തിരയുക

അംഗങ്ങൾക്കൊപ്പം പാപ്പാ അംഗങ്ങൾക്കൊപ്പം പാപ്പാ   (@Vatican Media)

കുട്ടികളുടെയും ദുര്‍ബലരുടെയും സംരക്ഷണം സഭയിലെ ഏവരുടെയും ഉത്തരവാദിത്വമാണ്: പാപ്പാ

ലാറ്റിൻ അമേരിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ബാലസംരക്ഷണ-സുരക്ഷാ പ്രവർത്തകരെ പാപ്പാ അഭിസംബോധന ചെയ്തു. സഭയിലെ എല്ലാ ഇടങ്ങളും കുട്ടികൾക്കും കൗമാരക്കാർക്കും ദുര്‍ബലരായ വ്യക്തികൾക്കും സുരക്ഷിതമായിരിക്കേണ്ടതിന്റെ ആവശ്യകത പാപ്പാ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭാസമൂഹങ്ങൾ യേശുക്രിസ്തുവുമായുള്ള യഥാർത്ഥ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുന്ന ഇടങ്ങളാകണമെങ്കിൽ അവ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും,  ദുരുപയോഗവും പീഡനവും വ്യക്തികളുടെ ആത്മീയവും മാനുഷികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്ന ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട്, ലാറ്റിൻ അമേരിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ബാലസംരക്ഷണ-സുരക്ഷാ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ സംസാരിച്ചു.

“ചെറിയവർക്കു ഇടർച്ചയാകരുത്” (മത്തായി 18:6) എന്ന കർത്താവിന്റെ മുന്നറിയിപ്പ്,  സഭയുടെ സംരക്ഷണ ദൗത്യത്തിന്റെ അടിസ്ഥാനമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. അടുത്തിടെ സ്പെയിനിലെ മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സഭയിൽ ദുരുപയോഗത്തിന് ഇരയായവരുടെ വേദനയെക്കുറിച്ച് താൻ പരാമർശിച്ചിരുന്നുവെന്നും, അത്തരം സംഭവങ്ങളിൽ സഭ അവരെ കേൾക്കുന്നതിലൂടെയും, സത്യം, നീതി, നഷ്ടപരിഹാരം, പ്രതിരോധം എന്നിവയിലൂടെ പ്രതികരിക്കേണ്ടതുണ്ടെന്നും പാപ്പാ  വ്യക്തമാക്കി.

കുട്ടികളുടെയും ദുര്‍ബലരുടെയും സംരക്ഷണം വൈദികരുടെയോ സഭാനേതൃത്വത്തിന്റെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും, സഭയിലെ എല്ലാവർക്കും പങ്കാളിത്തമുള്ള ഒരു ദൗത്യമാണെന്നും പാപ്പ പറഞ്ഞു. പ്രാദേശിക സഭകളും സർക്കാർ  സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും പ്രതിരോധത്തിന്റെയും പരിചരണത്തിന്റെയും സംസ്കാരം വളർത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും പരിശുദ്ധ പിതാവ് ഉന്നയിച്ചു.

സഭയിലെ എല്ലാ ഇടങ്ങളും, ഭൗതികമോ ഡിജിറ്റലോ ആയാലും,  ഭയവും സംശയവും അവിശ്വാസവും ഇല്ലാതെ യേശുക്രിസ്തുവിനെ ഫലപ്രദമായി കണ്ടുമുട്ടാൻ കഴിയുന്ന യഥാർത്ഥ ഇടങ്ങളാകട്ടെ എന്നതാണ് തന്റെ ആഗ്രഹമെന്ന് പാപ്പ പറഞ്ഞു.

സന്ദേശത്തിന്റെ  അവസാനം, പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് സമർപ്പിച്ച് അപ്പസ്തോലിക ആശീർവാദവും പാപ്പാ  നൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

17 ജൂൺ 2026, 14:06