നിരാശയെ പ്രത്യാശയാൽ അതിജീവിക്കാൻ പവിയയിൽ പാപ്പായുടെ ആഹ്വാനം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2026 ജൂൺ 20ന് ഇറ്റലിയിലെ പവിയയിലെക്കുള്ള ഇടയസന്ദർശനത്തിന്റെ ഭാഗമായി, ലിയോ പതിനാലാമൻ പാപ്പാ, വൈദികർ, സന്ന്യാസിനികൾ, സന്ന്യാസികൾ, സെമിനാരി വിദ്യാർത്ഥികൾ എന്നിവർക്കൊപ്പം, ചരിത്രപ്രസിദ്ധമായ 'സാൻ പിയെത്രോ ഇൻ ചേലോ ദോറോ' ബസിലിക്കയിൽ വച്ച് വചന ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കുകയും, സന്ദേശം നല്കുകയും ചെയ്തു. മതേതരവൽക്കരിക്കപ്പെട്ട ഇന്നത്തെ സമൂഹത്തിൽ സുവിശേഷ പ്രഘോഷണം നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. വെല്ലുവിളികൾ കണ്ട് ഭയപ്പെടുകയോ, നിരാശയിലാണ്ട് നിഷേധാത്മകമായ നിലപാടുകളിലേക്ക് വഴുതി വീഴുകയോ ചെയ്യരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പകരം, യേശുവിനെപ്പോലെ കാര്യങ്ങളെ ആഴത്തിൽ കാണാൻ സഹായിക്കുന്ന 'ആത്മീയ ദൃഷ്ടി' നാം വളർത്തിയെടുക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്തു.
അന്ധകാരത്തിനിടയിലും, പരിശുദ്ധാത്മാവ് പരത്തുന്ന പ്രകാശം തിരിച്ചറിയാൻ വിശ്വാസികൾക്ക് കഴിയണമെന്നും, വെള്ളത്തെ വീഞ്ഞാക്കാനും കളകൾക്കിടയിൽ വളരുന്ന ഗോതമ്പിനെ കണ്ടെത്താനുമുള്ള വിശ്വാസത്തിന്റെ കരുത്താണ് ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് എടുത്തു പറഞ്ഞു.
ക്രിസ്തുവിലാകണം സഭയുടെ ആത്മീയ സൗധം പടുത്തുയർത്തേണ്ടതെന്നും, നമ്മുടെ പ്രവർത്തനങ്ങളുടെ കേന്ദ്രം ക്രിസ്തുവല്ലെങ്കിൽ, അനുബന്ധ കാര്യങ്ങളിൽ വ്യാപൃതരായി നാം അമിതമായി അധ്വാനിക്കുകയും എന്നാൽ ആത്മീയമായി തളരുകയും ചെയ്യുമെന്ന മുന്നറിയിപ്പും പാപ്പാ നൽകുന്നു. പാരമ്പര്യങ്ങളെ മുറുകെ പിടിക്കുമ്പോൾത്തന്നെ, കാലത്തിനനുസരിച്ച് നവീകരിക്കപ്പെടാൻ സഭ തയ്യാറാകണമെന്നും, സുവിശേഷത്തിന്റെ കാതലായ വശങ്ങളിലേക്ക് നാമേവരും മടങ്ങണമെന്നും, സഭയിലെ എല്ലാവരും സഹോദരങ്ങളാണെന്ന ബോധ്യത്തോടെ ദൈവരാജ്യത്തിനായി സന്തോഷത്തോടെ ഒന്നിച്ചു പ്രവർത്തിക്കണമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
വൈദികർക്കും സന്ന്യാസികൾക്കും പ്രത്യേക നിർദ്ദേശങ്ങൾ പലവിധ ജോലികൾക്കിടയിൽ ആന്തരികമായ ഏകാഗ്രത നഷ്ടപ്പെടുന്ന വൈദികരോടും സന്ന്യാസികളോടും "ജോലിഭാരം കൊണ്ട് തളരുമ്പോൾ കർത്താവുമായുള്ള ബന്ധത്തിലേക്ക് തിരികെ വരണമെന്നും, ആ ബന്ധത്തിൽ നിന്നാണ് വൈദിക സൗഹൃദത്തിന്റെയും ആത്മീയ സേവനത്തിന്റെയും സന്തോഷം കണ്ടെത്തേണ്ടതെന്നും പാപ്പാ പറഞ്ഞു.
"നിന്നിൽ നിന്ന് പുറത്തേക്ക് പോകരുത്, നിനക്കുള്ളിലേക്ക് തന്നെ മടങ്ങുക; സത്യം വസിക്കുന്നത് മനുഷ്യന്റെ ആന്തരികതയിലാണ്," എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഇന്നും പ്രസക്തമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ബാഹ്യമായ കാര്യങ്ങളിൽ ചിതറിപ്പോകാതെ സ്വന്തം ആത്മാവിലേക്ക് നോക്കാനും ജീവിതത്തിന് അർത്ഥം കണ്ടെത്താനും ഇന്നത്തെ യുവതലമുറ ആഗ്രഹിക്കുന്നുണ്ടെന്നും, അവരെ നയിക്കാൻ സഭയ്ക്ക് കഴിയണമെന്നും പാപ്പാ പറഞ്ഞു.
പാവിയയിലെ സർവ്വകലാശാലാ അജപാലന പ്രവർത്തനങ്ങളെയും സംസ്കാരങ്ങൾ തമ്മിലുള്ള സംവാദങ്ങളെയും പാപ്പാ അഭിനന്ദിച്ചു. ശാസ്ത്രീയവും ബൗദ്ധികവുമായ അന്വേഷണങ്ങൾ സത്യത്തിനും നീതിക്കും വേണ്ടിയുള്ള മനുഷ്യന്റെ ദാഹത്തെ ശമിപ്പിക്കാൻ സഹായിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശീയമായ കൂട്ടായ്മകൾ, വീടുകളിൽ ഒത്തുചേരുന്ന ചെറിയ വചനക്കൂട്ടായ്മകൾ എന്നിവ വഴി സഭ കൂടുതൽ ജനകീയമാകണം. ദരിദ്രരോടുള്ള കരുണയും യുവജനങ്ങളോടുള്ള സാമീപ്യവും സഭയുടെ മുഖമുദ്രയാകണമെന്നും പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
