മാനവികതയുടെയും ഐക്യദാർഢ്യത്തിന്റെയും പാത സ്വീകരിക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഇറ്റലിയിലെ പവിയ നഗരത്തിൽ ഇടയസന്ദർശനം നടത്തുന്ന ലിയോ പതിനാലാമൻ പാപ്പാ, നഗരത്തിലെ, വിത്തോറിയ ചത്വരത്തിൽ വെച്ച് പൗരസമൂഹത്തെ അഭിസംബോധന ചെയ്തു. നഗരത്തിന്റെ സൗന്ദര്യം കേവലം കാഴ്ചയിലല്ല, മറിച്ച് അത് പൗരന്മാർക്ക് നൽകപ്പെട്ട ഒരു ദൗത്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നഗരം (Civitas) എന്നത് ഒരു സ്ഥലം മാത്രമല്ല, മറിച്ച് ഒരു മാനുഷിക അവസ്ഥയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. "നഗരം എല്ലാവർക്കും വേണ്ടിയുള്ളതാണ്. പൊതുനന്മയ്ക്കായി വ്യക്തിപരമായ താൽപ്പര്യങ്ങൾ മാറ്റിവെച്ച് പ്രവർത്തിക്കുമ്പോഴാണ് നാം യഥാർത്ഥ പൗരന്മാരാകുന്നത്," അദ്ദേഹം പറഞ്ഞു. നഗരത്തിലെ വിദ്യാലയങ്ങളും ആശുപത്രികളും സർവ്വകലാശാലയും കേവലം കെട്ടിടങ്ങളല്ല, മറിച്ച് അത് മനുഷ്യരുടെ അന്തസ്സിനെ ഉയർത്തിപ്പിടിക്കുന്ന സേവന കേന്ദ്രങ്ങളാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പവിയയിലെ ഫലഭൂയിഷ്ഠമായ ഭൂമിയെയും, നൂറ്റാണ്ടുകളായി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന കർഷകരെയും പാപ്പാ അഭിനന്ദിച്ചു. പാവിയ സർവ്വകലാശാലയുടെ അക്കാദമിക പാരമ്പര്യത്തെ പരാമർശിച്ച അദ്ദേഹം, അറിവ് എന്നത് കേവലം ലാഭത്തിനു വേണ്ടിയുള്ളതാകരുത്, മറിച്ച് മനുഷ്യന്റെ നന്മയ്ക്കായിരിക്കണം എന്ന് ഓർമ്മിപ്പിച്ചു. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുക എന്നതിനർത്ഥം മനുഷ്യനെ പ്രോത്സാഹിപ്പിക്കുക എന്നാണെന്നും പാപ്പാ പറഞ്ഞു.
നാം പഠിക്കുന്നതെല്ലാം നമ്മെത്തന്നെ അറിയാനും സത്യത്തിനും നീതിക്കും വേണ്ടിയുള്ള നമ്മുടെ അസ്തിത്വത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാനും നമ്മെ പ്രേരിപ്പിക്കുന്നുവെന്നും, ഇതായിരുന്നു വിശുദ്ധ അഗസ്റ്റിനിൽ നിലനിന്ന ആത്മീയതയെന്നും പാപ്പാ പറഞ്ഞു. ചിന്തയില്ലാതെ വിശ്വസിക്കാനോ, വിശ്വാസമില്ലാതെ യുക്തിയുടെ ഉന്നതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ സാധ്യമല്ല എന്നതും പാപ്പാ കൂട്ടിച്ചേർത്തു.
സഭ ഒരു അമ്മയെപ്പോലെ എല്ലാവരെയും സ്വാഗതം ചെയ്യണമെന്നും ദരിദ്രരെയും പ്രായമായവരെയും ഒറ്റപ്പെട്ടവരെയും സഹായിക്കുന്നതിൽ മുന്നിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ അഭിവൃദ്ധിക്ക് പിന്നിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് പാപ്പാ പ്രത്യേകമായി നന്ദി അറിയിച്ചു. പാവിയയുടെ നഗരമുദ്രയിലെ കുരിശ് വെറുമൊരു അടയാളമല്ല, മറിച്ച് ക്രൈസ്തവ സ്നേഹത്തിന്റെ ചരിത്രമാണെന്നതും സന്ദേശത്തിൽ പാപ്പാ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
