തിരയുക

മാധ്യമ പ്രവർത്തകർക്ക് പാപ്പാ മറുപടി നൽകുന്നു മാധ്യമ പ്രവർത്തകർക്ക് പാപ്പാ മറുപടി നൽകുന്നു   (REUTERS)

യുഎസ്-ഇറാൻ കരാർ യുദ്ധം അവസാനിപ്പിക്കുന്നതിലേക്കു നയിക്കട്ടെ: പാപ്പാ

പാപ്പായുടെ വിശ്രമ വസതിയായ കാസ്ൽ ഗന്ധോൽഫോയിൽ നിന്നും വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടെ, മാധ്യമ പ്രവർത്തകരുടെ ഏതാനും ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി. കുടിയേറ്റ വിഷയത്തിൽ, "എല്ലാവരോടും" ബഹുമാനത്തോടെ പെരുമാറാൻ പാപ്പാ അഭ്യർത്ഥിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ  സിറ്റി

ജൂൺ മാസം പതിനാറാം  തീയതി, ചൊവാഴ്ച്ച, വിശ്രമ വസതിയായ കാസ്ൽ ഗന്ധോൽഫോയിൽ നിന്നും വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടെ, ലിയോ പതിനാലാമൻ പാപ്പാ, വിവിധ വിഷയങ്ങളിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. കുടിയേറ്റക്കാരെയും കുടിയേറ്റത്തെയും കുറിച്ചുള്ള ചോദ്യത്തിന്, മനുഷ്യവ്യക്തികൾ എല്ലാവരെയും ബഹുമാനത്തോടെ കാണണമെന്നും, അവരെ ഉപേക്ഷിച്ചുകൊണ്ട് കൈകഴുകുന്നത്, ക്രിസ്തീയമായ ഒരു പ്രവൃത്തിയെല്ലെന്നും പാപ്പാ എടുത്തു പറഞ്ഞു. സമീപകാലത്ത് സ്പെയിനിലേക്കുള്ള യാത്ര, പ്രത്യേകമായും ഏറെ സംതൃപ്തി നൽകിയെന്നും, കാനറി ദ്വീപുകളിലെ കുടിയേറ്റക്കാരുടെ അവസ്ഥ സൂചിപ്പിച്ചുകൊണ്ട്, ഈ ആളുകൾക്ക് അവരുടെ രാജ്യങ്ങൾ വിട്ടുപോകേണ്ടിവന്നതിന്റെ കാരണങ്ങൾ തിരിച്ചറിയുന്നതിൽ പലപ്പോഴും നാം പരാജയപ്പെടുന്നുവെന്നു പാപ്പാ പറഞ്ഞു.

അമേരിക്കയും ഇറാനും തമ്മിലുള്ള കരാറിനെക്കുറിച്ചും പാപ്പാ പ്രതീക്ഷകൾ പങ്കുവച്ചു. യുദ്ധത്തിലേക്ക് മടങ്ങുന്നതിലൂടെയല്ല, സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് ഏറെ പ്രധാനമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ആണവായുധങ്ങൾ ഇല്ലാതാക്കുക,  എല്ലാ ജനങ്ങളുടെയും നന്മ തേടുക, ഇക്കാലത്ത് ഉയർന്നുവന്ന സാമ്പത്തികവും സാമൂഹികവുമായ  പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴികൾ തേടുക എന്നിവയാണ് ഏറെ പ്രധാനപ്പെട്ടതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 "ലെഫെബ്രിയൻ" സമൂഹമെന്ന പേരിൽ അറിയപ്പെടുന്ന  പത്താം പിയൂസ് പൗരോഹിത്യ സാഹോദര്യ സമൂഹത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, പപ്പായുടെ അനുവാദമില്ലാതെ, അവരുടെ ഇടയിൽ മെത്രാഭിഷേകം നടത്തുവാൻ തീരുമാനിക്കുന്നത് ഏറെ വേദനിപ്പിക്കുന്നതാണെന്നും, കൂട്ടായ്മയ്ക്കുള്ള മറ്റൊരു അഭ്യർത്ഥന കൂടി താൻ നടത്തുമെന്നും പാപ്പാ പറഞ്ഞു. ക്രിസ്ത്യാനികൾക്കിടയിലുള്ള വിഭജനം എല്ലായ്പ്പോഴും വേദനാജനകമായ ഒരു കാര്യമാണെന്നും, എന്നാൽ സഭയുടെ ചില അടിസ്ഥാന ഘടകങ്ങൾ അംഗീകരിക്കാൻ അവർ വിസമ്മതിക്കുന്നത്, പല ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

പാപ്പാ മുൻപ്, മിഷനറിയായി സേവനമനുഷ്ഠിച്ച മെക്സിക്കോയിലേക്കും പെറുവിലേക്കും യാത്ര ചെയ്യാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, അത് നമുക്ക് പ്രതീക്ഷിക്കാം എന്ന് പുഞ്ചിരിയുടെ മറുപടി നൽകി. വേനൽക്കാലത്തു, അൽപ്പം വിശ്രമം, ധാരാളം വായന, ധ്യാനം, അടുത്തതായി വരാനിരിക്കുന്ന കാര്യങ്ങൾക്കുള്ള തയ്യാറെടുപ്പ് എന്നിവയെല്ലാം പ്രധാനപ്പെട്ടതെന്നും പാപ്പാ പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

17 ജൂൺ 2026, 14:09