തിരയുക

കുടിയേറ്റക്കാർക്കൊപ്പം പാപ്പാ കുടിയേറ്റക്കാർക്കൊപ്പം പാപ്പാ   (AFP or licensors)

കുടിയേറ്റക്കാരെ വഞ്ചിക്കുന്നവരോട് മാനസാന്തരപ്പെടുവാൻ ആവശ്യപ്പെട്ടുകൊണ്ട് പാപ്പാ

2026 ജൂൺ 12-ന് തെനറൈഫിലെ സാൻ ക്രിസ്റ്റോബൽ ഡി ലാ ലഗുണയിൽ വെച്ച് കുടിയേറ്റക്കാരുടെ സംയോജനത്തിനായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളുമായും കുടിയേറ്റക്കാരുമായും ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തി. കാരുണ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ശക്തമായ സന്ദേശമാണ് പാപ്പാ പങ്കുവച്ചത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മതിൽക്കെട്ടുകളില്ലാത്ത, തുറന്ന നഗരമെന്നു അറിയപ്പെടുന്ന, സാൻ ക്രിസ്റ്റോബൽ ഡി ലാ ലഗുണയുടെ പ്രത്യേകത വിവരിച്ചുകൊണ്ടാണ് പാപ്പാ തൻെറ സന്ദേശം ആരംഭിച്ചത്. ദ്വീപുകളെ ചുറ്റിയുള്ള കടൽ വേദനയുടെയും പ്രതീക്ഷയുടെയും കഥകൾ പറയുന്നുണ്ടെങ്കിലും പലപ്പോഴും നാം അവ വായിക്കാൻ മറന്നുപോകുന്നു. ഒരു നഗരത്തിന് മതിൽക്കെട്ടുകളില്ലെങ്കിൽ, അവിടെയുള്ള ജനങ്ങളുടെ ഹൃദയങ്ങളും മറ്റുള്ളവരെ സ്വീകരിക്കാനായി തുറക്കപ്പെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ബ്രെയ്‌ലി ലിപിയെയും മറ്റ് സ്പർശനത്തിലൂടെയുള്ള ആശയവിനിമയങ്ങളെയും ഉദാഹരിച്ചുകൊണ്ട്, വായന എന്നത് കേവലം കണ്ണുകൾ കൊണ്ടല്ല, മറിച്ച് സാമീപ്യം കൊണ്ടാണ് യാഥാർത്യവത്ക്കരിക്കേണ്ടതെന്നു  പാപ്പ പറഞ്ഞു. പലപ്പോഴും നാം മറ്റൊരാളെ കാണുന്നുണ്ടെങ്കിലും അവരെ അംഗീകരിക്കുന്നില്ല; ഒരു മുഖത്തെ കേവലം ഒരു സംഖ്യയോ,  ഫയലോ ആയി നാം മാറ്റുന്നു. എന്നാൽ സുവിശേഷം നമ്മെ പഠിപ്പിക്കുന്നത് സാമീപ്യത്തിലൂടെയും ക്ഷമയിലൂടെയും സഹായഹസ്തങ്ങൾ നീട്ടിക്കൊണ്ടും യാഥാർത്ഥ്യങ്ങളെ ആഴത്തിൽ വായിക്കാനാണെന്ന് പാപ്പാ എടുത്തു പറഞ്ഞു.

ക്രിസ്തുവിന്റെ മുറിവുകളിൽ സ്പർശിച്ച തോമാശ്ലീഹായെപ്പോലെ, സഭയും വേദനിക്കുന്ന സഹോദരങ്ങളുടെ മുറിവുകളിൽ തൊടുമ്പോൾ ക്രിസ്തുവിനെ കണ്ടെത്തുന്നു.  വിശുദ്ധ  മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിലെ സുവിശേഷ വാക്യങ്ങൾ പാപ്പ അനുസ്മരിച്ചുകൊണ്ട്,  മനുഷ്യന്റെ വേദന സ്നേഹത്തോടെ സ്പർശിക്കപ്പെടുന്നിടത്ത്, വിശക്കുന്നവനിലും ദാഹിക്കുന്നവനിലും നഗ്നനിലും രോഗിയിലും തടവുകാരനിലും പരദേശിയിലും താൻ സന്നിഹിതനാണെന്ന് ക്രിസ്തു നമുക്ക് സ്ഥിരീകരിച്ചു തരുന്നുവെന്നും, ജീവിക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയുന്ന ഈ വിശ്വാസത്തിൽ നിന്നാണ് ഫാദർ ഡാർവിന്റെയും മറ്റ് അനേകം വ്യക്തികളുടെയും സേവനം ഉരുത്തിരിയുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ഈ ബോധ്യത്തിൽ നിന്നുമാണ്, ഐക്യദാർഢ്യം എന്നത് മനുഷ്യന്റെ അന്തസ്സ് തിരിച്ചറിയുന്നതിൽ നിന്ന് ജനിക്കുന്നതാണെന്നും അത് കേവലമായ ഔദാര്യമോ പരോപകാരമോ അല്ലെന്നും അതിനാൽ, ഏവരെയും സ്വീകരിക്കുക എന്നത് കടമയാണെന്നും ഏവരും തിരിച്ചറിയുന്നതെന്നും പാപ്പാ പറഞ്ഞു. സംയോജനം എന്നാൽ കുടിയേറ്റക്കാരായി  എത്തുന്നവരുടെ ചരിത്രം മായ്ച്ചുകളയുക എന്നോ അവരുടെ ഓർമ്മയിലുള്ളതെല്ലാം ഉപേക്ഷിക്കാൻ ആവശ്യപ്പെടുക എന്നോ അർത്ഥമില്ലയെന്നും, മറിച്ച് ഇത് പരസ്പരമുള്ള ഒരു യാത്രയാണെന്നു എടുത്തു പറഞ്ഞ പാപ്പാ, സ്വീകരിക്കുന്ന സമൂഹത്തോട് വിശ്വാസത്തോടെ തുറന്ന സമീപനം സ്വീകരിക്കുക, അവരുടെ ഭാഷ പഠിക്കുക, നിയമങ്ങൾ ബഹുമാനിക്കുക, ആചാരങ്ങൾ മനസ്സിലാക്കുക, പൊതുജീവിതത്തിൽ പങ്കുചേരുക,  കഴിവുകൾ ഉപയോഗിക്കുക എന്നതെല്ലാം കുടിയേറ്റക്കാരുടെ ഉത്തരവാദിത്വങ്ങൾ ആണെന്നതും അടിവരയിട്ടു.

നിയമപരമായ വിഭാഗങ്ങളെക്കുറിച്ചോ കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളെക്കുറിച്ചോ സംസാരിക്കുന്നതിന് മുൻപ്, ദൈവത്തിന്റെ ചായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തികളെക്കുറിച്ചാണ് നാം സംസാരിക്കേണ്ടതെന്നും, അവർ എത്തിച്ചേരുമ്പോൾ ജീവിതത്തിൽ ഭാവിയിലേക്കുള്ള ഒരു പ്രത്യാശയെക്കുറിച്ചാണ് പ്രവൃത്തികളിലൂടെയും, പെരുമാറ്റത്തിലൂടെയും നാം ആശയവിനിമയം നടത്തേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. സംയോജനം എന്നാൽ ഒരാൾക്ക് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇടങ്ങൾ ഒരുക്കുക എന്നതാണെന്നു ആദ്യകാല കുടിയേറ്റക്കാർ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നതും പാപ്പാ അടിവരയിട്ടു.

പിന്നീട് കത്തോലിക്കാരായ സഹോദരങ്ങൾക്ക്, കുടിയേറ്റക്കാരോട് ഉണ്ടായിരിക്കേണ്ട മനോഭാവവും പാപ്പാ എടുത്തു പറഞ്ഞു. ഇടവകകളിൽ എത്തുന്നവർക്ക് ഭക്ഷണം, പാർപ്പിടം, ഭാഷ, ജോലി, സംരക്ഷണം എന്നിവ ആവശ്യമാണെന്നും, എന്നാൽ അതിനോടൊപ്പം, ഓരോ വ്യക്തിയുടെയും മനസ്സാക്ഷിയെയും സ്വാതന്ത്ര്യത്തെയും ബഹുമാനിച്ചുകൊണ്ട് യേശുക്രിസ്തുവിനെ അറിയാനുള്ള പാതകൾ നൽകാൻ കഴിയുന്ന ഒരു സമൂഹത്തെയും അവർക്ക് കണ്ടെത്താനാകണമെന്നും പാപ്പാ പറഞ്ഞു. മുറിവേറ്റവരായി എത്തിയവർ തങ്ങളുടെ വേദനയിൽ എന്നും തളച്ചിടപ്പെടാതെ, അവർക്ക് എഴുന്നേറ്റ് നിൽക്കാനും സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് സമൂഹത്തിന് നൽകാനും കഴിയണമെന്നും, ഇതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കണമെന്നും പാപ്പാ പറഞ്ഞു.

തുടർന്ന് പാപ്പാ  മരണത്തിന്റെ പാതകൾ ഒരുക്കുന്നവരോട്, മനുഷ്യക്കടത്ത് നടത്തുന്നവരോട്, രേഖകൾ തടഞ്ഞുവെക്കുന്നവരോട്, തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരോട്, സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നവരോട്, കുടുംബങ്ങളെ വഞ്ചിക്കുന്നവരോട്, മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ ബിസിനസ്സാക്കി മാറ്റുന്നവരോട്, മനസാന്തരപ്പെടുക എന്ന ശക്തമായ  താക്കീതും നൽകി. നഷ്ടപ്പെട്ട ഓരോ ജീവനും, വഞ്ചിക്കപ്പെട്ട ഓരോ കുടുംബത്തിനും, കീഴ്പ്പെടുത്തപ്പെട്ട ഓരോ ശരീരത്തിനും, ഭീഷണിപ്പെടുത്തപ്പെട്ട ഓരോ സ്ത്രീക്കും, ചൂഷണം ചെയ്യപ്പെട്ട ഓരോ തൊഴിലാളിക്കും വേണ്ടി നിങ്ങൾ ദൈവത്തിന്റെ നീതിക്ക് മുൻപിൽ മറുപടി പറയേണ്ടി വരുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. സ്വീകരിക്കപ്പെടാനും സംരക്ഷിക്കപ്പെടാനും വിലമതിക്കപ്പെടാനും സംയോജിക്കപ്പെടാനും ആഗ്രഹിക്കുന്ന ഓരോ സഹോദരനിലും തന്നെ തിരിച്ചറിയാൻ യേശു നമ്മെ വിളിക്കുന്നുവെന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

13 ജൂൺ 2026, 09:48