തിരയുക

വത്തിക്കാൻ ലൈബ്രറി വത്തിക്കാൻ ലൈബ്രറി  

പരിശുദ്ധ പിതാവ് വത്തിക്കാൻ ലൈബ്രറിയിൽ സന്ദർശനം നടത്തും

വത്തിക്കാൻ അപ്പസ്തോലിക ലൈബ്രറിയിൽ സെപ്റ്റംബർ 14-ന് ലിയോ പതിനാലാമൻ പാപ്പാ സന്ദർശനം നടത്തുകയും, 'ആക്വാ' (AQVA) എന്ന പ്രദർശനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

വത്തിക്കാൻ ന്യൂസ്

പ്രശസ്തമായ, വത്തിക്കാന്റെ അപ്പസ്തോലിക ലൈബ്രറിയിൽ ലിയോ പതിനാലാമൻ പാപ്പാ, സന്ദർശനം നടത്തുകയും, അവിടെ ഒരുക്കിയിരിക്കുന്ന, ഒരു പ്രദർശനം ഉദ്ഘടനം ചെയ്യുകയും ചെയ്യും. സെപ്റ്റംബർ മാസം പതിനാലാം തീയതിയാണ് പാപ്പായുടെ സന്ദർശനം. 'ദുരന്തവും വിസ്മയവും' (Catastrophe and Wonder) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന, 'ആക്വാ' (AQVA) എന്ന  വിപുലമായ പ്രദർശന പരമ്പരയിലെ ആദ്യ ഘട്ടമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

പ്രകൃതി ഘടകങ്ങളെ മനുഷ്യരാശിയുടെ ഭയത്തിന്റെയും അതേസമയം  പ്രത്യാശയുടെയും പ്രതിഫലനമായി കാണുന്ന ഈ പ്രദർശനം, ചരിത്രപരമായ പൈതൃകങ്ങളെ  സംരക്ഷിക്കുന്നതിലെ വെല്ലുവിളികളെയും മനുഷ്യനിയന്ത്രണത്തിന് അതീതമായ ശക്തികളെയും ആധാരമാക്കിയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ജലത്തെ ഒരു ഭീഷണിയായും അതേസമയം വിലപ്പെട്ട വിഭവമായും അവതരിപ്പിക്കുന്ന ഒരു 'അനുരഞ്ജന പാത'യാണ് ഈ പ്രദർശനത്തിന്റെ പ്രധാന ആകർഷണം. പ്രശസ്ത ഫ്രഞ്ച് കലാകാരൻ ജെ.ആർ. (JR), അമേരിക്കൻ ടൈപ്പോഗ്രാഫർ ബിൽ മോറൻ, ഇറ്റാലിയൻ ഷെഫ് ഫുൾവിയോ പിയറഞ്ചലിനി എന്നിവർ ചേർന്നാണ് വത്തിക്കാൻ ലൈബ്രറിയിലെ ചരിത്ര ശേഖരങ്ങളെ ആസ്പദമാക്കി ഈ കലാസൃഷ്ടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സമകാലിക കലയും വത്തിക്കാന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകവും തമ്മിലുള്ള സജീവമായ സംഭാഷണം വളർത്തിയെടുക്കുക എന്നതാണ് ഇതിലൂടെ വത്തിക്കാൻ ലക്ഷ്യമിടുന്നത്.

സെപ്റ്റംബർ 14-ന് പാപ്പായുടെ  സന്ദർശനത്തോടെ ആരംഭിക്കുന്ന ഈ പ്രദർശനം സെപ്റ്റംബർ 25 മുതൽ 2027 മെയ് 14 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്. ആഴ്ചയിലെ തിരഞ്ഞെടുത്ത ദിവസങ്ങളിലായിരിക്കും സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. റോമ ഫൗണ്ടേഷൻ, ഇന്തേസ സാൻപൗളോ എന്നിവയുടെ സഹകരണത്തോടെയാണ് വത്തിക്കാൻ ലൈബ്രറി ഈ ബൃഹത്തായ പ്രദർശനം സംഘടിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

14 ജൂലൈ 2026, 11:35