തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

ക്രിസ്തുവിൽ നാമേവരും സഹോദരീസഹോദരങ്ങളാണെന്ന് ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ

ദിവ്യകാരുണ്യമായ ക്രിസ്തുവിൽ നാമേവരും സഹോദരീസഹോദരങ്ങളാണെന്നും അവന്റെ ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ നാമേവരും ഒന്നാണെന്നും ലിയോ പതിനാലാമൻ പാപ്പാ. കോർപുസ് ക്രിസ്റ്റി തിരുനാളായ ജൂൺ നാല് വ്യാഴാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലാണ്, സഭാംഗങ്ങളെ ഒരുമിപ്പിക്കുന്ന വിശുദ്ധകുർബാനയെക്കുറിച്ച് പാപ്പാ എഴുതിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ ഒരുമിപ്പിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഈ വർഷം ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളായ കോർപുസ് ക്രിസ്റ്റി ആഘോഷിക്കുന്ന ജൂൺ നാല് വ്യാഴാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ഇത്തരമൊരു ഉദ്‌ബോധനം പരിശുദ്ധ പിതാവ് നൽകിയത്. അവന്റെ ശരീരത്തിന്റെ ഭാഗമെന്ന നിലയിൽ നാമെല്ലാവരും സഹോദരീസഹോദരങ്ങളാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

"നാം ക്രിസ്തുവിന്റെ സഭയാണെന്നും, അവന്റെ അവയവങ്ങളാണെന്നും, അവന്റെ ശരീരമാണെന്നും വിശുദ്ധ കുർബാനയിൽ വ്യക്തമാകുന്നത് നമുക്ക് കാണാം. നമ്മൾ അവനിൽ സഹോദരീസഹോദരങ്ങളാണ്. നാം അനേകരും വ്യത്യസ്തരുമാണെങ്കിലും നാമേവരും അവനിൽ ഒന്നാണ്. "അവനിൽ നാം ഒന്നാണ്" #കോർപുസ്ക്രിസ്റ്റി, #മഞ്ഞീഫിക്കഉമാനിത്താസ്" എന്നായിരുന്നു പരിശുദ്ധ പിതാവ് എക്‌സിൽ കുറിച്ചത്.

താൻ റോമിന്റെ മെത്രാനായി സ്ഥാനമേറ്റ അവസരത്തിൽ തന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്ത, "അവനിൽ നാം ഒന്നാണ്" (In Illo uno unum) എന്ന ചിന്തയും ഈ സന്ദേശത്തിൽ പരിശുദ്ധ പിതാവ് ഉൾച്ചേർത്തു.

IT: Nell’Eucaristia si mostra visibilmente che noi siamo la Chiesa di Cristo, siamo le sue membra, il suo corpo. Siamo fratelli e sorelle in Lui. E in Cristo, pur essendo molti e differenti, siamo una cosa sola: “In Illo uno unum”. #CorpusDomini #MagnificaHumanitas

EN: In the Eucharist, we find a visible manifestation of the reality that we are the Church of Christ, His members, His body. We are brothers and sisters in Him. And in Christ, though many and diverse, we are one: "In Illo uno unum". #CorpusChristi #MagnificaHumanitas

മെയ് 3 ബുധനാഴ്‌ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, ഇതുമായി ബന്ധപ്പെട്ടു നടത്തിവരുന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തെ, വിശ്വാസത്തിന്റെ സാക്ഷ്യമായി വിശേഷിപ്പിച്ചിരുന്നു.

5 കോടിയിലേറെ വരുന്ന എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണയായി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, അറബി, ലത്തീന്‍, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ജൂൺ 2026, 13:17