തിരയുക

ലിയോ പതിനാലാമൻ പാപ്പാ - സാന്ത മരിയ ദി ഗലേറിയയിൽനിന്നുള്ള ചിത്രം ലിയോ പതിനാലാമൻ പാപ്പാ - സാന്ത മരിയ ദി ഗലേറിയയിൽനിന്നുള്ള ചിത്രം  (@Vatican Media)

വത്തിക്കാനിൽ 'പ്രകൃതിസൗഹൃദ-ഊർജ്ജോത്പാദനപദ്ധതി" നടപ്പിലാക്കാനായി “ഫ്രാത്തെല്ലോ സോളെ ഫൗണ്ടേഷന്' രൂപം നൽകി ലിയോ പാപ്പാ

തന്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പ 2024 ൽ സ്വയാധികാര പ്രകാരം നൽകിയ ഉത്തരവിൽ (Motu Proprio) ഊന്നിപ്പറഞ്ഞ “സുസ്ഥിര വികസന മാതൃകയിലുള്ള പരിവർത്തനത്തിന്റെ" ആവശ്യകതയെ മുൻനിർത്തി “ഫ്രാത്തെല്ലോ സോളെ' എന്ന പേരിൽ ഒരു ഫൗണ്ടേഷന് രൂപം നൽകി ലിയോ പതിനാലാമൻ പാപ്പാ. കൃഷിയും സൗരോർജ ഉൽപാദനവും ഒരുമിച്ചുകൊണ്ടുപോകുന്ന ഈ പുതിയ സംരംഭം വത്തിക്കാനും, വത്തിക്കാൻ റേഡിയോ നിലയത്തിനും ഉൾപ്പെടെ പ്രകൃതിസൗഹൃദവൈദ്യുതി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.

വത്തിക്കാന്‍ ന്യൂസ്

പ്രകൃതിസൗഹൃദ ഊർജ്ജോത്പാദനം ലക്ഷ്യമാക്കി “ഫ്രാത്തെല്ലോ സോളെ' (Fratello Sole) ഫൗണ്ടേഷൻ സ്ഥാപിച്ച് ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 1-ന് എഴുതി ഒപ്പുവച്ച ഒരു ഉത്തരവിലൂടെ (Chirografo) യാണ്, വത്തിക്കാന്റെ ഊർജ സ്വയംപര്യാപ്തതയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുള്ള പുതിയ സംരഭത്തിന് പരിശുദ്ധ പിതാവ് ജന്മമേകിയത്. തന്റെ മുൻഗാമിയായ  ഫ്രാൻസിസ് മാർപാപ്പ 2024 ജൂൺ 21-ന് സ്വയാധികാരപ്രകാരം (Motu Proprio) നൽകിയ ഉത്തരവിൽ ഊന്നിപ്പറഞ്ഞ “സുസ്ഥിര വികസന മാതൃകയിലുള്ള പരിവർത്തനത്തിന്റെ" ആവശ്യകതയെ പരിഗണിച്ച ലിയോ പാപ്പാ ആ പദ്ധതിയുടെ തുടർച്ചയായിട്ടാണ് ഈ ഫൗണ്ടേഷൻ രൂപീകരിച്ചത്.

വത്തിക്കാനിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയുള്ള സാന്ത മരിയ ദി ഗലേറിയ (Santa Maria di Galeria) എന്ന വത്തിക്കാന്റെ സ്ഥലത്താണ് പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ നടക്കുക. ഇവിടെ സ്ഥാപിക്കുന്ന അഗ്രിവോൾട്ടായിക് സംവിധാനം വഴി കൃഷിയും സൗരോർജ ഉൽപാദനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് ഫൗണ്ടേഷന്റെ ലക്‌ഷ്യം. ഈ  പുതിയ സംരംഭത്തിലൂടെ, സാന്ത മരിയ ദി ഗലേറിയയിൽ സ്ഥിതി ചെയ്യുന്ന റേഡിയോ പ്രക്ഷേപണ നിലയത്തിനും, വത്തിക്കാനും സമ്പൂർണ്ണ ഊർജ്ജ സ്വയംപര്യാപ്തത ഉറപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാപ്പാ ഒപ്പുവച്ച ഈ രേഖ വ്യക്തമാക്കുന്നു. 

ആദ്യത്തെ മൂന്ന് വർഷങ്ങളിലേക്ക്, വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റ് അധ്യക്ഷ സിസ്റ്റർ റാഫയേലേ പെത്രിനി, അപ്പസ്തോലിക സിംഹാസനത്തിന്റെ പൈതൃകസ്വത്തുക്കളുടെ ഭരണസമിതി (APSA) അധ്യക്ഷൻ മോൺസിഞ്ഞോർ ജ്യോർദാനോ പിച്ചിനോത്തി എസ്.ഡി.ബി. എന്നിവരെ യഥാക്രമം പ്രസിഡന്റായും വൈസ് പ്രസിഡന്റായും മാർപ്പാപ്പ നിയമിച്ചു. ഫൗണ്ടേഷന്റെ ആസ്ഥാനം വത്തിക്കാൻ ആയിരിക്കും.

സഭയുടെ സാമൂഹിക പ്രബോധനങ്ങളിൽ പരാമർശിക്കുന്ന 'പൊതുഭവനമായ ഭൂമിയുടെ സംരക്ഷണത്തെ' അടിസ്ഥാനമാക്കി, പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ഊർജ്ജ ഉൽപാദനവും കാർഷിക പ്രവർത്തനങ്ങളും എങ്ങനെ സമന്വയിപ്പിക്കാമെന്നതിന് ലോകത്തിനു മുൻപിൽ  മാതൃകയായാണ് “ഫ്രാത്തെല്ലോ സോളെ" ഫൗണ്ടേഷൻ പ്രവർത്തിക്കുക.

2025 ജൂലൈ 31-ന് ഇറ്റാലിയൻ ഭരണാധികാരികളുമായി വത്തിക്കാൻ ഒപ്പുവച്ചതും 2026 മെയ് 27-ന് പ്രാബല്യത്തിൽ വന്നതുമായ ഉഭയകക്ഷി കരാർ, ഈ സംരംഭം യാഥാർത്ഥ്യവത്കരിക്കുന്നതിലേക്ക് നയിച്ച നടപടികളിൽ ഒന്നായിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജൂൺ 2026, 13:29