തിരയുക

കൊളംബിയയിൽ നിന്നുള്ള ദൃശ്യം കൊളംബിയയിൽ നിന്നുള്ള ദൃശ്യം  (AFP or licensors)

ഭൂകമ്പബാധിതരായ കൊളംബിയൻ ജനതയ്ക്ക് സാമീപ്യം അറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ

കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ വേദന അനുഭവിക്കുന്ന ജനതയ്ക്ക് തന്റെ പ്രാർത്ഥനകളും സാമീപ്യവും വാഗ്ദാനം ചെയ്തു കൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി, അയച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഓഗസ്റ്റ് മാസം പത്താം തീയതി, കൊളംബിയയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 130 നു മുകളിൽ ആളുകൾക്ക് ജീവൻ നഷ്ടമായി, നിരവധി ആളുകൾക്ക് പരിക്കുകളേൽക്കുകയും ചെയ്തു. ഇനിയും നിരവധി ആളുകളെ കണ്ടെത്താനായിട്ടുണ്ട്. ഏറെ വേദന നിറഞ്ഞ  നിമിഷങ്ങളിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും തന്റെ പ്രാർത്ഥനകൾ അറിയിച്ചു.

കത്തോലിക്കാ സഭയുടെ വിവിധ രൂപതകളും, കാരിത്താസ് സംഘടനയും, ഏതു ആവശ്യങ്ങൾക്കുമായി മുൻനിരയിൽ  നിലകൊള്ളുന്നുണ്ട്. പാപ്പായുടെ ടെലിഗ്രാം സന്ദേശം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി കൊളംബിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ്, ആർച്ചുബിഷപ്പ് ഫ്രാൻസിസ്കോ ഹവിയർ മുന്നേറ കൊറെയയ്ക്കാണ് അയച്ചത്.

മരണമടഞ്ഞവരുടെ നിത്യവിശ്രമത്തിനായും,  ദുരിതമനുഭവിക്കുന്നവർ  എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായും, പാപ്പാ കർത്താവിനോട് പ്രാർത്ഥിക്കുന്നുവെന്നു  സന്ദേശത്തിൽ എടുത്തു പറയുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ നഷ്ടത്തിൽ ദുഃഖിക്കുന്ന ബന്ധുക്കൾക്ക് പാപ്പായുടെ അനുശോചനവും അറിയിച്ചു.

എല്ലാവർക്കും തന്റെ ആത്മീയ സാമീപ്യം ഉറപ്പുനൽകുകയും, ഈ വിഷമസന്ധിയിൽ വിവിധ സേവനങ്ങളിൽ അർപ്പണബോധത്തോടെ ഏർപ്പെട്ടിരിക്കുന്നവർക്ക് നന്ദിയറിയിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായത്താൽ, കൊളംബിയൻ ജനതയുടെ മേൽ ആത്മീയ ശക്തിയുടെയും ക്രിസ്തീയ പ്രത്യാശയുടെയും ദാനങ്ങൾ ചൊരിയപ്പെടുമാറാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

11 ഓഗസ്റ്റ് 2026, 14:05