ലിയോ പതിനാലാമൻ പാപ്പാ - കാരുണ്യസേവനവിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്കനുവദിച്ച കൂടിക്കാഴ്ചയിൽനിന്ന് ലിയോ പതിനാലാമൻ പാപ്പാ - കാരുണ്യസേവനവിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്കനുവദിച്ച കൂടിക്കാഴ്ചയിൽനിന്ന്  (@Vatican Media)

കാരുണ്യപ്രവർത്തനങ്ങൾ ക്രൈസ്തവപ്രത്യാശയുടെ വിശ്വസനീയ സാക്ഷ്യം: ലിയോ പതിനാലാമൻ പാപ്പാ

കറ്റലോണിയയയിലെ ബാഴ്സലാലോണയിൽ, അതിരൂപതയുടെ കാരുണ്യസേവനവിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് ജൂൺ 10 ബുധനാഴ്ച, വിശുദ്ധ അഗസ്റ്റിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. ക്രൈസ്തവജീവിതത്തിന്റെ അർത്ഥം, മനുഷ്യരിലുണ്ടാകേണ്ട കാരുണ്യമനോഭാവം, ക്ഷമ, ദൈവസ്നേഹം തുടങ്ങിയ വിവിധ വിഷയങ്ങൾ പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിൽ ഇടം പിടിച്ചു.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സ്പെയിനിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയുടെ അഞ്ചാം ദിവസമായ ജൂൺ പത്താം തീയതി ബുധനാഴ്ച, കറ്റലോണിയയയിലെ ബാഴ്സലാലോണ അതിരൂപതയുടെ കാരുണ്യസേവനവിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. തനിക്ക് ലഭിച്ച സ്വീകരണത്തിനും, സമ്മേളനത്തിൽ പങ്കുവയ്ക്കപ്പെട്ട സാക്ഷ്യങ്ങൾക്കും നന്ദി പറഞ്ഞ പാപ്പാ, ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത് പരാമർശിച്ചുകൊണ്ട്, ജീവിതം ഒറ്റയ്ക്ക് പ്രദർശനവസ്തുവാക്കാനുള്ള ഒന്നല്ലെന്നും, ഒരുമിച്ച് കൂട്ടായ്മയിൽ ജീവിക്കാനും മുൻപോട്ട് പോകാനുമുള്ള ഒന്നാണെന്നും ഓർമ്മിപ്പിച്ചു. മറ്റുള്ളവർക്കൊപ്പം ജീവിക്കാൻ അറിയാത്തവർ, ഇനിയും ജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

റെൻസോ എന്ന ഒരു കുട്ടിയുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിക്കൊണ്ട്, താൻ പാപ്പയാകാൻ ആഗ്രഹിച്ചിരുന്നില്ലെന്നും, എന്നാൽ ദൈവഹിതമനുസരിച്ച് അഗസ്റ്റീനിയൻ സഭയിൽ ചേരുകയായിരുന്നുവെന്നും പറഞ്ഞു. ഓരോ കുട്ടിയും ദൈവത്തിന്റെ സ്വപ്നപദ്ധതിയുടെ ഭാഗമാണെന്നും, അവൻ നമ്മുടെ സന്തോഷാമാണ് ആഗ്രഹിക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.  നാം എന്തായിത്തീരുന്നു എന്നതിനേക്കാൾ യേശുവിന്റെ സുഹൃത്തായിത്തീരാൻ ആഗ്രഹിക്കുന്നുവോ എന്നതാണ് പ്രധാനപ്പെട്ടതെന്ന് പാപ്പാ പറഞ്ഞു.

ജീവിതത്തിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും ഉണ്ടാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ പാപ്പാ, യേശുവിന്റെ ജീവിതത്തിലേക്ക് വിരൽ ചൂണ്ടി, നന്മ ചെയ്തുകൊണ്ട് കടന്നുപോയ അവൻ ക്രൂശിക്കപ്പെട്ടുവെന്നും, എന്നാൽ, മൂന്നാം ദിനത്തിൽ അവൻ ഉയിർത്തുവെന്നും ഓർമ്മിപ്പിച്ചു. സഹനങ്ങൾക്കപ്പുറം നിത്യമായ ആനന്ദം ഉണ്ടെന്ന വിശ്വാസം കാത്തുസൂക്ഷിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

മുത്തശ്ശീമുത്തച്ഛന്മാർക്ക് നൽകേണ്ട പ്രാധാന്യം എടുത്തുപറഞ്ഞ പാപ്പാ, തങ്ങളുടെ കൊച്ചുമക്കളുടെ ശുശ്രൂഷയ്ക്കായി പോലും അദ്ധ്വാനിക്കുന്ന അവർ ഒറ്റയ്ക്കാക്കപ്പെടരുതെന്ന് ഓർമ്മിപ്പിച്ചു. സ്നേഹത്തിന് പകരം സ്നേഹം കൊണ്ടാണ് മറുപടി നൽകേണ്ടതെന്നും അതാണ് യേശു നമ്മിൽ നിന്ന് ആഗ്രഹിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

എല്ലായ്‌പ്പോഴും ക്ഷമിക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ പാപ്പാ, ക്ഷമിക്കുകയെന്നാൽ നാം നേരിട്ട തെറ്റിനെ അംഗീകരിക്കുകയെന്നോ, അതിൽ തുടരാൻ മറ്റുള്ളവരെ അനുവദിക്കുക എന്നോ അല്ല, വിദ്വേഷം നമ്മുടെ ഹൃദയത്തെ ഭരിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണെന്ന് ഉദ്‌ബോധിപ്പിച്ചു.

റെൻസോയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷം, പൊതുസദസ്സിനോടായി സംസാരിക്കവെ, ക്രൈസ്തവവിശ്വാസം ഒരു കൃപയാണെന്നതാണ് വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവർക്ക് വേണ്ടി പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളോട് ചേർന്നുള്ള നമ്മുടെ പ്രവർത്തനങ്ങളെ സ്വർഗ്ഗസ്ഥനായ പിതാവ് അനുഗ്രഹിക്കുമെന്ന്, കാരുണ്യപ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.

ദൈവത്തെയും മറ്റുള്ളവരെയും പ്രതിഫലേശ്ചകൂടാതെ സ്നേഹിക്കാനും, സഹനമനുഭവിക്കുന്ന മനുഷ്യരിൽ കർത്താവാണ് സഹിക്കുന്നതെന്ന ബോധ്യത്തോടെ അവരുടെ നന്മ ആഗ്രഹിക്കാനുമാണ് ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. യേശുവിൽ അധിഷ്ഠിതവും, അവന്റെ സ്നേഹത്താൽ വളരുന്നതുമായ സുവിശേഷാത്മകസ്നേഹമാണ് വ്യക്തിഗത, സാമൂഹിക ക്രൈസ്തവ ജീവിതത്തിന് രൂപവും വ്യക്തിത്വവും നൽകുന്നത്.

അതിരൂപതയിലെ കാരുണ്യസേവനപ്രവർത്തകരെയും, അതുമായി ബന്ധപ്പെട്ട ഏവരെയും കണ്ടുമുട്ടാൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ, മനുഷ്യാന്തസ്സിനെക്കുറിച്ചുള്ള ബോധ്യം നഷ്ടപ്പെട്ടുവോ എന്ന ചോദ്യമുയരുന്ന ഒരു കാലത്താണ് നിങ്ങൾ ദുർബലർക്കും പാവപ്പെട്ടവർക്കും ശുശ്രൂഷ ചെയ്യുന്നതെന്ന് പ്രസ്താവിച്ചു. ക്രൈസ്തവർ ദൈവസ്നേഹം അനുഭവസ്ഥമാക്കാൻ വേണ്ടി വിളിക്കപ്പെട്ടവരാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഒരേ ദൈവപിതാവിന്റെ മക്കളാണ് നാമെന്ന ബോധ്യത്തോടെ മറ്റുള്ളവരെ സ്വീകരിക്കാനാണ് ദൈവം നമ്മെ വിളിക്കുന്നതെന്ന് ഉദ്‌ബോധിപ്പിച്ച പരിശുദ്ധ പിതാവ്, സഭാനേതൃത്വത്തിനൊപ്പവും സുവിശേഷത്തിന്റെ സാക്ഷ്യമായും, ക്രൈസ്തവജീവിതത്തിന്റെ മനോഹാരിത ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടും ഈ ശുശ്രൂഷകൾ തുടരാൻ ആഹ്വാനം ചെയ്തു. ക്രൈസ്തവമായ പ്രത്യാശയുടെ വിശ്വസനീയരായ സാക്ഷികളാണ് നിങ്ങളെന്ന് പാപ്പാ പ്രസ്താവിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

11 ജൂൺ 2026, 13:52