തിരയുക

ലിയോ പതിനാലാമൻ പാപ്പാ കറ്റലോണിയയിലെ ലൂയിസ് കൊംപാഞ്ഞിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ കറ്റലോണിയയിലെ ലൂയിസ് കൊംപാഞ്ഞിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യം  (@Vatican Media)

അജ്ഞതയുടെ ഇരുളിലും ദൈവത്തിന്റെ പ്രകാശത്തിനായി ആഗ്രഹിക്കുക: സ്‌പെയിനിലെ യുവജനങ്ങളോട് ലിയോ പതിനാലാമൻ പാപ്പാ

സ്പെയിനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി കറ്റലോണിയയിലെ ലൂയിസ് കൊംപാഞ്ഞിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ ജൂൺ 9 ചൊവ്വാഴ്ച വൈകുന്നേരം യുവജനങ്ങൾക്കൊപ്പം പ്രാർത്ഥനാസായാഹ്നം നടത്തിയ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, യേശുവും നിക്കൊദേമോസും തമ്മിലുള്ള കൂടിക്കാഴ്ചയെ അധികരിച്ച് സംസാരിക്കുകയും, വ്യക്തിജീവിതത്തിൽ ദൈവത്തെ തേടേണ്ടതിന്റെയും, അവന്റെ പ്രകാശത്തിൽ മുന്നോട്ട് നടക്കേണ്ടതിന്റെയും മെച്ചപ്പെട്ട ഒരു സ്പെയിനിനെ പടുത്തുയർത്തേണ്ടതിന്റെയും പ്രാധാന്യത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ജൂൺ 9 ചൊവ്വാഴ്ച വൈകുന്നേരം കറ്റലോണിയയിലെ ലൂയിസ് കൊംപാഞ്ഞിസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ യുവജനങ്ങൾക്കൊപ്പം പ്രാർത്ഥനാസായാഹ്നം നടത്തിയ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, സുവിശേഷത്തിലെ നിക്കൊദേമോസിന്റെ വ്യക്തിത്വത്തെ പരാമർശിച്ചുകൊണ്ടാണ് വചനസന്ദേശം നൽകിയത്. ഇരുട്ടിൽ തീർത്ഥാടനം നടത്തുന്ന വ്യക്തികളാണ് നാമെന്നും, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങൾക്കിടയിൽ അർത്ഥവും, സത്യവും സ്നേഹവുമാണ് നാം അന്വേഷിക്കുന്നതെന്നും പാപ്പാ പ്രസ്താവിച്ചു. ജീവിതത്തിലും വിശ്വാസ അനുഭവത്തിലും നാമെല്ലാവരും ഇരുട്ടിന്റെയും സംശയങ്ങളുടെയും നിമിഷങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അന്ധകാരത്തിന്റെ രാത്രികൾ അനുഗ്രഹത്തിന്റെയും പുനർജ്ജീവിതത്തിന്റെയും ഇടങ്ങൾ കൂടിയാണെന്നാണ് നിക്കൊദേമോസ് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. നമ്മെ കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ അല്ല, രക്ഷിക്കാനും നവീകരിക്കാനുമുള്ള ആഗ്രഹത്തോടെയാണ് ദൈവം നമ്മെ സമീപിക്കുന്നതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ രാത്രികളെ, അവ നമ്മുടേതാകട്ടെ, സഭയുടേതാകട്ടെ, സമൂഹത്തിന്റേതാകട്ടെ വിധിക്കുക എന്നതാകരുത് നമ്മുടെ ലക്ഷ്യമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സ്പെയിൻ ഉൾപ്പെടെയുള്ള ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളെ ആത്മാർത്ഥതയോടെ നോക്കിക്കാണാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. പട്ടിണിയും, സാമൂഹ്യ, സാംസ്‌കാരിക ഭിന്നതകളും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് മുന്നിൽ ഏതുതരം ഭാവി പടുത്തുയർത്താനാണ് നാം ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഏവരെയും സ്വാഗതം ചെയ്യുന്നതും, എല്ലാവരുടെയും അന്തസ്സ് മാനിക്കുന്നതുമായ ഒരു രാജ്യമായി സ്പെയിൻ നിലനിൽക്കേണ്ടതുണ്ടെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്ക് നയിക്കാൻ സുവിശേഷത്തിന്റെ പ്രഭയ്ക്ക് സാധിക്കുമെന്ന ഉറപ്പോടെ, തുറന്ന മനസ്സോടെയും വിശ്വാസത്തോടെയും ശരണത്തോടെയും ദൈവത്തെ തേടാൻ പാപ്പാ ഏവരെയും ക്ഷണിച്ചു. നമ്മുടേതായ ഒന്നിനെയും നഷ്ടപ്പെടുത്താനല്ല, നമുക്ക് നിത്യജീവൻ നൽകാനും, അവസാനമില്ലാത്ത ആനന്ദത്തിലേക്ക് നമ്മെ നയിക്കാനുമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

10 ജൂൺ 2026, 12:00