യാമപ്രാർത്ഥനകൾ ക്രിസ്തീയ പ്രാർത്ഥനയുടെ പാതയും, പാഠശാലയും വാഗ്ദാനം ചെയ്യുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലിയൊ പതിനാലാമൻ പാപ്പാ പതിവുപോലെ ഈ ബുധനാഴ്ചയും പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. പൊതുദർശന വേദി വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയായിരുന്നു. റോമിൽ അത്യുഷ്ണം അനുഭവപ്പെടുന്നതിനാലാണ് വേദി വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലേക്ക് മാറ്റിയത്. വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ അതിരാവിലെ തന്നെ ബസിലിക്കയിലേക്കു പ്രവേശിക്കുന്നതിനായി എത്തിചേർന്നിരുന്നു. പ്രാദേശിക സമയം രാവിലെ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ഓടെ, പാപ്പാ എത്തിയതോടെ, ജനസഞ്ചയത്തിൻറെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. ജനങ്ങളെ അഭിവാദ്യം ചെയ്ത പാപ്പാ തുടർന്ന് ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചാപരിപാടിക്ക് തുടക്കം കുറിച്ചു. തദ്ദനന്തരം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥ വായനയായിരുന്നു.
വിശുദ്ധ പൗലോസ് ശ്ലീഹ എഫേസൂസിലെ സഭയ്ക്ക് എഴുതിയ ലേഖനം, ആറാം അധ്യായം 18, 19 വചനങ്ങളാണ് വായിക്കപ്പെട്ടത്.
"നിങ്ങള്‍ അപേക്ഷകളോടും യാചനകളോടും കൂടെ എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ഥനാ നിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുവിന്‍. ഞാന്‍ വായ് തുറക്കുമ്പോള്‍ എനിക്കു വചനം ലഭിക്കാനും സുവിശേഷത്തിന്റെ രഹസ്യം ധൈര്യപൂര്‍വം പ്രഘോഷിക്കാനും നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍."
വായന അവസാനിച്ചതിനെ തുടർന്ന് ലിയൊ പതിനാലാമൻ പാപ്പാ തൻറ സന്ദേശം നല്കി. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ സാക്രൊ സാൻക്തും കൊൻചീലിയും ആധാരമാക്കിക്കൊണ്ട്, യാമപ്രാർത്ഥനകളുടെ സഭാമാനത്തെക്കുറിച്ചുള്ള പ്രബോധനമാണ് പാപ്പാ നൽകിയത്.
സഹോദരന്മാരെ, സഹോദരിമാരെ, ശുഭദിനം ! സുസ്വാഗതം
രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയായ സാക്രൊ സാൻക്തും കൊൻചീലിയും അടിസ്ഥാനമാക്കിയുള്ള, പ്രബോധന പരമ്പര പുനരാരംഭിക്കാം. ഇന്ന് ആരാധനാക്രമ പ്രാർത്ഥനയുടെ സഭാ മാനത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം.
അപ്പസ്തോലനായ വിശുദ്ധ പൗലോസ് സൂചിപ്പിക്കുന്നതുപോലെ, പ്രാർത്ഥിക്കാൻ നമ്മെ പഠിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. പന്തക്കുസ്ത ദിവസം മുതൽ, ആത്മാവ് സഭയിൽ വസിക്കുന്നു, അവളുടെ എല്ലാ പ്രവർത്തനങ്ങളെയും പ്രത്യേകിച്ച് പ്രാർത്ഥനയെയും ആത്മാവ് പ്രചോദിപ്പിക്കുന്നു.
യേശുവിന്റെ ഉത്ഥാനത്തിനു ശേഷം ജറുസലേമിൽ ഉത്ഭവിച്ച ആദ്യ സമൂഹത്തിന്റെ ജീവിതം ഉയിർത്തെഴുന്നേറ്റ കർത്താവ് നൽകിയ ആത്മാവിലുള്ള ജീവിതമാണ്. കൗൺസിൽ ഇപ്രകാരം പറയുന്നു, "അന്നുമുതൽ സഭ, ഉത്ഥാനത്തിന്റെ രഹസ്യം ആഘോഷിക്കുവാൻ സമ്മേളിക്കുന്നതിൽ നിന്നും ഒരിക്കലും വിരമിച്ചിട്ടില്ല. ദിവ്യബലി അർപ്പിച്ചും, ക്രിസ്തുവിനെ പറ്റി പ്രതിപാദിക്കുന്ന വിശുദ്ധ ഗ്രന്ഥ ഭാഗങ്ങൾ വായിച്ചുമാണ് അത് നിർവഹിച്ചിരുന്നത്. കാരണം ദിവ്യബലിയിലാണല്ലോ, മരണത്തിന്മേലുള്ള അവിടുത്തെ വിശ്രുത വിജയം പുനരവതരിപ്പിക്കപ്പെടുന്നത്. അതേസമയം ദൈവത്തിന്റെ അവാച്യമായ ദാനത്തിനു അവർ അവിടുത്തേക്ക് കൃതജ്ഞത അർപ്പിച്ചിരുന്നു. യേശുക്രിസ്തുവിൽ ദൈവ മഹത്വം കൈവരുന്നതിനു വേണ്ടിയാണ് അവർ പരിശുദ്ധാത്മാവിന്റെ ശക്തി മൂലം ഇവയെല്ലാം നിർവഹിച്ചിരുന്നത്. (സാക്രൊ സാൻക്തും കൊൻചീലിയും 6)
നമ്മുടെ കാലത്ത്, കാര്യക്ഷമതയുടെയും ഉപഭോഗവാദത്തിന്റെയും മാനസികാവസ്ഥയിൽ ആധിപത്യം പുലർത്തുന്ന സന്ദർഭങ്ങളിൽ, പ്രാർത്ഥന ഉപയോഗശൂന്യവും അല്ലെങ്കിൽ പരിഹാസ്യവുമാണെന്ന് തോന്നാം. ശാസ്ത്രവും സാങ്കേതികവിദ്യയും എല്ലാ ഉത്തരങ്ങളും നൽകുമെന്ന് അവകാശപ്പെടുന്ന ഒരു ലോകത്ത്, പ്രാർത്ഥന ഒരു ഒഴിഞ്ഞുമാറലാണെന്നു തോന്നാം. നിരവധി ക്രിസ്തീയ കുടുംബങ്ങളിൽ പോലും പ്രാർത്ഥനയുടെ കൈമാറ്റം ഇപ്പോൾ നടക്കുന്നില്ല. അതേസമയം പലരും പ്രാർത്ഥനയെ, വ്യക്തിപരമായ ക്ഷേമം ലക്ഷ്യമിടുന്നതും, മനശ്ശാസ്ത്രപരമായ സ്വഭാവമുള്ളതോ ആയ സാങ്കേതികതകളിൽ ഒന്നെന്ന നിലയിൽ ആശയക്കുഴപ്പത്തിലാക്കുന്നു. മറുവശത്ത്, നമ്മുടെ മാനവികതയുടെ അടിസ്ഥാന തലമെന്ന നിലയിൽ, പ്രാർത്ഥന അതിന്റെ സത്യത്തിൽ പുനരാവിഷ്കരിക്കപ്പെടേണ്ടതാണ്.
സാക്രൊ സാൻക്തും കൊൻചീലിയും പ്രമാണരേഖ ഈ ആവശ്യകതയെ ഗൗരവമായി എടുക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ അംഗീകരിച്ച ഈ ആദ്യ പ്രമാണ രേഖ പ്രഖ്യാപിക്കുമ്പോൾ വിശുദ്ധ പോൾ ആറാമൻ പാപ്പാ ഇങ്ങനെ പറഞ്ഞു: "ദൈവത്തിന് ഒന്നാം സ്ഥാനം; പ്രാർത്ഥന നമ്മുടെ പ്രഥമ കടമ; ആരാധനക്രമം നമുക്ക് പകർന്നു നൽകപ്പെട്ട ദൈവീക ജീവന്റെ പ്രഥമ സ്രോതസ്സും നമ്മുടെ ആത്മീയ ജീവിതത്തിന്റെ പ്രഥമ വിദ്യാലയവുമാണ്." (സെന്റ് പീറ്റേഴ്സ് ബസിലിക്ക, 1963 ഡിസംബർ 4)
പ്രമാണരേഖയിൽ, വാസ്തവത്തിൽ, "പ്രാർത്ഥന" എന്ന പദം മുഴുവൻ ആരാധനാക്രമത്തെയും സൂചിപ്പിക്കുന്നു. ഈ കാഴ്ചപ്പാട് ഏറെ നിർണ്ണായകമാണ്; കാരണം, വിശ്വാസികളുടെ സജീവ പങ്കാളിത്തത്തെ അതിന്റെ മുഖ്യ ആധാരശിലയായി സ്വീകരിച്ചുകൊണ്ട് ആരാധനാക്രമ പരിഷ്കരണത്തിന് ഇത് ദിശാബോധം നൽകി. ആരാധനക്രമം ഒന്നാമതായി അവതരിപ്പിക്കപ്പെടുന്നത് കണ്ടുമുട്ടലിന്റെ ഒരു വേദിയായിട്ടാണ്; തന്റെ പുത്രനിലൂടെ - അതായത് "പരിശുദ്ധാത്മാവിനാൽ അഭിഷിക്തനായി മാംസമായിത്തീർന്ന വചനത്തിലൂടെ" (5) മനുഷ്യകുലത്തിന് സമീപസ്ഥനാകുന്ന ദൈവത്തിന്റെ മുൻകൈ ആണിത്. ഇതിന് നമുക്ക് മറുപടി നൽകാൻ കഴിയുന്നത് "ക്രിസ്തുവിലൂടെ, ക്രിസ്തുവിനോടുകൂടെ, ക്രിസ്തുവിൽ, പരിശുദ്ധാത്മാവിന്റെ ഐക്യത്തിൽ" ആണ്; അതായത്, "തന്റെ ശരീരത്തോട് ചേർന്ന് ക്രിസ്തു പിതാവിങ്കലേക്ക് അർപ്പിക്കുന്ന പ്രാർത്ഥന"(84) വഴിയാണ് ഇത് സാധ്യമാകുന്നത്."
ഇക്കാരണത്താലാണ്, വിശുദ്ധ പോൾ ആറാമൻ പാപ്പാ, യാമപ്രാർത്ഥനകൾ, അതായത്, സഭയുടെ ദൈനംദിന പൊതു പ്രാർത്ഥനയെ, വിശുദ്ധ കുർബാനയിൽ നിന്ന് വേർപെടുത്താനാവാത്തതും, സകല ക്രൈസ്തവ പ്രാർത്ഥനകളിലും ആഴത്തിൽ വേരൂന്നുകയും, അവയെ സജീവമാക്കുകയും നയിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യണമെന്നും, ദൈവജനത്തിന്റെ ആത്മീയജീവിതത്തെ അത് ഫലപ്രദമായി പോഷിപ്പിക്കണമെന്നും, അതിയായി ആഗ്രഹിച്ചത്.
ഈ ആഗ്രഹം പൂർത്തീകരിക്കുന്നതിന്, ജ്ഞാനസ്നാനം സ്വീകരിച്ചവരുടെയും, സമൂഹങ്ങളുടെയും സാധാരണ ജീവിതത്തിൽ, യാമപ്രാർത്ഥനകൾ കൂടുതൽ സ്വാഗതം ചെയ്യപ്പെടുകയും, ജീവിക്കുകയും വേണം. പ്രാർത്ഥിക്കാൻ പഠിക്കാൻ ആഗ്രഹിക്കുന്ന പലർക്കും, പ്രത്യേകിച്ച് പുതുക്രിസ്ത്യാനികൾക്ക്, ഈ യാമപ്രാർത്ഥനകൾ, ക്രിസ്തീയ പ്രാർത്ഥനയുടെ പാതയും, പാഠശാലയും വാഗ്ദാനം ചെയ്യുന്നു.
എല്ലാ ആഴ്ചയും, എല്ലാ ദിവസവും, വിശുദ്ധ കുർബാനയും, യാമപ്രാർത്ഥനകളും, പരിശുദ്ധാത്മാവിനെ തന്റെ ശരീരത്തിലൂടെ പ്രവഹിപ്പിക്കുന്ന സഭയുടെ ജീവന്റെ ശ്വാസമാണ്. ഈ പ്രാർത്ഥനയിലൂടെ, മനുഷ്യരാശിയെ മുഴുവൻ തന്നോട് അടുപ്പിക്കുകയും, തന്റെ ദിവ്യഗാനാലാപനത്തിൽ അവിടുന്ന് ഏവരെയും പങ്കുകാരാക്കുകയും ചെയ്യുന്നു. അങ്ങനെ, അനുദിനം, നാം കൂടുതൽ കൂടുതൽ പെസഹാ രഹസ്യവുമായി ബന്ധപ്പെട്ടിരിക്കുകയും, അവനുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.
വിശുദ്ധ അഗസ്റ്റിൻ പ്രസ്താവിക്കുന്നു: "പ്രാർത്ഥനയിൽ നാം ദൈവത്തോട് സംസാരിക്കുമ്പോൾ, നാം പുത്രനെ അവിടുത്തെ പക്കൽ നിന്ന് വേർപെടുത്തരുത്; പുത്രന്റെ ശരീരം (സഭ) പ്രാർത്ഥിക്കുമ്പോൾ അത് അതിന്റെ ശിരസ്സിനെ തന്നിൽ നിന്ന് വേർപെടുത്തരുത്. അതിനാൽ തന്റെ ശരീരത്തിന്റെ ഏക രക്ഷകനും ദൈവപുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തു തന്നെയാണ് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നവനും, നമ്മിൽ പ്രാർത്ഥിക്കുന്നവനും, നമ്മളാൽ പ്രാർത്ഥിക്കപ്പെടുന്നവനും. നമ്മുടെ പുരോഹിതൻ എന്ന നിലയിൽ അവിടുന്ന് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു; നമ്മുടെ ശിരസ്സ് എന്ന നിലയിൽ അവിടുന്ന് നമ്മിൽ പ്രാർത്ഥിക്കുന്നു; നമ്മുടെ ദൈവം എന്ന നിലയിൽ അവിടുന്ന് നമ്മളാൽ പ്രാർത്ഥിക്കപ്പെടുന്നു. അതിനാൽ, നമ്മുടെ ശബ്ദം അവിടുത്തെ പക്കലും അവിടുത്തെ ശബ്ദം നമ്മിലും നമുക്ക് തിരിച്ചറിയാം"
വിശുദ്ധ കുർബാനയോട് ചേർന്നുനിൽക്കുന്നതും അതിന്റെ പ്രകാശത്തെ വ്യാപിപ്പിക്കുന്നതുമായ യാമപ്രാർത്ഥനകൾ നമ്മുടെ ദൈനംദിന ജീവിതത്തെ വിശുദ്ധീകരിക്കുന്നു. രാവിലെ, വിശ്വാസത്തോടും കൃതജ്ഞതയോടും കൂടി നാം ദിവസം ആരംഭിക്കുന്നു; ഉച്ചയ്ക്ക്, അധ്വാനങ്ങൾക്കിടയിൽ വിശ്വസ്തതയോടെ നിലകൊള്ളാനുള്ള ശക്തിക്കായി നാം പ്രാർത്ഥിക്കുന്നു; വൈകുന്നേരം ജോലി കഴിഞ്ഞ് സന്ധ്യാപ്രാർത്ഥന അസ്തമയ നിമിഷങ്ങളെ ധന്യമാക്കുന്നു; രാത്രിയിൽ ദൈവത്തിന്റെ സമാധാനത്തിൽ ആശ്രയിച്ചുകൊണ്ട് നാം ഉറക്കത്തിലേക്ക് നയിക്കപ്പെടുന്നു. ഓരോ പ്രാർത്ഥനാ യാമവും പ്രത്യാശയുടെ അടയാളമാണ്: ഭൂമിയിലെ ഈ തീർത്ഥാടനകാലത്ത്, സഭ മുഴുവനോടും ചേർന്ന് കർത്താവിന്റെ മഹത്വപൂർണ്ണമായ തിരിച്ചുവരവിനായി നാം ജാഗരൂകരായി കാത്തിരിക്കുന്നു.
ഈ വാക്കുകളെ തുർന്ന് പാപ്പായുടെ ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു. പൊതുദർശനപരിപാടിയുടെ അവസാന ഭാഗത്ത് പാപ്പാ യുവജനത്തെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പസ്തോലികാശീർവ്വാദം നല്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
