ആമസോണിന് പ്രത്യാശയായി ലിയോ പതിനാലാമൻ പാപ്പായുടെ പെറു സന്ദർശനം
വത്തിക്കാൻ ന്യൂസ്
പെറുവിലെ ആമസോൺ മേഖലയിൽ പുതിയ പ്രത്യാശയുടെ കിരണങ്ങൾ പടർത്തിക്കൊണ്ട് ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശനം നവംബർ മാസത്തിൽ നടക്കും. സന്ദർശനത്തിന്റെ ഭാഗമായി മാർപ്പാപ്പ പുക്കാൽപ സന്ദർശിക്കുന്നത് മേഖലയിലെ ഗോത്രവർഗ്ഗക്കാരുടെ അവകാശ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വലിയ കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു.
പെറുവിൽ മിഷനറി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിഎന്നാ നിലയിൽ, പെറുവിലെ ജനങ്ങളുടെ പ്രശ്നങ്ങളും ആമസോൺ നേരിടുന്ന വെല്ലുവിളികളും പാപ്പായ്ക്ക് ഏറെ പരിചിതമാണ്. "നമ്മുടെ വേദനകൾ എവിടെയാണെന്ന് പാപ്പായ്ക്ക് കൃത്യമായി അറിയാം," എന്ന് മോൺസിഞ്ഞോർ ഡേവിഡ് മാർത്തിനെസ് പറഞ്ഞു.
ആമസോൺ മേഖലയിലെ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും തദ്ദേശവാസികൾ നേരിടുന്ന വിവേചനവും സന്ദർശനവേളയിൽ പ്രധാന ചർച്ചാവിഷയമാകും. പാപ്പാടെ 'മാഞ്ഞീഫിക്ക ഉമാനിത്താസ് ' (Magnifica Humanitas) എന്ന ചാക്രികലേഖനത്തിലെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, പ്രകൃതി സംരക്ഷണത്തിനും മനുഷ്യാന്തസ്സിനുമായി പാപ്പാ ശബ്ദമുയർത്തുമെന്ന് സഭാനേതൃത്വം പ്രതീക്ഷിക്കുന്നു.
2018-ൽ ഫ്രാൻസിസ് പാപ്പാ പെറുവിൽ നടത്തിയ സന്ദർശനത്തിന്റെയും തുടർന്നുണ്ടായ ആമസോൺ സിനഡിന്റെയും തുടർച്ചയായാണ് ഈ സന്ദർശനം കാണപ്പെടുന്നത്. സഭ ഒന്നിച്ച് സഞ്ചരിക്കുക അഥവാ സിനഡാലിറ്റി എന്ന ആശയത്തിന് ലിയോ പതിനാലാമൻ പാപ്പായും വലിയ പ്രാധാന്യം നൽകുന്നു. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും സംരക്ഷണത്തിനായി രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ ഈ സന്ദർശനം സ്വാധീനം ചെലുത്തുമെന്ന് സഭ വിശ്വസിക്കുന്നുവെന്നും, മെത്രാന്മാർ പ്രതികരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
