അഭയാർർത്ഥിയായി  എത്തിയ ഒരു ശിശുവിനെ പാപ്പാ എടുക്കുന്നു അഭയാർർത്ഥിയായി എത്തിയ ഒരു ശിശുവിനെ പാപ്പാ എടുക്കുന്നു   (ANSA)

നാമേവരും സ്വർഗ്ഗീയ മാതൃരാജ്യത്തേക്കുള്ള യാത്രയിലെ തീർത്ഥാടകരാണ്: പാപ്പാ

2026 ജൂൺ 12-ന് ടെനറിഫിലെ (Tenerife) സാൻ ക്രിസ്റ്റോബൽ ഡി ലാ ലഗൂണയിലുള്ള "ലാസ് റൈസസ്" (Las Raíces) മൈഗ്രന്റ് സെന്ററിൽ വെച്ച് കുടിയേറ്റക്കാരുമായി ലിയോ പതിനാലാമൻ കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ, നൽകിയ സന്ദേശത്തിൽ, ഭൗതികമായി നാം എവിടെ നിന്നുള്ളവരാണെങ്കിലും, ആത്മീയമായി നമ്മളെല്ലാവരും സ്വർഗ്ഗീയ ലക്ഷ്യത്തിലേക്കുള്ള തീർത്ഥാടകരാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഓരോ മനുഷ്യനോടും ദൈവത്തിന്റെ കരുണാമയവും,  അനന്തവുമായ സ്നേഹത്തെ പ്രതിനിധീകരിക്കുന്ന തിരുനാളാണ് തിരുഹൃദയ തിരുനാളെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ദൈവ സ്നേഹത്തിനു അതിരുകളും, വേർതിരിവുകളും ഇല്ല എന്നതും, സ്വയം സമർപ്പിച്ചു കൊണ്ട്, നമ്മെ ഐക്യത്തിലേക്ക് നയിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് യേശുവിന്റെ തിരുഹൃദയം എന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. കുടിയേറ്റക്കാർ എന്ന നിലയിൽ സഹോദരങ്ങൾ പങ്കുവച്ച അനുഭവ സാക്ഷ്യങ്ങളെയും പാപ്പാ പ്രത്യേകം പരാമർശിച്ചു. സ്നേഹത്തിന്റെ സാർവത്രികത വിശദീകരിക്കുന്നതിന്, കാനറി ദ്വീപിൽ  നിന്നും മറ്റു ഇടങ്ങളിലേക്ക് സുവിശേഷം പ്രഘോഷിക്കുവാൻ യാത്രയായ ആളുകളെയും പാപ്പാ പേരെടുത്തു പറഞ്ഞു.

അമേരിക്കയുടെ അജ്ഞാതമായ ഇടങ്ങളിൽ, അവർ നൽകിയ സേവനങ്ങൾ വിലമതിക്കാൻ ആവാത്തതായിരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. അതുപോലെ ഈ കാനറി ദ്വീപിലും, കുടിയേറ്റക്കാർ എന്ന നിലയിൽ കൊണ്ടുവന്ന മാനവികതയുടെയും സ്വപ്നങ്ങളുടെയും സംസ്കാരത്തിന്റെയും നിധി സമർപ്പിക്കണമെന്നും, ഇവിടെ നിന്നും ലഭിക്കുന്നവയെ സ്വീകരിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

ഈ കൈമാറ്റം ഉത്തരവാദിത്തത്തോടെ ജീവിക്കണമെന്നും, തലമുറയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും,   സ്നേഹത്തിന്റെ ഒരു നാഗരികതയുടെ പൈതൃകം അവർക്ക് കൈമാറാൻ ആഗ്രഹിക്കണമെന്നും പറഞ്ഞ പാപ്പാ, ഈ സാഹചര്യങ്ങളിൽ ആളുകളുടെ കുടിയേറ്റം   ജനങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലിനും,  പരസ്പര സമ്പുഷ്ടീകരണത്തിനുമുള്ള അവസരമായി മാറുമെന്നും കൂട്ടിച്ചേർത്തു.

ഈ ലോകത്ത് മനുഷ്യകുലം ഒന്നടങ്കം ഒരു തരത്തിൽ കുടിയേറ്റക്കാരാണെന്നു ഓർമ്മിപ്പിച്ച പാപ്പാ, നാമെല്ലാവരും നമ്മുടെ സ്വർഗ്ഗീയ മാതൃരാജ്യത്തേക്കുള്ള യാത്രയിലെ തീർത്ഥാടകരാണെന്നു അടിവരയിട്ടു പറഞ്ഞു. ഈ യാത്ര എല്ലാവർക്കും കൂടുതൽ മാനുഷികമാകുവാനും, വാഗ്ദാനം പൂർത്തീകരണത്തിനായും പരസ്പരം സഹായിക്കണമെന്നും പാപ്പാ ഊന്നിപ്പറഞ്ഞു. ഈ അർത്ഥത്തിൽ, നിരവധി ആളുകൾക്ക് പ്രതീക്ഷയും അന്തസ്സും വീണ്ടെടുക്കുവാൻ സഹായിക്കുന്ന സർക്കാരിന്റെയും വിവിധ സ്ഥാപനങ്ങളുടെയും സന്മനസ്സുള്ള ആളുകളുടെയും സഹകരണത്തിന് പാപ്പാ പ്രത്യേകം  നന്ദിയർപ്പിച്ചു.

കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള കേന്ദ്രത്തിന്റെ പേര്, 'വേരുകൾ' എന്നത് ചൂണ്ടിക്കാണിച്ച പാപ്പാ, അത് തന്നെ ഏറെ ആകർഷിച്ചുവെന്നും പറഞ്ഞു. ഒരാളുടെ ഉത്ഭവം മറക്കാതിരിക്കേണ്ടതിന്റെയും, ഐക്യത്തോടെ തുടരേണ്ടതിന്റെയും, കർത്താവിൽ ആശ്രയിക്കേണ്ടതിന്റെയും ആവശ്യകത സൂചിപ്പിക്കാൻ വേരുകളുടെ പ്രതിച്ഛായ ഉപയോഗിക്കാൻ എപ്പോഴും ഫ്രാൻസിസ് പാപ്പാ ആഗ്രഹിച്ചിരുന്നുവെന്ന വസ്തുതയും പാപ്പാ അടിവരയിട്ടു. "കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതുവേനല്‍ക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകള്‍ എന്നും പച്ചയാണ്; വരള്‍ച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല." എന്ന ജെറെമിയ പ്രവാചകന്റെ പുസ്തകത്തിലെ വചനവും പാപ്പാ എടുത്തു പറഞ്ഞു.  ഒരു കൊടുങ്കാറ്റിനും അപ്രകാരം ദൈവത്തോട് ചേർന്ന് നിൽക്കുന്നവനെ അകറ്റുവാൻ സാധിക്കില്ലെന്നും, അത് ഏവരെയും ശക്തിപ്പെടുത്തുകയും, ജീവൻ പ്രദാനം ചെയ്യുകയും ചെയ്യുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഏവർക്കും തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകുകയും, പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് ഭരമേല്പിച്ചുകൊണ്ട് പ്രാർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

13 ജൂൺ 2026, 09:41