യേശുവിനെ ശ്രദ്ധിക്കാനും അവിടുത്തെ വചനം അനുസരിക്കാനും മറിയം നമ്മെ പഠിപ്പിക്കുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
തന്റെ സ്പെയിൻ പര്യടനത്തിന്റെ ഭാഗമായി, ബാഴ്‌സലോണയിലെ മോണ്ട്സെറാത്തിലെ മാതാവിന്റെ സന്നിധിയിൽ എത്തിയ പരിശുദ്ധ പിതാവ്, അവിടുത്തെ മെത്രാന്മാരെയും വൈദികരെയും സന്യസ്തരെയും പ്രത്യേകിച്ച് കൊച്ചു കുട്ടികളെയും അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. "മൊറെനെത്ത" (Moreneta) എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെടുന്ന മോണ്ട്സെറാത്തിലെ കറുത്ത മാതാവിന്റെ പാദങ്ങളിൽ തന്റെ പത്രോസിനടുത്ത ശുശ്രൂഷയും, ലോകം കാംക്ഷിക്കുന്ന നീതിയും സമാധാനവും സമർപ്പിക്കാനാണ് താൻ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പെറുവിലെ ട്രൂജില്ലോയിൽ (Trujillo) താൻ ഇടവക വികാരിയായിരുന്ന കാലത്ത് മോണ്ട്സെറാത്ത് മാതാവിനോടുണ്ടായിരുന്ന വ്യക്തിപരമായ ഭക്തിയും അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
നൂറ്റാണ്ടുകളായി വിശ്വാസികളുടെ കണ്ണുനീരിനും പ്രാർത്ഥനകൾക്കും സാക്ഷ്യം വഹിച്ച ഈ പുണ്യസങ്കേതം കറ്റാലൻ ജനതയുടെ വിശ്വാസത്തിന്റെ അടയാളമാണെന്ന് പാപ്പാ എടുത്തു പറഞ്ഞു. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള ഗായകസംഘമായ 'എസ്കൊളാനിയ' (Escolanía) പാടുന്ന സ്തുതിഗീതങ്ങളും ക്രിസ്തുവിനായി രക്തസാക്ഷിത്വം വരിച്ചവരുടെ ചരിത്രവും ഇവിടെ ഉണ്ടെന്നു പറഞ്ഞ പാപ്പാ, 2023-ൽ ഫ്രാൻസിസ് പാപ്പാ, 'സുവർണ്ണ റോസാപുഷ്പം' സമർപ്പിച്ചത് അനുസ്മരിച്ചുകൊണ്ട്, മറിയം ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിൽ എത്രത്തോളം അവിഭാജ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിശുദ്ധ ഇഗ്നേഷ്യസ് ലയോള തന്റെ ആയുധങ്ങൾ വെടിഞ്ഞ് യേശുവിനായി ജീവിതം സമർപ്പിച്ച മാറ്റത്തിന്റെ ഇടം കൂടിയാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കാനായിലെ കല്യാണവിരുന്നിൽ മറിയം നൽകിയ "അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ" (യോഹന്നാൻ 2, 5) എന്ന നിർദ്ദേശം ഒരു ക്രൈസ്തവ ജീവിതത്തിന്റെ പൂർണ്ണരൂപമാണെന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. യേശുവിനെ ശ്രദ്ധിക്കാനും അവിടുത്തെ വചനം അനുസരിക്കാനും മറിയം നമ്മെ പഠിപ്പിക്കുന്നു. "നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ" എന്ന യേശുവിന്റെ കല്പന പ്രാവർത്തികമാക്കാനാണ് മറിയം നമ്മോട് ആവശ്യപ്പെടുന്നത്. ഈ സ്നേഹം വെറുമൊരു വികാരമല്ല, മറിച്ച് സുവിശേഷത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഹൃദയത്തെ പാകപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ വാക്കുകളിലും മനോഭാവങ്ങളിലും ഒളിഞ്ഞിരിക്കുന്ന അക്രമ ചിന്തകളെക്കുറിച്ചു പാപ്പാ മുന്നറിയിപ്പ് നല്കിയതോടൊപ്പം, മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്ന വിമർശനങ്ങൾ, നശിപ്പിക്കുന്ന തരത്തിലുള്ള വിധി പ്രസ്താവങ്ങൾ, ഭിന്നിപ്പുണ്ടാക്കുന്ന ആക്രമണോത്സുകത എന്നിവ ഉപേക്ഷിക്കുവാൻ ആഹ്വാനവും ചെയ്തു. മോണ്ട്സെറാത്ത് മാതാവിന്റെ മടിയിലിരിക്കുന്ന ഉണ്ണീശോ നിരായുധനാണെന്നും, സ്നേഹത്തിന്റെ നിരായുധമായ ശക്തിയിലൂടെയാണ് ലോകം രക്ഷിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികൾ ധരിക്കേണ്ടത് സത്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആയുധങ്ങളാണെന്ന് അദ്ദേഹം വിശുദ്ധ പൗലോസിനെ ഉദ്ധരിച്ച് ഓർമ്മിപ്പിച്ചു.
മാതാവിന്റെ കയ്യിലുള്ള ഗോളം ലോകത്തോടുള്ള അവളുടെ സംരക്ഷണത്തിന്റെ പ്രതീകമാണ്. ആരും മാറ്റിനിർത്തപ്പെടാത്ത, വിഭജനങ്ങളില്ലാത്ത ഒരു ലോകത്തിനായി നാം പരിശ്രമിക്കണം. കുടുംബങ്ങളിലും തൊഴിലിടങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും രാഷ്ട്രീയ ചർച്ചകളിലും വിദ്വേഷത്തിന് പകരം സ്നേഹവും പ്രത്യാശയും വളർത്തണം. കുട്ടികളെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു എന്ന യേശുവിന്റെ വചനം ഓർമ്മിപ്പിച്ചുകൊണ്ട്, നിസ്സഹായരായവരെ സ്നേഹിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. സമാധാനത്തിന്റെ രാജ്ഞിയായ മറിയത്തോട് വിദ്വേഷം ഉപേക്ഷിക്കാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. കറ്റാലൻ ജനതയ്ക്കും ലോകം മുഴുവനും മറിയം എന്നും പ്രത്യാശയുടെയും സംരക്ഷണത്തിന്റെയും മാതാവായിരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരു ചെറിയ പ്രാർത്ഥനയോടെ അദ്ദേഹം തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
