ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽനിന്നുള്ള ഒരു ദൃശ്യം ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽനിന്നുള്ള ഒരു ദൃശ്യം  (@Vatican Media)

ക്രൈസ്തവ ആരാധനാക്രമത്തിന്റെ ശരിയായ പാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ലിയോ പതിനാലാമൻ പാപ്പായുടെ ഉദ്‌ബോധനം

ജൂൺ മൂന്നാം തീയതി ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ ആധാരമാക്കിയ തന്റെ പ്രഭാഷണത്തിൽ, സഭയിലും വിശ്വാസജീവിതത്തിലും ആരാധനാക്രമത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അതുമായി ബന്ധപ്പെട്ട ഘടകങ്ങളായ, തിരുക്കർമ്മം, അടയാളം, പ്രതീകം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പരിശുദ്ധ പിതാവ് ഉദ്‌ബോധനം നടത്തിയത്.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചിരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ, ആധാരമാക്കി, സഭയിലും വിശ്വാസജീവിതത്തിലും ആരാധനാക്രമത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അതുമായി ബന്ധപ്പെട്ട ഘടകങ്ങളായ, തിരുക്കർമ്മം, അടയാളം, പ്രതീകം എന്നിവയെ അടിസ്ഥാനമാക്കിയാണ് ജൂൺ മൂന്നാം തീയതി ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പാപ്പാ ഉദ്‌ബോധനം നടത്തിയത്. പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് വരുന്ന ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ടിരുന്ന വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് ഒന്നരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് മുൻപായി വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം, ഇരുപത്തിയെട്ട് മുതൽ മുപ്പത്തിയൊന്ന് വരെയുള്ള തിരുവചനഭാഗം വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.

"അവർ എത്തേണ്ടിയിരുന്ന ഗ്രാമത്തോടടുത്തു. അവനാകട്ടെ യാത്ര തുടരുകയാണെന്ന് ഭാവിച്ചു. അവർ അവനെ നിർബന്ധിച്ചുകൊണ്ടു പറഞ്ഞു: ഞങ്ങളുടെകൂടെ താമസിക്കുക. നേരം വൈകുന്നു, പകൽ അസ്തമിക്കാറായി. അവൻ അവരോടുകൂടെ താമസിക്കുവാൻ കയറി. അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോൾ, അവൻ അപ്പം എടുത്ത് ആശീർവദിച്ച് മുറിച്ച് അവർക്കുകൊടുത്തു. അപ്പോൾ അവരുടെ കണ്ണു തുറക്കപ്പെട്ടു. അവർ അവനെ തിരിച്ചറിഞ്ഞു. പക്ഷെ, അവൻ അവരുടെ മുമ്പിൽനിന്ന് അപ്രത്യക്ഷനായി." (ലൂക്കാ 24, 28-31).

വചനവായനയെത്തുടർന്ന് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭദിനം, സ്വാഗതം!

കൗൺസിലിന്റെ "സാക്രോസാന്ക്തും കൊൺചീലിയും" (Sacrosanctum Concilium - SC) എന്ന പ്രമാണരേഖയെ ആധാരമാക്കിയ നമ്മുടെ പ്രബോധനങ്ങൾ തുടർന്നുകൊണ്ട്, പരിശുദ്ധമായ ആരാധനാക്രമത്തിന്റെ ഘടനാപരമായ ഭാഗങ്ങളിൽ ചിലതായ, തിരുക്കർമ്മം, അടയാളം, പ്രതീകം എന്നിവയെക്കുറിച്ച് നമുക്ക് വിചിന്തനം ചെയ്യാം.

ആരാധനാക്രമ പ്രസ്ഥാനത്തിന്റെ വിലയേറിയ പ്രവർത്തനങ്ങൾ ഉൾക്കൊണ്ട്, രണ്ടാം വത്തിക്കാൻ കൗൺസിൽ, പുരാതനസഭയുടെ ബോധത്തിലും സഭാപിതാക്കന്മാരുടെ ഉദ്ബോധനങ്ങളിലും ഏറെ സജീവമായിരുന്ന ഒരു സത്യം വീണ്ടും കണ്ടെത്താൻ നമ്മെ സഹായിച്ചു. ക്രൈസ്തവ ആരാധനാക്രമത്തിന്റെ തിരുക്കർമ്മങ്ങൾ കൗദാശികരഹസ്യത്തിന്റെ ഒരു ബാഹ്യ അവതരണമോ ഏകപക്ഷീയമായ മതചടങ്ങുകളുടെ കൂട്ടമോ അല്ല, മറിച്ച്, ദൈവകൃപ നമ്മിലേക്ക് എത്തിച്ചേരുന്ന സഭാത്മക ഇടപെടലും മാർഗ്ഗവുമാണ്. ഇക്കാരണത്താൽ, ആരാധനാക്രമത്തിൽ സാക്ഷാത്കരിക്കപ്പെടുന്ന വിശ്വാസരഹസ്യത്തെ (Mysterium fidei), തിരുക്കർമ്മങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും മനസ്സിലാക്കാൻ കൗൺസിൽ നമ്മോട് ആഹ്വാനം ചെയ്യുന്നു.

തിരുക്കർമ്മം, യേശുക്രിസ്തുവിലൂടെ ദൈവസാന്നിദ്ധ്യം അനുഭവിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു ആദ്ധ്യാത്മിക സംവേദനക്ഷമത നമ്മിൽ സൃഷ്ടിച്ചുകൊണ്ട്, ആരാധനാക്രമപ്രവർത്തനത്തെയും, അതുവഴി നമ്മുടെ ജീവിതത്തെയും രൂപപ്പെടുത്തുന്നു. സ്വാഭാവികമായും, ഇത് സംഭവിക്കുക, നമ്മൾ അപരിചതരെപ്പോലെയോ വെറും നിശബ്ദരായ പ്രേക്ഷകരെപ്പോലെയോ നിൽക്കാതെ, കർത്താവിന്റെ കല്പനയനുസരിച്ചുകൊണ്ട്, സമ്പൂർണ്ണമായി, ശരീരവും, മനസ്സും ഹൃദയവുമുൾപ്പെടെ, ആരാധനാക്രമത്തിൽ പങ്കെടുക്കുമ്പോഴാണ്. പരിശുദ്ധമായ തിരുക്കർമ്മത്തിലൂടെ നാം തിരുവചനശ്രവണത്തിനും, കൃതജ്ഞതാപ്രകടനത്തിനും, ആരാധനയ്‌ക്കും സഹോദര്യപൂർണ്ണമായ പങ്കിടലിനും, സഭാത്മക കൂട്ടായ്മയ്ക്കും വേണ്ടി രൂപീകരിക്കപ്പെടുന്നു. ഒരേ വിശ്വാസത്താൽ ഒരുമിച്ചുചേർക്കപ്പെട്ട അനേകം മുഖങ്ങളുള്ള ഒരു കൂട്ടായ്മയാണ് നാമെന്ന് മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നു.

സ്വയം പ്രേരിതമായി കാര്യങ്ങൾ ചെയ്യാനുള്ള നമ്മുടെ വ്യക്തിഗത പ്രവണതയ്ക്ക് വിരുദ്ധമായി നിൽക്കുന്നതെന്ന് ചിലപ്പോഴെങ്കിലും തോന്നിച്ചേക്കാവുന്ന, കൃത്യമായി നിർവ്വചിക്കപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെയും പ്രാർത്ഥനയുടെയും ഒരു ക്രമത്തിലേക്കാണ് തിരുക്കർമ്മം നമ്മെ കൊണ്ടുപോകുന്നത്. സ്വാതന്ത്ര്യത്തെ ചില നിർദ്ധിഷ്ടവ്യവസ്ഥയിലേക്ക് പരിമിതപ്പെടുത്തുകയെന്നതല്ല ഇതിന് പിന്നിലെ യുക്തി. നേരെമറിച്ച്, തിരുക്കർമ്മം അതിന്റെ ക്രമത്തിന്റെ പ്രൗഢമായ ലാളിത്യത്തിലൂടെ, അനിയന്ത്രിതമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി, അവശ്യം വേണ്ടവയിലേക്ക് നമ്മെ തിരികെ നയിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ കർമ്മങ്ങളുടെ മറ്റൊരു മാനം, പ്രതിഫലത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകളാൽ നയിക്കപ്പെടാത്ത ഒരു അർത്ഥവും, സമയത്തിന്റെയും സ്ഥലത്തിന്റെയും വേറിട്ടൊരു സംവേദനവും മനസ്സിലാക്കാൻ നമുക്ക് സാധിക്കുന്നു. തിരുക്കർമ്മത്തിൽ ഉദാരതയുടെ ഒരു യുക്തിയാണ് നാം അനുഭവിക്കുന്നത്. ഹൃദയത്തെ പുനർജ്ജീവിപ്പിക്കുന്ന ഒരു വിശ്രമസമയം കണ്ടെത്താൻ നമുക്ക് സാധിക്കുന്നു. ദൈവകൃപ നമുക്ക് മുന്നിലുണ്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നു, പരിശുദ്ധാത്മാവ് അധിവസിക്കുന്ന ഒരു ക്രമത്തിൽ ജീവിക്കാൻ നാം അഭ്യസിക്കുന്നു.

തിരുക്കർമ്മത്തിന്റെ കാര്യക്രമം രൂപപ്പെടുത്തിയിരിക്കുന്നത് ആരാധനാക്രമത്തിന്റേതായ അടയാളങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചാണ്. കൗൺസിൽ പറയുന്നതുപോലെ അതിൽ "മനുഷ്യവിശുദ്ധീകരണം ഐന്ദ്രികമായ അടയാളങ്ങളിലൂടെ സൂചിപ്പിക്കുകയും, ഈ അടയാളങ്ങൾ അവയുടേതായ രീതിയിൽ അത് സാക്ഷാത്കരിക്കുകയും ചെയ്യുന്നു" (SC 7). "കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം" ഈ അടയാളങ്ങളുടെ മൂല്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ്: "സൃഷ്ടികർമ്മത്തിലും മാനവികസംസ്കാരത്തിലുമുള്ള അവയുടെ അർത്ഥം, പഴയ ഉടമ്പടിയുടെ സംഭവങ്ങളിൽ വ്യക്തമാവുകയും, ക്രിസ്തുവിന്റെ വ്യക്തിത്വത്തിലും പ്രവർത്തനങ്ങളിലും പൂർണ്ണമായും വെളിപ്പെടുത്തപ്പെടുകയും ചെയ്യുന്നു (n. 1145). സൃഷ്ടിയുടെ ആരംഭം മുതൽ ജലപ്രളയം വരെയും, ചെങ്കടൽ കടക്കുന്നതുമുതൽ ജ്യോർദ്ദാൻ നദി വരെയും, ക്രിസ്തുവിന്റെ വക്ഷസ്സിൽനിന്ന് ഒഴുകുന്ന ജലം വരെയും നാം കാണുന്ന ജലമെന്ന പ്രതീകാത്മകമായ അടയാളം, അവന്റെ മരണത്തിലും പുനരുത്ഥാനത്തിലും പങ്കുചേരുന്നതിന്റെ കൗദാശിക അടയാളമായി മാറുന്നു.

"അടയാളം" "പ്രതീകം" എന്നിവ, പര്യായങ്ങളെന്ന വിധത്തിൽ ഉപയോഗിക്കപ്പെടുന്ന പദങ്ങളാണ്. യഥാർത്ഥത്തിൽ, ഒരു അടയാളം പ്രതീകാത്മകമാകുന്നത്, ഒരു ആശയത്തിലേക്ക് മാത്രമല്ല, അർത്ഥങ്ങളുടെയും മൂല്യങ്ങളുടെയും ഒരു മുഴുവൻ വ്യവസ്ഥയിലേക്ക് നമ്മെ നയിക്കാൻ അതിന് കഴിയുമ്പോഴാണ്. ഉദാഹരണമായി, നമ്മുടെമേൽ വിശുദ്ധ ജലം തളിക്കപ്പെടുമ്പോൾ, മാമ്മോദീസയിലൂടെ ലഭിച്ച കൃപയെക്കുറിച്ചും, ക്രിസ്തുവിലുള്ള പുതുജീവനിലുള്ള നമ്മുടെ പങ്കാളിത്തത്തെക്കുറിച്ചുമുള്ള അവബോധം നമ്മിൽ വീണ്ടും ഉണരുന്നു. രണ്ടാമതായി, പ്രതീകങ്ങൾക്ക്, അവ പ്രാഥമികമായി പ്രവർത്തികളായതുകൊണ്ടുതന്നെ, അടിസ്ഥാനപരമായ പ്രായോഗികമായ ഒരു സ്വഭാവമുണ്ട്. മുട്ടുകുത്തുന്നതും, സമാധാനം കൈമാറുന്നതും പോലെയുള്ള ലളിതവും സാധാരണവുമായ കാര്യങ്ങളിലും, കൂദാശകളുടെ ഘടനാപരമായ പ്രവർത്തനങ്ങൾ പോലെയുള്ള കൂടുതൽ ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങളിലും ഇതാണ് നമുക്ക് കാണാനാകുന്നത്. ഇതിലെല്ലാമുപരി, പ്രതീകങ്ങൾക്ക് പ്രകടനപരവും പരിവർത്തനപരവുമായ ഒരു സവിശേഷഭാവമുണ്ട്. അത്, അവയിൽ ഉപയോഗിക്കപ്പെടുന്ന ഭൗതികവസ്തുക്കളുടെ കാര്യത്തിലായാലും, അവയുമായി സമ്പർക്കം പുലർത്തുന്നവരുടെ കാര്യത്തിലായാലും. അവ സ്വന്തമെന്ന ഭാവം സൃഷ്ടിക്കുകയും, ഹൃദയങ്ങളെയും മനസ്സുകളെയും സ്പർശിക്കുകയും, ആധികാരികമായ സഭാത്മകബന്ധങ്ങൾക്ക് പ്രേരണ നൽകുകയും ചെയ്യുന്നുണ്ട്.

റൊമാനൊ ഗ്വർദീനിയുടെ ഒരു പ്രസ്താവനയെ സ്വന്തമായി സ്വീകരിച്ചുകൊണ്ട്, "ദെസിദേരിയോ ദെസിദെരാവി" (Desiderio desideravi) എന്ന തന്റെ അപ്പസ്തോലികലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ, "ആരാധനാക്രമത്തിന്റെ പ്രഥമ ദൗത്യം, മനുഷ്യനെ പ്രതീകങ്ങളെ മനസ്സിലാക്കാൻ കഴിവുള്ളവനാക്കുക" (44) എന്നതാണെന്ന് എഴുതുന്നുണ്ട്. ഏകപക്ഷീയമായ ചിന്തയില്ലാതെ, നമ്മുടെ ആഘോഷങ്ങളുടെ ഭംഗി ശ്രദ്ധാപൂർവ്വം പരിപാലിച്ചുകൊണ്ടും, ആധികാരികമായ രഹസ്യാത്മകതയിൽ ഉൾച്ചേർന്നുകൊണ്ടും ആരാധനാക്രമത്തിന്റെ തിരുക്കർമ്മങ്ങളാൽ നമ്മെത്തന്നെ പരിശീലിപ്പിക്കാൻ നാം തയ്യാറാകേണ്ടതുണ്ട്. ദൈവവുമായുള്ള കൂടിക്കാഴ്ചയോട് അനുഭാവപൂർണ്ണമായ മനോഭാവം എല്ലാവരിലും വീണ്ടും ഉണർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം, സജീവവും ഭക്തിനിർഭരവും, രഹസ്യാത്മകതയെക്കുറിച്ചുള്ള ഉചിതമായ മതബോധനത്തിന്റെ പിൻബലമുള്ളതുമായ ആരാധനാക്രമത്തിന്റെ ഒരു അനുഭവമാണ്. ദൈവവുമായുള്ള ഈ കൂടിക്കാഴ്ച, മനുഷ്യാവതാരത്തിന്റെ കൂടി അടിസ്ഥാനത്തിൽ, ആത്മാവ്, ജീവൻ, ശരീരം എന്നിവയെ ഉൾപ്പെടുത്തിക്കൊണ്ട് മാത്രമേ നടക്കുകയുള്ളൂ (1 തെസ. 5, 23).

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു.



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 ജൂൺ 2026, 12:09