ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികൾക്കിടയിലൂടെ സഞ്ചരിക്കുന്നു ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികൾക്കിടയിലൂടെ സഞ്ചരിക്കുന്നു  (ANSA)

യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇരകൾക്കുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ

വേനൽക്കാല അവധിക്കായി റോമിന് പുറത്ത് കാസ്തെൽ ഗന്തോൾഫോയിലുള്ള അപ്പസ്തോലിക വസതിയിലായിരിക്കുന്ന ലിയോ പതിനാലാമൻ പാപ്പാ, ജൂലൈ 19 ഞായറാഴ്ച ഉച്ചയ്ക്ക്, ലിബർട്ടി ചത്വരത്തിൽ ത്രികാലജപപ്രാർത്ഥന നയിക്കുകയും, യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇരകൾക്കുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്നവരെ കൈവിടാതെ ലിയോ പതിനാലാമൻ പാപ്പാ. ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന അക്രമസംഭവങ്ങൾ താൻ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് ജൂലൈ 19 ഞായറാഴ്ച ഉച്ചയ്ക്ക്, കാസ്തെൽ ഗന്തോൾഫോയിലെ അപ്പസ്തോലികകൊട്ടാരത്തിന് മുന്നിലുള്ള ലിബർട്ടി ചത്വരത്തിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.

സംഘർഷങ്ങൾ മൂലം ജീവൻ നഷ്ടപ്പെട്ടവരെയും ദുരിതമനുഭവിക്കുന്നവരെയും നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനത്തിനായുള്ള സമൂർത്തമായ പരിശ്രമങ്ങളോടൊപ്പം നമ്മുടെ പ്രാർത്ഥനകളും ഉൾച്ചേർക്കാമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

ജൂലൈ 13 ഞായറാഴ്ച ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ, അമേരിക്കയും ഇറാനും ഇടയിലും, റഷ്യയും ഉക്രൈനും തമ്മിലും നടന്നുവരുന്ന യുദ്ധവും, ലബനനിലെ പ്രതിസന്ധിയും, ഈ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന തീവ്രമായ ആക്രമണങ്ങളും പരാമർശിച്ചുകൊണ്ട് പ്രാർത്ഥനയ്ക്കായി പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചിരുന്നു.

സമാധാനത്തിലേക്ക് നയിക്കേണ്ട ധാരണകൾ നിലനിൽക്കെത്തന്നെ, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വഷളാവുകയും ഇരു രാജ്യങ്ങളും പരസ്പരവും, ഇറാൻ സമീപപ്രദേശങ്ങളിലുള്ള മറ്റു രാജ്യങ്ങൾക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തതിന്റെയും, ഗാസാ മുനമ്പിലും, ഉക്രൈന്റെ വിവിധ ഇടങ്ങളിലും ഉൾപ്പെടെ പലയിടങ്ങളിലും ആക്രമണങ്ങളിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ ഞായറാഴ്ചയും പരിശുദ്ധ പിതാവ് സമാധാനത്തിനുവേണ്ടി പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തത്.

ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി ഉയർത്തിയും, ലക്ഷക്കണക്കിന് ആളുകൾക്ക് ദുരിതങ്ങൾക്കും പട്ടിണിക്കും ദാരിദ്ര്യത്തിനും കാരണമായും, യുദ്ധങ്ങളും സംഘർഷങ്ങളും നടക്കുന്നതിനിടെ, പല രാഷ്ട്രനേതുത്വങ്ങളും വിവിധ കാരണങ്ങൾ നിരത്തി, ആക്രമണത്തിന്റെയും വെറുപ്പിന്റെയും പാത തിരഞ്ഞെടുക്കുകയും, അതിനായി ആഹ്വാനം നൽകുകയും ചെയ്യുമ്പോഴാണ്, പാപ്പാ, യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും അവസാനത്തിനായി പരിശ്രമിക്കുകയും പ്രാർത്ഥിക്കുകയും, സമാധാന സ്ഥാപനത്തിനായി ഏവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ജൂലൈ 2026, 13:52