ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (AFP or licensors)

"സ്വർഗ്ഗത്തിലേക്ക് ദൃഷ്ടിയുയർത്താൻ സൗന്ദര്യം സഹായിക്കുന്നു": ലിയോ പതിനാലാമൻ പാപ്പാ

റോമിന് പുറത്ത് കാസ്തെൽ ഗന്തോൾഫോയിലുള്ള വേനൽക്കാലവസതിയിലായിരിക്കുന്ന ലിയോ പതിനാലാമൻ പാപ്പായ്ക്കുവേണ്ടി ജൂലൈ 18 ശനിയാഴ്ച വൈകുന്നേരം അൽബാനോ രൂപത സംഘടിപ്പിച്ച സംഗീതപരിപാടിയിൽ സംബന്ധിച്ച വേളയിൽ, പ്രതിസന്ധികളും സംഘർഷങ്ങളും ഉൾപ്പെടെയുള്ള വിവിധ പ്രശ്നനങ്ങളെ അഭിമുഖീകരിക്കുമ്പോഴും, സംഗീതമുൾപ്പെടെയുള്ള കലയും സൗന്ദര്യവും മനുഷ്യരെ പ്രത്യാശയിലേക്കും ദൈവത്തിലേക്കും നയിക്കുന്നതാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കലയും സംഗീതവും, പ്രത്യാശയും ദൈവചിന്തയും ഉയർത്തുന്നുവെന്നും, സൗന്ദര്യം സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താൻ സഹായിക്കുന്നുവെന്നും ലിയോ പതിനാലാമൻ പാപ്പാ. അതേസമയം, സൗന്ദര്യത്തിന്റെ കുറവനുഭവിക്കുന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ജൂലൈ 18 ശനിയാഴ്ച, കസ്തേൽ ഗന്തോൾഫോയിലെ അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന സംഗീതപരിപാടിക്ക് ശേഷം സംസാരിക്കവെയാണ്, ലോകത്തിലെ ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും മുന്നിൽ, സംഗീതം പോലെയുള്ള കലാരൂപങ്ങളുടെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞത്. വേനൽക്കാലാവധിയുടെ ഭാഗമായി ഇവിടെയെത്തിയ പരിശുദ്ധ പിതാവിന്റെ ബഹുമാനാർത്ഥം പ്രദേശത്തെ അൽബാനോ രൂപതാദ്ധ്യക്ഷൻ ബിഷപ് വിൻചെൻസൊ വിവയാണ് ഇത്തരമൊരു സംഗീതപരിപാടി സംഘടിപ്പിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും തുടരുന്ന കനത്ത സംഘർഷങ്ങളുടെയും കിരാതമായ യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, മനുഷ്യരെ അവരുടെ ദൈനംദിന പ്രയാസങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും അപ്പുറം ദൈവത്തിലേക്ക് കണ്ണുകളുയർത്താൻ സഹായിക്കുന്ന ഉപാധികളാണ് സംഗീതവും കലയുമെന്ന് ഓർമ്മിപ്പിച്ചു. മനുഷ്യരിലെ ഏറ്റവും നല്ല മൂല്യങ്ങളെയും വശങ്ങളെയും അവ വെളിപ്പെടുത്തുന്നുണ്ടെന്നും പാപ്പാ പ്രസ്താവിച്ചു. സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്തുക എന്ന ആപ്തവാക്യവും ഉദ്ബോധനവുമാണ്, സ്പെയിനിലേക്കുളള തൻറെ അപ്പസ്തോലിക യാത്രയിൽ താൻ തിരഞ്ഞെടുത്ത് പ്രധാനമായി മുന്നോട്ടുവച്ചതെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു.

അതേസമയം, കസ്തേൽ ഗന്തോൾഫോയിൽ കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ തിരികെയെത്തിയതിൽ, പ്രാദേശികസഭയുടെ പേരിൽ ബിഷപ് വിവ നന്ദിയും സന്തോഷവും രേഖപ്പെടുത്തി. പാപ്പായോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും അടയാളമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്ത് ദുരിതമനുഭവിക്കുന്ന ഏവരെയും അനുസ്മരിച്ച അദ്ദേഹം, സമാധാനത്തിനായി പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

യുദ്ധത്തിന്റെ കൊടുങ്കാറ്റുകൾ വീശുന്ന ഇന്നിന്റെ ലോകത്തും സമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കണമെന്ന ക്ഷണം മുന്നോട്ടുവച്ച ഈ സംഗീതപരിപാടിയുടെ അവസാനം, കലാകാരന്മാരെ നേരിൽക്കണ്ട് അഭിനന്ദിക്കാനും പാപ്പാ മറന്നില്ല. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

20 ജൂലൈ 2026, 13:48