ഒറ്റപ്പെട്ടു പോകുന്ന വൈദികൻ സാവധാനം തളർന്നു പോകുന്നു: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"നല്ല ഇടയന്റെ ആർദ്രത"ക്ക് സാക്ഷ്യം വഹിക്കാനും "യേശുവിന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പൗരോഹിത്യ ജീവിതം നയിക്കാനും" ലോകത്തിലെ എല്ലാ വൈദികരെയും ക്ഷണിച്ചുകൊണ്ട്, പുരോഹിതരുടെ വിശുദ്ധീകരണത്തിനായുള്ള പ്രാർത്ഥനാ ദിനത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, സന്ദേശം നൽകി.
വിശുദ്ധിയിലേക്കുള്ള വിളി
മാനവരാശിക്കുവേണ്ടി സമാധാനത്തിന്റെയും ഐക്യത്തിന്റെയും വറ്റാത്ത ഉറവയായി ഒഴുകുന്ന ഈശോയുടെ തിരുഹൃദയത്തെ സഭ ധ്യാനിക്കുന്ന ഈ ദിനത്തിൽ, എല്ലാ വൈദികരെയും വിശുദ്ധിയിലേക്ക് ദൈവം ക്ഷണിക്കുന്നുവെന്നു പാപ്പാ ഓർമ്മിപ്പിച്ചു. "നിങ്ങളുടെ ദൈവമായ കർത്താവ് പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻ" (ലേവ്യ 19:2) എന്ന ദൈവവചനം ഓരോ വിശ്വാസിക്കും, പ്രത്യേകിച്ച് വൈദികർക്കും നൽകപ്പെട്ട ആഹ്വാനമാണെന്നും, വിശുദ്ധി എന്നത് ജീവിതത്തിൽ തിരഞ്ഞെടുക്കാവുന്ന പല കാര്യങ്ങളിൽ ഒന്നല്ല, മറിച്ച് ഉത്ഥിതനായ ക്രിസ്തുവിന്റെ ജീവനിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും വ്യക്തിത്വത്തിന്റെ കാതലാണെന്നും, ഇത് ഒരു കേവലമൊരു ആശയമല്ല, മറിച്ച് ക്രിസ്തുവുമായുള്ള ആഴമായ ബന്ധമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
ക്രിസ്തുവിന്റെ ജീവനിൽ പങ്കുചേരൽ
വിശുദ്ധി എന്നത് ദൈവത്തിന്റെ തന്നെ പരിശുദ്ധിയെ സ്വന്തമാക്കലാണ്. ദൈവഹൃദയത്തിന് ഇണങ്ങിയ ഇടയന്മാരായി നമ്മെ മാറ്റുമെന്ന വാഗ്ദാനം (ജെറ 3:15) നിറവേറുന്നത് നാം നമ്മുടെ ഹൃദയങ്ങളെ ക്രിസ്തുവിന്റെ ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴാണ്. എന്നാൽ, ഇവിടെ ഒരു വലിയ വൈരുദ്ധ്യം നിലനിൽക്കുന്നുവെന്നും പാപ്പാ അടിവരയിട്ടു: അതിമഹത്തായ ഈ ദൈവവിളിയുടെ നിധി നാം വഹിക്കുന്നത് ബലഹീനമായ 'മൺപാത്രങ്ങളിലാണ്' (2 കോറി 4:7). വൈദികൻ തന്റെ ജീവിതത്തിൽ അനുഭവിക്കുന്ന പരിമിതികളും തളർച്ചകളും മുറിവുകളും ഈ ഉന്നത വിളിയുമായി എങ്ങനെ പൊരുത്തപ്പെടും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത് ഈശോയുടെ തുറക്കപ്പെട്ട പാർശ്വത്തിലാണ്. അവിടെയാണ് വൈദികൻ യഥാർത്ഥ സമാധാനം കണ്ടെത്തേണ്ടതെന്നും പാപ്പാ പറഞ്ഞു.
ഐക്യത്തിലേക്കുള്ള തീർത്ഥാടനം
ക്രിസ്തുവിന്റെ ഹൃദയവുമായുള്ള നമ്മുടെ ഹൃദയത്തിന്റെ ഐക്യം എന്നത് ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഒന്നല്ല. മറിച്ച്, ഓരോ ദിവസവും നാം നടത്തുന്ന കൗദാശികമായ യാത്രയാണത്. പൗരോഹിത്യം വഴി നാം ക്രിസ്തുവിനോട് സദൃശരാക്കപ്പെട്ടുവെങ്കിലും, അനുദിന ദിവ്യബലിയിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവവചന ധ്യാനത്തിലൂടെയും സഹോദരങ്ങൾക്കുള്ള എളിയ സേവനത്തിലൂടെയും ഈ കൃപയെ വൈദികർ നവീകരിക്കേണ്ടതുണ്ടെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. നമ്മുടെ ജീവിതത്തെ ആത്മീയമെന്നും ലൗകികമെന്നും വേർതിരിക്കരുത് മറിച്ച്, പ്രാർത്ഥന, ശുശ്രൂഷ, ബന്ധങ്ങൾ, പരാജയങ്ങൾ, തളർച്ചകൾ തുടങ്ങി എല്ലാം ദൈവസ്നേഹം വെളിപ്പെടുന്ന ഇടങ്ങളായി മാറണമെന്നും, നമ്മുടെ ഒറ്റപ്പെട്ട പരിശ്രമങ്ങളേക്കാൾ ഉപരിയായി നമ്മെ രൂപാന്തരപ്പെടുത്തുന്ന ദൈവകൃപയോടുള്ള മറുപടിയാണ് വിശുദ്ധിയെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.
സാക്ഷ്യവും സമാധാനവും
ലളിതവും നിർമ്മലവുമായ ഹൃദയമുള്ള ഒരു വൈദികന് പ്രവർത്തനങ്ങൾക്കിടയിലും ധ്യാനാത്മകമായിരിക്കാൻ സാധിക്കണമെന്ന് പാപ്പാ പറഞ്ഞു. ലോകത്തിന് ഇന്ന് ആവശ്യം കേവലം വാക്കുകളോ പദ്ധതികളോ അല്ല, മറിച്ച് ക്രിസ്തുവിന്റെ വിശുദ്ധിയുടെ സുഗന്ധം പരത്തുന്ന അനുരഞ്ജിത ഹൃദയമുള്ള ഇടയന്മാരെയാണ്. വിഭജനങ്ങളും ഭയവും നിറഞ്ഞ ഈ കാലഘട്ടത്തിൽ, ചിതറിപ്പോയവരെ ഒരുമിപ്പിക്കാനും മുറിവേറ്റവരെ സുഖപ്പെടുത്താനുമുള്ള നല്ല ഇടയന്റെ സാക്ഷികളാകാൻ വൈദികർ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പ്രവർത്തനം എന്നത് മറ്റുള്ളവരിലേക്ക് സ്വയം തുറന്നുകൊടുക്കുന്ന ദൈവസ്നേഹത്തിന്റെ പ്രവാഹമാകണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
തിരുഹൃദയം: വിശുദ്ധിയുടെ സ്രോതസ്സ്
വിശുദ്ധിയിലേക്കുള്ള പ്രയാണം കഠിനമായ പ്രായശ്ചിത്ത പ്രവർത്തികളിലല്ല, മറിച്ച് ക്രിസ്തുവിന്റെ കുത്തിത്തുറക്കപ്പെട്ട ഹൃദയത്തിലെ സ്നേഹത്തിൽ ആശ്രയിക്കുന്നതിലാണ്. കുരിശിലെ ഈശോയുടെ തുറക്കപ്പെട്ട പാർശ്വത്തിലൂടെ ദൈവം വിശുദ്ധിയെന്താണെന്ന് കാണിച്ചുതരുന്നു. വിശുദ്ധി എന്നത് അപരന് വേണ്ടി മുറിവേൽക്കാൻ പോലും തയ്യാറാകുന്ന ആത്മത്യാഗപരമായ സ്നേഹമാണ്. സങ്കടങ്ങളെ കൃപയായും കഷ്ടപ്പാടുകളെ പ്രത്യാശയായും മാറ്റാൻ ഈ സ്നേഹത്തിന് സാധിക്കുമെന്നും അതിനാൽ ഈ സ്നേഹം ബലഹീനതയിൽ പോലും സർവ്വശക്തമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
സാമീപ്യവും സാഹോദര്യവും
വിശുദ്ധി എന്നത് മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കലല്ല, മറിച്ച് അവരോട് ഏറ്റവും ചേർന്നുനിൽക്കലാണ്. ഏവർക്കും സമീപിക്കാൻ സാധിക്കുന്ന ഹൃദയമായി വൈദികന്റെ ഹൃദയം മാറണം. മറ്റുള്ളവർക്ക് ആശ്വാസവും വിശ്രമവും കണ്ടെത്താൻ സാധിക്കുന്ന ഇടമായിരിക്കണം പൗരോഹിത്യം. ഈ വിശുദ്ധി ഒറ്റയ്ക്ക് ജീവിക്കാനാവില്ലയെന്നും, വൈദിക സാഹോദര്യത്തിന് അതിനാൽ വലിയ പ്രാധാന്യമുണ്ടെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.
ഒറ്റപ്പെട്ടു പോകുന്ന വൈദികൻ സാവധാനം തളർന്നു പോകുന്നുവെന്നും, എന്നാൽ തന്റെ സഹോദരങ്ങളോടൊപ്പം നടക്കുന്നവൻ അനുദിനം വളരുന്നുവെന്നും പാപ്പാ സന്ദേശത്തിൽ ഊന്നിപ്പറയുന്നു. സാഹോദര്യത്തെ മുറിപ്പെടുത്താതിരിക്കുകയും സ്നേഹം പരിശീലിക്കുകയും ചെയ്യുന്നതിലൂടെ ഇരുളിനെ അകറ്റാമെന്ന് വിശുദ്ധ അഗസ്റ്റിൻ പഠിപ്പിക്കുന്നതും പാപ്പാ അടിവരയിടുന്നു. അതിനാൽ പരസ്പരം കേൾക്കാനും സഹായിക്കുവാനും വൈദികർക്ക് സാധിക്കണമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
