മനുഷ്യ ബുദ്ധിയുടെ പകരം വയ്ക്കാനാവാത്ത മാഹാത്മ്യം മറന്നുപോകരുത്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ ന്യൂസ്
ദേശീയ, അന്തർദേശീയ തലങ്ങളിൽ സമകാലിക പൊതുഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ പഠനത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി, 1930 ൽ, ബ്രസൽസിൽ സ്ഥാപിതമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസസിലെ അംഗങ്ങളെ, ഓഗസ്റ്റ് മാസം ഇരുപത്തിയെട്ടാം തീയതി, വത്തിക്കാനിൽ, ലിയോ പതിനാലാമൻ പാപ്പാ സ്വീകരിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി സാമൂഹിക ജീവിതത്തെ പൊരുത്തപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ, ഈ സ്ഥാപനം, വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് നൽകുന്ന മാർഗ നിർദേശങ്ങൾ, സ്രഷ്ടാവിന്റെ ജ്ഞാന ദീപകമായ ഉദ്ദേശ്യങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിലേക്കാണ് നയിക്കുന്നതെന്ന് പന്ത്രണ്ടാം പീയൂസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, പാപ്പാ ആമുഖമായി പറഞ്ഞു.
ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുവാൻ, സ്ഥാപനം നൽകുന്ന ആഹ്വാനം, നിർമിത ബുദ്ധിയുടെ കാലഘട്ടത്തിൽ, മനുഷ്യ വ്യക്തിയുടെ സംരക്ഷണത്തെക്കുറിച്ചുള്ള, തന്റെ സമീപകാല ചാക്രികലേഖനത്തോട് പൊരുത്തപ്പെടുന്നതാണെന്ന സന്തോഷവും പാപ്പാ പങ്കുവച്ചു. ഏവരുടെയും ജീവിതരീതിയെ അടുത്ത് ബാധിക്കുന്നതും, സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വ്യാപിച്ചുകിടക്കുന്നതുമായ ഈ യാഥാർഥ്യത്തെ അഭിമുഖീകരിക്കാതിരിക്കുക സാധ്യമല്ലെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഇത്തരം നൂതനാശയങ്ങളുടെ വികസനത്തിന്റെ വേഗത, ഭാവിയിൽ ഇവയെ നിയന്ത്രിക്കുവാൻ സാധിക്കുമോ എന്ന സംശയം ഉണർത്തുന്നതായും പാപ്പാ ചൂണ്ടിക്കാണിച്ചു. സ്വന്തം കണ്ടുപിടുത്തങ്ങളുടെ ഇരയാകാനുള്ള അപകടസാധ്യത മനുഷ്യൻ തന്നെ നേരിടേണ്ടി വരുമോ എന്ന് ചിന്തിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ യന്ത്രങ്ങളെ ഏല്പ്പിക്കുന്നുവെന്നതാണ്, ഗുരുതരമായ ഒരു പ്രശ്നം എന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു.
ഈ സാങ്കേതിക ഉപകരണങ്ങൾക്ക് മുന്നിൽ മനുഷ്യ ബുദ്ധിയുടെ പകരം വയ്ക്കാനാവാത്ത സ്വഭാവം വീണ്ടും ഉറപ്പിക്കാൻ ഈ സ്ഥാപനം നൽകുന്ന ചിന്തോദ്ദീപകമായ ആശയങ്ങളെ പാപ്പാ അഭിനന്ദിച്ചു. ഇത്തരം പ്രതിഫലനങ്ങളും പ്രവർത്തനങ്ങളും മാനവികതയുടെ നന്മയ്ക്കായി ഈ മേഖലയിൽ തീരുമാനങ്ങൾ എടുക്കാൻ അധികാരികളെ സഹായിക്കുമെന്നും പാപ്പാ എടുത്തു പറഞ്ഞു.
ഇത്തരം നൂതനമായ കാര്യങ്ങളുടെ നിയന്ത്രണം, ചില പ്രധാന സാമ്പത്തിക, സാങ്കേതിക കേന്ദ്രങ്ങളിൽ മാത്രം എത്തുന്നതും, ഈ സാഹചര്യങ്ങളിൽ, ഭരണകൂടത്തിന് നിയന്ത്രിക്കുവാൻ പ്രയാസം തോന്നുന്നതും, വലിയ വെല്ലുവിളി ഉയർത്തുന്നുവെന്നും അതിനാൽ, ഒരു പ്രത്യേക ധാർമ്മികത വികസിപ്പിക്കേണ്ടത് പ്രധാനമാണെന്ന് പാപ്പാ ചൂണ്ടിക്കണിച്ചു.
മനുഷ്യന്റെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന്റെ സേവനത്തിനായി എല്ലാ ഗവേഷണങ്ങളെയും ഉപയോഗിക്കുവാനും, അപ്രകാരം, അവ മനുഷ്യനെ സമാധാനത്തിലേക്കും പൊതുനന്മയിലേക്കും നയിക്കുവാനും സാധിക്കട്ടെയെന്നു, ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ആശംസിച്ചു. ഈ മഹത്തായ ദൗത്യം , നിശ്ചയദാർഢ്യത്തോടെ തുടരാൻ സർവശക്തന്റെ തുണയും, തന്റെ പ്രാർത്ഥനകളും പാപ്പാ ഉറപ്പുനൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
