തിരയുക

ബാഴ്‌സലോണയിലെ യുവജനങ്ങൾക്കൊപ്പം നടത്തിയ ജാഗരണ പ്രാർത്ഥന ബാഴ്‌സലോണയിലെ യുവജനങ്ങൾക്കൊപ്പം നടത്തിയ ജാഗരണ പ്രാർത്ഥന  (@Vatican Media)

മാനുഷികമായി നേടുവാൻ സാധിക്കുന്ന ഒരു കൃപയല്ല ക്ഷമ: പാപ്പാ

ബാഴ്‌സലോണയിലെ യുവജനങ്ങൾക്കൊപ്പം നടത്തിയ ജാഗരണ പ്രാർത്ഥനാവേളയിൽ, പാപ്പാ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് സന്ദേശം നൽകി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ബാഴ്‌സലോണയിലെ യുവജനങ്ങൾക്കൊപ്പം നടത്തിയ ജാഗരണ പ്രാർത്ഥനാവേളയിൽ, പാപ്പാ യുവാക്കളുടെ വിവിധങ്ങളായ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ട്, കത്തോലിക്കാ സഭയുടെ മാതൃ ഭാവത്തെ എടുത്തു കാണിച്ചു. യുവാക്കൾ പങ്കുവച്ച അനുഭവ സാക്ഷ്യങ്ങൾക്ക് പാപ്പാ നന്ദിയർപ്പിച്ചു. സത്യത്തിനും സന്തോഷത്തിനും വേണ്ടിയുള്ള നമ്മുടെ ആഗ്രഹത്തിന് വിശാലമായ ഒരു ചക്രവാളം ആവശ്യമാണെന്നും, അതിനായി ആഴത്തിലുള്ള ഒരു യാത്ര ആവശ്യമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ഓരോ പരിമിതമായ ചക്രവാളവും ഓരോ ചുവടും ഓരോ വിജയവും നമ്മെ തൃപ്തിപ്പെടുത്തുമ്പോൾ തന്നെ അവ നമ്മെ വീണ്ടും മുൻപോട്ടു നടക്കുവാൻ പ്രേരിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. വ്യക്തിയെ കേന്ദ്രസ്ഥാനത്ത് നിർത്താത്തതും വിവിധ തലങ്ങളിൽ അനീതിയുടെയും അസ്തിത്വപരമായ ദാരിദ്ര്യത്തിന്റെയും സാഹചര്യങ്ങൾക്ക് കാരണമാകുന്നതുമായ സാമൂഹിക വ്യവസ്ഥകൾ നമ്മെ അസ്വസ്ഥതപ്പെടുത്തണമെന്നും, ലോകത്തിന്റെ പ്രലോഭനങ്ങൾക്ക് പകരമായി, നിശബ്ദതയുടെ നിമിഷങ്ങൾ വളർത്തിയെടുവാനും, സുവിശേഷം വായിക്കാനും , ദൈവവുമായി സംസാരിക്കാനും, മറ്റുള്ളവരുമായി ഒരുമിച്ച് ആന്തരിക യാത്ര നടത്താൻ ശ്രമിക്കുവാനും, സഭയോടൊപ്പം യാത്ര ചെയ്യുവാനും, വൈദികരെ കണ്ടുമുട്ടുവാനും പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

കഷ്ടപ്പാടുകൾ എന്നും ഒരു യാഥാർഥ്യമാണെന്നും, നിരാശ നിറഞ്ഞ ജീവിതത്തിൽ,  യേശുവുമായുള്ള സമ്പർക്കം, ജീവിതത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കുവാനും, രോഗത്തിൽ നിന്ന് സുഖം പ്രാപിക്കുവാനും, ജീവിതത്തിലേക്ക് മടങ്ങാൻ വീണ്ടും എഴുന്നേൽക്കുവാനും നമ്മെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. സമ്മർദ്ദങ്ങൾക്കും പ്രതീക്ഷകൾക്കും പിരിമുറുക്കങ്ങൾക്കും ആളുകളെ വിധേയമാക്കുന്ന ഒരു സാഹചര്യത്തിൽ മാനസികാരോഗ്യം വീണ്ടെടുക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ പറഞ്ഞു.  തന്റെ ഇഹലോക വാസത്തിന്റെ അവസാനം യേശു അനുഭവിച്ച വേദകളെയും കഷ്ടപ്പാടുകളെയും പാപ്പാ എടുത്തു പറഞ്ഞു.  അന്ത്യ അത്താഴത്തിന്റെയും ഗത്സെമനിയിലെ പ്രാർത്ഥനയുടെയും നിമിഷങ്ങളെയും, കുരിശിൽ  മരിക്കുന്നതിനു തൊട്ടുമുമ്പ് ഭൂമിയെങ്ങും അന്ധകാരം ബാധിച്ചതും  ചൂണ്ടിക്കാണിച്ചുകൊണ്ട്, ദൈവപുത്രൻ മനുഷ്യരാശിയുടെ എല്ലാ ദുഃഖവും ഏകാന്തതയും കഷ്ടപ്പാടുകളും സ്വന്തം ജഡത്തിൽ ഏറ്റെടുത്തുവെന്നു പാപ്പാ വിശദീകരിച്ചു. നമ്മുടെ വേദന പങ്കുവെക്കുകയും,  നമ്മുടെ ദുഃഖങ്ങളുടെ ഭാരം വഹിക്കുകയും, നമ്മോടൊപ്പം കഷ്ടപ്പെടുകയും, നാം കരയുമ്പോൾ, സ്നേഹവും കരുണയും നിറഞ്ഞ തന്റെ സാന്നിധ്യത്തോടെ നമ്മുടെ അരികിൽ നിൽക്കുന്ന ഒരു കരുണാമയുള്ള ദൈവത്തിന്റെ മുഖമാണ് ഇവിടെ വെളിപ്പെടുന്നതെന്നും പാപ്പാ പറഞ്ഞു.

യേശുവിന്റെ കുരിശ് നമ്മോട് പറയുന്നത് , ദൈവം നമ്മെ കൈവിടുന്നില്ല എന്നും , വേദനയുടെയും അങ്ങേയറ്റത്തെ ഏകാന്തതയുടെയും നിമിഷത്തിൽ അവൻ നമ്മോടുകൂടെ കുരിശിൽ തറയ്ക്കപ്പെടുന്നു എന്നും , അവൻ നമ്മുടെ കണ്ണുനീർ മാത്രമല്ല, മറ്റുള്ളവർ കേൾക്കാത്ത നമ്മുടെ കഷ്ടപ്പാടിന്റെ നിലവിളി പോലും കേൾക്കുന്നു എന്നുമാണെന്നു പാപ്പാ പറഞ്ഞു. ഏറ്റവും പ്രയാസകരവും വേദനാജനകവുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, നമ്മുടെ ഹൃദയത്തിൽ വഹിക്കുന്ന ഭാരങ്ങൾ ഒരിക്കൽ കൂടി അവനെ ഏൽപ്പിക്കുകയും, നിലവിളി ഉയർത്തുകയും വേണമെന്നും പാപ്പാ എടുത്തുപറഞ്ഞു. ജീവിതത്തിന്റെ പുനർജനനം ദൈവത്തോടൊപ്പം മാത്രമാണ് സാധ്യമാകുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാൻ സാധിക്കുക എന്നത്, ദൈവകൃപയുടെ ഒരു അടയാളം തന്നെയാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. പല കുറ്റകൃത്യ വാർത്തകളും, ഇന്നും കുടുംബ ബന്ധങ്ങളിലെ വിഷലിപ്തമായ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, ദുരുപയോഗവും അടിച്ചമർത്തലും, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും, നിർഭാഗ്യവശാൽ പലപ്പോഴും സ്ത്രീഹത്യകളിലേക്കും നയിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.  വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും ഈ നാടകീയ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ഈ തിന്മകൾക്കെതിരെ പോരാടുവാനുള്ള ഇച്ഛാശക്തി മനുഷ്യർ ആർജ്ജിക്കണമെന്നും പാപ്പാ കൂട്ടിച്ചേർത്തു. അക്രമം നിലനിൽക്കുന്നുവെങ്കിൽ, സ്വാർത്ഥത വിജയിക്കുന്നുവെങ്കിൽ, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹം പോലും വിദ്വേഷമായി മാറുകയാണെങ്കിൽ, നമ്മെക്കുറിച്ച്, നമ്മുടെ സമൂഹത്തിന്റെ ചലനാത്മകതയെക്കുറിച്ച്, വ്യക്തിത്വത്തിന്റെ സംസ്കാരത്തെക്കുറിച്ച്, അക്രമത്തിലേക്കുള്ള പ്രലോഭനത്തെക്കുറിച്ച്, നാം നമ്മോട് തന്നെ ചോദ്യങ്ങൾ ഉന്നയിക്കണെമന്നും പാപ്പാ പറഞ്ഞു. യേശു നമ്മെ ക്ഷമയിലേക്ക് ക്ഷണിക്കുമ്പോൾ, ആ ക്ഷമയുടെ കൃപയ്ക്കു വേണ്ടി നാം പ്രാർത്ഥിക്കണമെന്നു പാപ്പാ പറഞ്ഞു. മാനുഷികമായി നേടുവാൻ സാധിക്കുന്നഒരു കൃപയല്ല ക്ഷമയെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ക്ഷമ എല്ലായ്പ്പോഴും മുൻ സാഹചര്യത്തിലേക്ക് മടങ്ങുന്നതിനോ അല്ലെങ്കിൽ നമ്മെ വേദനിപ്പിച്ചവരുമായി പൂർണ്ണ ബന്ധം പുലർത്തുന്നതിനോ തുല്യമാണെന്ന് കരുതരുതെന്നും, മറിച്ച് അപരനോട്, നല്ല ഹൃദയസ്വഭാവം നിലനിർത്താനും, ഏതെങ്കിലും തരത്തിലുള്ള വിദ്വേഷമോ പ്രതികാരമോ നിരസിക്കാനും, കഴിയുന്നത്ര ബന്ധം പുനഃക്രമീകരിക്കാൻ ശ്രമിക്കാനും, ഒരുപക്ഷേ അവർക്കു  വേണ്ടി പ്രാർത്ഥിക്കാനും  നമ്മെ സഹായിക്കുന്ന ഒരു കൃപയാണെന്നും പാപ്പാ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

10 ജൂൺ 2026, 17:56