മധ്യാഹ്‌നപ്രാർത്ഥനാവേളയിൽ പാപ്പാ മധ്യാഹ്‌നപ്രാർത്ഥനാവേളയിൽ പാപ്പാ   (ANSA)

സുവിശേഷ പ്രഘോഷണം ക്രിസ്തുവുമായുള്ള നമ്മുടെ കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവയ്ക്കുന്നതാണ്: പാപ്പാ

2026 ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ഞായറാഴ്‌ച്ച, വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാൻ ചത്വരത്തിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ. ലത്തീൻ ആരാധന ക്രമം, ആണ്ടുവട്ടക്കാലം പന്ത്രണ്ടാം ഞായറാഴ്ച്ചയിലെ വചന ഭാഗമായ, വിശുദ്ധ മത്തായിയുടെ സുവിശേഷം, പത്താം അധ്യായം, 26 മുതൽ 33 വരെയുള്ള തിരുവചനങ്ങളെ ആധാരമാക്കിയാണ്, പാപ്പാ സന്ദേശം നൽകിയത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരീ സഹോദരന്മാരേ, ഏവർക്കും ശുഭ ഞായർ!

ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷത്തിൽ (മത്തായി 10:26-33), യേശു തന്റെ ശിഷ്യന്മാരെ പ്രേഷിത ദൗത്യത്തിനായി അയക്കുമ്പോൾ ഇപ്രകാരം ഉപദേശിക്കുന്നു: "അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍നിന്നു ഘോഷിക്കുവിന്‍."

"ചെവിയിൽ", അതായത് ഹൃദയത്തിന്റെ രഹസ്യത്തിൽ നാം കേൾക്കുന്നതും, എല്ലാവരോടും പ്രഘോഷിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നതും തമ്മിലുള്ള ഒരു ബന്ധമാണ് അവിടുന്ന് ഇവിടെ കാണിച്ചുതരുന്നത്. സുവിശേഷ പ്രഘോഷണം  എന്നത് ഒന്നാമതായി, ക്രിസ്തുവുമായുള്ള ഓരോരുത്തരുടെയും സവിശേഷവും, വ്യക്തിപരവുമായ കൂടിക്കാഴ്ചയുടെ പങ്കുവെക്കലാണെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു.

അപ്പസ്തോലിക ദൗത്യത്തിന്റെ ശക്തി, സാങ്കേതിക വിദ്യകൾക്കും ഉപകരണങ്ങൾക്കും അപ്പുറം, നമ്മിൽ പരിശുദ്ധാത്മാവ് നടത്തുന്ന പ്രവർത്തനത്തിലും നമ്മുടെ പ്രതികരണത്തിന്റെ ആത്മാർത്ഥതയിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. നാം ധ്യാനിച്ച കാര്യങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതാണ് പ്രഘോഷണമെന്ന് വിശുദ്ധ തോമസ് അക്വിനാസ് പഠിപ്പിക്കുന്നു: "contemplata aliis tradere" (ധ്യാനിച്ചവ മറ്റുള്ളവർക്ക് പകർന്നു നൽകുക - Summa Theologiae III, q. 40, a. 1, ad 2).

"ധ്യാനം" (Contemplation) എന്നത് ചില വിശുദ്ധർക്കോ സന്യാസികൾക്കോ മാത്രമായി മാറ്റിവെക്കപ്പെട്ട ഒന്നാണെന്ന് നാം കരുതരുത്. നമ്മുടെ ദൈനംദിന തിരക്കുകൾക്കിടയിൽ ദൈവത്തിന് മുന്നിൽ നിശബ്ദമായിരിക്കാനും, അവിടുത്തെ സ്വരം കേൾക്കാനും, നമ്മുടെ സന്തോഷങ്ങളും ആശങ്കകളും അവിടുത്തെ ഏൽപ്പിക്കാനും, അവിടുത്തോടൊപ്പം നമ്മുടെ ജീവിതം വിലയിരുത്താനും കുറച്ചു സമയം കണ്ടെത്താൻ ശ്രമിച്ചാൽ നമുക്കെല്ലാവർക്കും ഇത് സാധ്യമാണ്. ഇത് നമ്മുടെ വിശ്വാസത്തെ കൂടുതൽ ദൃഢവും ബോധ്യമുള്ളതുമാക്കുന്നു. തൽഫലമായി, സുവിശേഷത്തിന്റെ വെളിച്ചം എല്ലാ സാഹചര്യങ്ങളിലും പ്രതിഫലിപ്പിക്കാൻ കഴിയുന്ന, വിശ്വസ്തരും സ്വതന്ത്രരുമായ അപ്പസ്തോലന്മാരായി നാം മാറുന്നു. വചനം സ്വീകരിക്കപ്പെടാത്ത ഇടങ്ങളിൽ പോലും സാക്ഷ്യം നൽകാൻ ഇത് നമ്മെ പ്രാപ്തരാക്കുന്നു.

ഈ വചനഭാഗത്തിന്റെ രചയിതാവായ വിശുദ്ധ മത്തായി, കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിരുന്ന വിശ്വാസ സമൂഹങ്ങൾക്കുവേണ്ടിയാണ് ഇത് എഴുതിയത്. ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രൈസ്തവർ അനുഭവിക്കുന്നതുപോലെ, ശത്രുതയും പീഡനങ്ങളും അവർക്കും നേരിടേണ്ടി വന്നിരുന്നു. നിരാശയ്ക്കും, ഭയത്തിനും കീഴടങ്ങാനുള്ള പ്രലോഭനം അന്ന് വലുതായിരുന്നു.

അന്നും ഇന്നും, യേശുവിന്റെ പഠനങ്ങളോട് വിശ്വസ്തത പുലർത്തുന്നതും അവിടുത്തെ വചനം പ്രഘോഷിക്കുന്നതും വെല്ലുവിളി നിറഞ്ഞതാണ്: വെറുപ്പിനു സ്നേഹം കൊണ്ടും, അഹന്തയ്ക്ക് ശാന്തത കൊണ്ടും, നിരാശയ്ക്ക് സ്ഥിരോത്സാഹം കൊണ്ടും മറുപടി നൽകുക എന്നത് പ്രയാസകരമാണ്. അതുകൊണ്ട് നമ്മുടെ വിശ്വാസത്തിന്റെയും പ്രേഷിത ദൗത്യത്തിന്റെയും വേരുകൾ കർത്താവുമായുള്ള തീക്ഷ്ണമായ ബന്ധത്തിൽ ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ് (ഫ്രാൻസിസ് മാർപാപ്പ, Evangelii gaudium, 8). ഇത് നമുക്ക് ദൗത്യത്തിൽ നിന്നും  പിന്മാറാതിരിക്കാനുള്ള കരുത്ത് നൽകുന്നു. പ്രത്യാശയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം എല്ലാവരിലും എത്തിക്കാൻ ഇത് നമ്മെ സഹായിക്കുന്നു. ലോകത്തിന് ഇന്ന് ഇത് ഏറെ ആവശ്യവുമാണ്.

നമ്മുടെ വിളി അനുസരിച്ച് യേശുവിന്റെ മിഷനറി ശിഷ്യന്മാരായി ജീവിക്കാൻ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം, ജൂൺ 20 ന് ആഘോഷിച്ച 75-ാമത് ലോക അഭയാർത്ഥി ദിനത്തെ അനുസ്മരിച്ചുകൊണ്ട്, അഭയാർത്ഥികളുടെ പദവി സംബന്ധിച്ച കൺവെൻഷൻ ദേശീയ നേതാക്കളുടെ മനസ്സാക്ഷിയെ പ്രകാശിപ്പിക്കുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ബ്രസീലിയൻ സംസ്ഥാനമായ സിയറയിൽ ഉണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഏഴ്. ബാസ്കറ്റ് ബോൾ താരങ്ങളായ  യുവാക്കൾക്കായി തന്റെ പ്രാർത്ഥനകൾ  പാപ്പാ ഉറപ്പുനൽകി. കത്തോലിക്കാ, പെന്തക്കോസ്ത് സഭകൾക്കിടയിൽ വിശ്വാസപരമായ കാര്യങ്ങളിൽ പരസ്പര ബഹുമാനവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ കത്തോലിക്കാ പെന്തക്കോസ്ത് ഇന്റർനാഷണൽ ഡയലോഗിലെ അംഗങ്ങളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

22 ജൂൺ 2026, 12:45