ദൈവത്തിന്റെ തിരുഹൃദയം നമുക്ക് എളിമയുടെ പാഠം പകർന്നു നൽകുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഓരോ ദിവസവും, പ്രത്യേകമായി കാനറി ദ്വീപിലേക്കുള്ള യാത്രാ ദിനത്തിൽ ലഭിച്ച ദാനങ്ങൾക്ക് ദൈവത്തിനു നന്ദിയർപ്പിച്ചുകൊണ്ടാണ് , ലിയോ പതിനാലാമൻ പാപ്പാ, യേശുവിന്റെ തിരുഹൃദയ തിരുനാളിനോടനുബന്ധിച്ച്, സ്റ്റേഡിയത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേയുള്ള വചന സന്ദേശം ആരംഭിച്ചത്. വിശുദ്ധ ബലിയിൽ ദ്വീപിലെ ഏവരുടെയും അർപ്പണമനോഭാവത്തെയും, അതേസമയം, വേദനകളെയും കർത്താവിനു സമർപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. കടലിൽ ജീവൻ നഷ്ടപെട്ട സഹോദരങ്ങൾക്കായി വിശുദ്ധ ബലിയിൽ പ്രാർത്ഥിക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. സ്‌പെയിൻ മുഴുവനും, യേശുവിന്റെ തിരുഹൃദയത്തിനാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് ഓർമ്മപ്പെടുത്തിയ പാപ്പാ, മാനവികതയുടെയും, കരുണയുടെയും അനുകമ്പയുടെയും ദൈവീക ഹൃദയത്തിന്റെയും ഭാവങ്ങൾ ഉൾക്കൊള്ളുവാൻ സാധിക്കട്ടെയെന്നും ആശംസിച്ചു.
തന്റെ സ്നേഹത്താൽ ഇസ്രയെൽ ജനതയെ തിരഞ്ഞെടുത്ത ദൈവത്തെക്കുറിച്ച് എടുത്തു പറഞ്ഞ പാപ്പാ, അവർ ഹൃദയം കഠിനമാക്കിയപ്പോൾ പോലും, തന്റെ സ്നേഹം തുടർന്നുവെന്നതും അടിവരയിട്ടു. ദൈവത്തിന്റെ സ്നേഹമെന്നത്, കണക്കുകൂട്ടലുകളിൽ അധിഷ്ഠിതമല്ലെന്നും, അത് കേവലം ജീവ കാരുണ്യ പ്രവർത്തനമോ, വികാരമോ അല്ലെന്നും മറിച്ച്, അത് നമ്മുടെ മുഴുവൻ അസ്തിത്വത്തിലും വ്യാപിച്ചുകിടക്കുന്ന ഒന്നാണെന്നു പാപ്പാ എടുത്തുപറഞ്ഞു. എല്ലായ്പ്പോഴും "സ്നേഹത്തിൽ" നിലനിൽക്കുന്ന, നമ്മുടെ നന്മയെയും പൂർണ്ണമായ സന്തോഷത്തെയും ആഗ്രഹിക്കുന്ന ദൈവത്തിന്റെ ഈ മുഖത്താണ് നാം നമ്മുടെ ജീവിതരീതി പോലും തിരിച്ചറിയുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
യേശുവിന്റെ തിരുഹൃദയത്തിനു നമ്മോടുള്ള സ്നേഹത്തിനു മറുപടി നൽകേണ്ടത്, സഹോദരങ്ങളോടുള്ള സ്നേഹത്താൽ ആണെന്നതും, ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ പാപ്പാ അടിവരയിട്ടു. എന്നിരുന്നാലും, ക്രിസ്തുവിന്റെ ഹൃദയത്തിന്റെ സൗജന്യത അവിടെ അവസാനിക്കുന്നില്ലയെന്നും, ഓരോരുത്തരെയും അതിജീവിക്കാൻ മാത്രമല്ല, ആത്മവിശ്വാസം വീണ്ടെടുക്കാനും യാത്ര പുനരാരംഭിക്കാനും എല്ലാവരുടെയും നന്മയ്ക്കായി തന്റെ അതുല്യതയിൽ പൂർണ്ണമായും വളരാനും അഭിവൃദ്ധി പ്രാപിക്കാനും, യേശുവിന്റെ തിരുഹൃദയം സഹായിക്കുന്നുവെന്നതും പാപ്പാ ചൂണ്ടിക്കാട്ടി.
യേശു തന്റെ ഇഹലോക വാസകാലത്ത് നൽകിയ കാരുണ്യപ്രവൃത്തികളുടെ സാക്ഷ്യം, എല്ലാ മനുഷ്യരാശിയുടെയും യഥാർത്ഥ വികസനത്തിനുള്ള പ്രധാന ചാലകശക്തിയാണെന്ന ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. തുടർന്ന് തളർവാത രോഗിയോട് യേശു, "എഴുന്നേറ്റു, നിന്റെ കട്ടിൽ എടുത്ത് നടക്കുക" (മർക്കോസ് 2:9) എന്ന് പറഞ്ഞ വചനത്തിന്റെ വെളിച്ചത്തിൽ, കഷ്ടപ്പെടുന്നവരെ ആലിംഗനം ചെയ്യാനുള്ള യേശുവിന്റെ ക്ഷണം ഓരോരുത്തരും തിരിച്ചറിയണമെന്നും, അവരുടെ ജീവിത പാതയിൽ അവരെ പ്രോത്സാഹിപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. യേശുവിന്റെ ഹൃദയം, എളിമയുളളതാണെന്നും, അത് മറ്റുള്ളവരുമായുള്ള ബന്ധത്തിലേക്ക് നമ്മെ നയിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. മറ്റുള്ളവർ ഇല്ലാതെ പ്രവർത്തിക്കുന്നതിൽ വിജയിച്ചാൽ മാത്രമേ നമ്മുടെ സന്തോഷം കൈവരിക്കാൻ കഴിയൂ എന്നത്, നമ്മുടെ മിഥ്യാധാരണയാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
"ആധികാരിക വിനയം ഉള്ളിടത്ത് സ്നേഹമുണ്ട്, സ്നേഹമുള്ളിടത്ത് സമാധാനമുണ്ട്, കാരണം വിനയത്തിൽ മാത്രമേ നാം ആരാണെന്ന് നമുക്ക് ശരിക്കും അറിയാൻ കഴിയൂ, അതിനാൽ നമുക്ക് പരസ്പരം സ്നേഹിക്കാനും, പരസ്പരം കണ്ടുമുട്ടാനും, പരസ്പരം നൽകാനും, പരസ്പരം ക്ഷമിക്കാനും കഴിയും", പാപ്പാ പറഞ്ഞു. യേശുവിന്റെ തിരുഹൃദയത്തിന്റെ കാരുണ്യത്താൽ പ്രചോദിതരായി, യേശുവിന്റെ കരുണയുടെയും സമാധാനത്തിന്റെയും വാഹകരായി മാറാമെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
