്നത്. ആയുധധാരികളായ ഒരു സംഘം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 47 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്.

അക്രമികൾ വീടുകൾക്ക് തീയിടുകയും, സാധാരണക്കാരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് പള്ളിയിൽ അഭയം തേടിയവരിൽ, ഇരുപത്തിരണ്ടു പേരെയാണ്, കൊലചെയ്തത്. നിരവധി പേർക്ക് പരിക്കുകൾ ഏൽക്കുകയും ചെയ്തു. സംരക്ഷണവും സുരക്ഷയും നൽകേണ്ടിയിരുന്ന ദേവാലയം, കൂട്ടക്കൊലയുടെ ഇടമായി മാറ്റപ്പെട്ടുവെന്നതാണ് ഏറെ സങ്കടകരമായ അവസ്ഥ.

അക്രമത്തിൽ, ലിയോ പതിനാലാമൻ പാപ്പാ തന്റെ വേദനയും, പ്രാർത്ഥനകളും അറിയിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:

“ഇരകളായവർക്കും, അവരുടെ കുടുംബങ്ങൾക്കും ഞാൻ എന്റെ പ്രാർത്ഥനാപൂർവ്വമായ അടുപ്പം അറിയിക്കുന്നു. എല്ലാ ബന്ദികളെയും യാതൊരു വൈകിപ്പിക്കലുമില്ലാതെ മോചിപ്പിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും എല്ലാത്തരം അക്രമങ്ങൾക്കും അറുതി വരുത്താനും എല്ലാവിധ ഉത്തരവാദിത്തമുള്ളവരും പ്രായോഗികമായി പ്രതിബദ്ധരാകണമെന്ന് ഞാൻ ഹൃദയപൂർവ്വം ആഹ്വാനം ചെയ്യുന്നു.”

ഈ അക്രമത്തോടെ, ഹൈറ്റിയിൽ ഇനി സുരക്ഷിതമായ സ്ഥലങ്ങൾ വേറെയില്ല എന്നതാണ് യാഥാർഥ്യം. തലസ്ഥാനത്തിന്റെ മുഴുവൻ പ്രദേശങ്ങളെയും ഗുണ്ടാസംഘങ്ങൾ തങ്ങളുടെ നിയന്ത്രണത്തിന് കീഴിൽ എത്തിച്ചിരിക്കുകയാണ്. 2026 ന്റെ ആദ്യ പകുതിയിൽ, ഹൈറ്റിയിൽ, ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ഈ സാഹചര്യത്തെ വർദ്ധിച്ചുവരുന്ന ഗുരുതരമായ സുരക്ഷാ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒന്നര ദശലക്ഷത്തിലധികം പേർ ഇതിനോടകം തങ്ങളുടെ ജന്മദേശം വിട്ടു മറ്റു ഇടങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

31 ഓഗസ്റ്റ് 2026, 12:03