തിരയുക

പ്രായമായവർക്കുള്ള ഭവനത്തിൽ പാപ്പാ സന്ദർശനം നടത്തിയപ്പോൾ പ്രായമായവർക്കുള്ള ഭവനത്തിൽ പാപ്പാ സന്ദർശനം നടത്തിയപ്പോൾ   (ANSA)

ലാഭത്തിൽ നയിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥ കുടുംബ ബന്ധങ്ങളെ ദുർബലപ്പെടുത്തുന്നു: പാപ്പാ

മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള ആറാം ആഗോള ദിനം, ജൂലൈ മാസം ഇരുപത്തിയാറാം തീയതി ആഘോഷിക്കുന്നു. ഈ ദിനാചരണത്തിനായി തിരഞ്ഞെടുത്ത വിചിന്തന പ്രമേയമായ, " ഞാന്‍ നിന്നെ മറക്കുകയില്ല" എന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകം, നാല്പത്തിയൊമ്പതാം അദ്ധ്യായം, പതിനഞ്ചാം തിരുവചനത്തെ ആധാരമാക്കി, ലിയോ പതിനാലാമൻ പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വാർദ്ധക്യത്തിന്റെ ദുർബലതയിൽ പോലും, ഓരോ വ്യക്തിയോടുമുള്ള ദൈവത്തിന്റെ സ്നേഹം ഒരിക്കലും കുറയുന്നില്ല എന്ന് എടുത്തു പറഞ്ഞുകൊണ്ട്, മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള ആറാം ആഗോള ദിനാചരണത്തിനായി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു. " ഞാന്‍ നിന്നെ മറക്കുകയില്ല" എന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകം, നാല്പത്തിയൊമ്പതാം അദ്ധ്യായം, പതിനഞ്ചാം തിരുവചനമാണ്, ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം. കർത്താവ് ആരെയുംവിസ്മരിക്കുകയില്ല എന്ന സത്യമാണ്, ഏശയ്യാ പ്രവാചകനിലൂടെ വെളിപ്പെടുത്തപ്പെടുന്നത് എന്ന മുഖവുരയോടെയാണ്, പാപ്പാ സന്ദേശം ആരംഭിക്കുന്നത്.  " ഞാന്‍ നിന്നെ മറക്കുകയില്ല" എന്ന വചനത്തിൽ അടങ്ങിയിക്കുന്ന വ്യക്തിപരമായ ആർദ്രത ഇന്നും അനുഭവിക്കുവാൻ സാധിക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

വിശുദ്ധ തിരുവെഴുത്തുകളിൽ, പ്രത്യേകിച്ചും സങ്കീർത്തനങ്ങളിൽ, തങ്ങളുടെ ജീവിതത്തെ പറ്റിയുള്ള നിരാശയിൽ നിന്നുമാണ്, വിവിധ പ്രാർത്ഥനകൾ ഉടലെടുക്കുന്നതെന്നും, ഇപ്രകാരം വിസ്മരിക്കപ്പെടുന്നതിന്റെ വേദനാജനകമായ വികാരം അനേകരെ ഒന്നിപ്പിക്കുന്നുവെന്നും ഇതിൽ പ്രായമായവരും ധാരാളമായി ഉൾപ്പെടുന്നുവെന്നു പാപ്പാ ചൂണ്ടിക്കാട്ടി. എന്നാൽ ആരെയും ഒരിക്കലൂം മറക്കാത്ത ദൈവത്തിന്റെ സ്നേഹം, നീതിയുടെ ഒരു പ്രവൃത്തിയാണെന്ന് പറഞ്ഞ പാപ്പാ, ദൗർഭാഗ്യവശാൽ, ഇന്ന് ലോകത്ത്, പ്രായമായവരുടെ സവിശേഷതകൾ മങ്ങുകയും അവരെ വിസ്മൃതിയിൽ മറയ്ക്കുകയും ചെയ്യുന്ന ഒരു അവസ്ഥാവിശേഷം സംജാതമായിരിക്കുന്നുവെന്നും  കൂട്ടിച്ചേർത്തു.

അതിനാൽ മുത്തശ്ശീമുത്തശ്ശന്മാർക്കും വൃദ്ധജനത്തിനുമായുള്ള ആഗോള ദിനം, സഭ എല്ലാവരുടെയും അമ്മയാകാൻ വിളിക്കപ്പെടുന്നുവെന്നും ഏത് പ്രായത്തിലും നാം ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരുമാണെന്ന് നമ്മെ ബോധ്യപ്പെടുത്താനുമുളള അവസരമാണെന്നു പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. ഈ ദിവസം എല്ലാവർക്കും, പ്രത്യേകിച്ച് പ്രായം കുറഞ്ഞവർക്ക്, മുത്തശ്ശീമുത്തശ്ശന്മാരെയും, കുടുംബത്തിലെ പ്രായമായവരെയും സന്ദർശിക്കുന്ന മനോഹരമായ ശീലം പുനരാരംഭിക്കാൻ ഒരു പ്രചോദനമായിരിക്കട്ടെയെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഡിജിറ്റൽ സംസ്കാരം സമ്പർക്കങ്ങൾ  വർദ്ധിപ്പിക്കുകയും, കണ്ടുമുട്ടുന്നതിനുള്ള പുതിയ സാധ്യതകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുവെങ്കിലും, മനുഷ്യ ഹൃദയം അടുപ്പത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ആവശ്യം നിലനിർത്തുന്നുവെന്നു, തന്റെ ഏറ്റവും പുതിയ ചാക്രിക ലേഖനമായ, മഞ്ഞീഫിക്ക ഉമാനിത്താസ് ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

മുതിർന്നവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ സഭയ്ക്ക് ബോധ്യമുണ്ടെന്നും, പലപ്പോഴും അവരെ മുൻവിധിയോടെ കാണുകയും ഒരു ഭാരമായി കണക്കാക്കുകയും ചെയ്യുന്നുവെന്നുള്ള യാഥാർഥ്യം അറിയാമെന്നും സൂചിപ്പിച്ച പാപ്പാ, ലാഭത്തിൽ നയിക്കപ്പെടുന്ന സമ്പദ് വ്യവസ്ഥ കുടുംബ ബന്ധങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന മുന്നറിയിപ്പ് നൽകി. പ്രായമായ അവസ്ഥയിലും, പിതൃത്വവും മാതൃത്വവും ഉള്ള ദൈവത്തിന്റെ കൈകളിലേക്ക് മടങ്ങാനുള്ള ക്ഷണം ഓരോ ദിവസവും സാധുവാണെന്നുള്ളത് ഏറെ ആശ്വാസം പകരുന്നുവെന്നും പാപ്പാ പറഞ്ഞു.

ദൈവത്തിന്റെ ആർദ്രത ചിലപ്പോൾ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് കണ്ടെത്തുന്നത് എന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, ഇത് ഒരു ആത്മീയ ജീവിതം ആരംഭിക്കുന്നതിനോ പുനരാരംഭിക്കുന്നതിനോ ഉള്ള ഉചിതമായ സമയമായി മാറിയേക്കാം എന്നതും അടിവരയിട്ടു പറഞ്ഞു.  നമ്മുടെ ദുർബലതയെക്കുറിച്ച് ലജ്ജിക്കാതിരിക്കാനും,  നാമെല്ലാവരും എല്ലായ്പ്പോഴും പരസ്പരം ആവശ്യമുള്ളവരാണെന്നു മനസിലാക്കുവാനും,  ശ്രദ്ധയ്ക്കും പരിചരണത്തിനും വേണ്ടി അപരനോട് യാചിക്കേണ്ടി വരുമെന്നും ഈ പ്രായം നമ്മെ പഠിപ്പിക്കുമെന്നും, അതിനാൽ പുത്രഭാവത്തോടുകൂടി വിശ്വാസത്തോടെ ദൈവത്തോട് നാം പ്രാർത്ഥിക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

പ്രായമായ അവസ്ഥയിൽ തോന്നുന്ന ദുർബലത, പരസ്പര പിന്തുണയ്ക്കും ഒരു മനുഷ്യശക്തിക്കും ഉറപ്പുനൽകാൻ കഴിയാത്തത്  നമുക്ക് നൽകുന്നവനോടുള്ള പ്രാർത്ഥനയ്ക്കും, നമ്മുടെ ഹൃദയങ്ങളെ തുറക്കുന്നുവെന്നു പാപ്പാ എടുത്തു പറഞ്ഞു.

അനുരഞ്ജനത്തിന്റെയും യഥാർത്ഥ സമാധാനത്തിന്റെയും വഴികളിലേക്ക് ഏവരും നടന്നടുക്കുന്നതിനായും, യുദ്ധവും സാമൂഹിക അക്രമവും വളരെ കഠിനമായി അടയാളപ്പെടുത്തിയ ഈ സമയത്ത്, തങ്ങളുടെ കൊച്ചുമക്കൾ വളരുന്ന ലോകം എങ്ങനെയായിരിക്കുമെന്ന് ആശ്ചര്യപ്പെടുന്ന  അവസരത്തിൽ,  പ്രാർത്ഥനയിൽ തനിക്കൊപ്പം പങ്കുചേരുവാനും പാപ്പാ പ്രായമായ ഏവരെയും ക്ഷണിച്ചു. പ്രാർത്ഥനകളിൽ, പ്രത്യേകിച്ചും, ജപമാല പ്രാർത്ഥനയിൽ തന്നെ ഒരുക്കുന്നതിന് പാപ്പാ ഏവർക്കും നന്ദിയും അർപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

16 ജൂൺ 2026, 13:08