ശിശുക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക്, സഭാസമൂഹം പിന്തുണ നൽകണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"ജീവനുവേണ്ടിയുള്ള ദിനം", എന്ന പേരിൽ ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നിവിടങ്ങളിലെ മെത്രാൻ സമിതികളുടെ ആഭ്യമുഖ്യത്തിൽ നടത്തുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ആശംസകൾ അറിയിച്ചുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുടെ കൈയൊപ്പോടുകൂടി ടെലിഗ്രാം സന്ദേശമയച്ചു.
ഗർഭത്തിലുള്ള ശിശുവിന്റെ പൂർണ്ണ മാനവികതയുടെ അത്ഭുതത്തെയും, കുഞ്ഞിനെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് നൽകുന്ന പിന്തുണയെയും ഈ വർഷത്തെ ദിനാഘോഷത്തിന്റെ പ്രധാന ചിന്തയായി തിരഞ്ഞെടുത്തതിൽ തനിക്കുള്ള സന്തോഷം പാപ്പാ പങ്കുവച്ചു. ഗർഭധാരണത്തിന്റെ ആദ്യ നിമിഷം മുതൽ ഓരോ മനുഷ്യജീവനെയും , ദൈവം ഇച്ഛിക്കുകയും സൃഷ്ടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനാൽ അനന്തമായ മാന്യത ലഭിക്കുന്നുവെന്ന് പാപ്പാ, തന്റെ പുതിയ ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ട് ഓർമ്മിപ്പിച്ചു. ഈ ദൈവസ്നേഹം ഓരോ മനുഷ്യന്റെയും ജീവിതത്തിന് അർത്ഥം നൽകുന്നുവെന്നും; മരണത്തോടെ അവസാനിക്കാതെ നിത്യജീവിതത്തിലെ പൂർണ്ണതയിലേക്കാണ് അത് നമ്മെ ക്ഷണിക്കുന്നതെന്നും പാപ്പാ വ്യക്തമാക്കി.
ശിശുവിനെ, നഷ്ടപ്പെട്ട മാതാപിതാക്കൾ ദൈവത്തിന്റെ സ്നേഹത്തെ കുറിച്ചുള്ള ബോധത്തിൽ ആശ്വാസവും സമാധാനവും കണ്ടെത്തണമെന്ന് പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചു. ഒപ്പം, “അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ” (ലൂക്കാ 20:38) എന്ന സുവിശേഷ വചനവും അദ്ദേഹം ഓർമ്മിപ്പിച്ചു.ഇത്തരം മാതാപിതാക്കൾക്ക് സഭാസമൂഹത്തിന്റെ പിന്തുണയും, പ്രത്യേകിച്ച് പ്രാർത്ഥനയിലും കൂദാശകളിലും അധിഷ്ഠിതമായ ആത്മീയജീവിതത്തിലൂടെ ലഭിക്കുന്ന ആശ്വാസവും ലഭിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
ജീവിതം അതിന്റെ മഹത്വത്തിലും സ്വാഭാവിക മാന്യതയിലും ദൈവത്തിന്റെ അത്ഭുതകരമായ ദാനമാണെന്ന സാക്ഷ്യം സമൂഹത്തിനു പ്രദാനം ചെയ്യുന്ന എല്ലാവർക്കും നന്ദി അറിയിച്ചതോടൊപ്പം, ഈ ദിനാഘോഷത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്റെ ആത്മീയ സാമീപ്യവും അപ്പസ്തോലിക ആശീർവാദവും നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
