കത്തോലിക്കാ സഭയും യഹൂദമതവും തമ്മിലുള്ള ബന്ധം സമഗ്ര മാനവ വികസനത്തിനുള്ളതാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ന്യൂയോർക്ക്, ഇസ്രായേൽ തുടങ്ങി എഴുപതിലധികം രാജ്യങ്ങളിൽ, ദാരിദ്ര്യത്തിൽ ജീവിക്കുന്നവർ, അഭയാർത്ഥികൾ, പ്രായമായവർ, വൈകല്യമുള്ളവർ തുടങ്ങിയ ദുർബലരായ ജനവിഭാഗങ്ങൾക്ക്, സഹായം നൽകുന്ന സംയുക്ത യഹൂദ അപ്പീലിന്റെ പ്രതിനിധി സംഘവുമായി ലിയോ പതിനാലാമൻ പാപ്പാ, ജൂൺ മാസം പതിനഞ്ചാം തീയതി കൂടിക്കാഴ്ച്ച നടത്തുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു. സംഘടന നൽകുന്ന ജീവകാരുണ്യ സേവനങ്ങൾ, മനുഷ്യന്റെ അന്തസ്സിന്റെയും സാഹോദര്യത്തിന്റെയും വ്യക്തമായ അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, സമഗ്ര മാനവ വികസനത്തോടുള്ള പ്രതിബദ്ധതയെയും, അയൽക്കാരനെ സ്നേഹിക്കാനുള്ള ആഹ്വാനത്തെ പ്രതിധ്വനിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.
കത്തോലിക്കാ സഭയുടെയും, യഹൂദ മതത്തിന്റെയും, പൊതുവായ ചരിത്രത്തിന്റെ വെളിച്ചത്തിൽ ഈ പങ്കാളിത്ത പ്രതിബദ്ധതയ്ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പറഞ്ഞ പാപ്പാ, അറുപത്തിയാറു വർഷണങ്ങൾക്ക് മുൻപ് ഇതേ സംഘടനയിൽ നിന്നുള്ള പ്രതിനിധി സംഘത്തെ വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ സ്വീകരിച്ചതും അനുസ്മരിച്ചു. "ഞാന് നിങ്ങളുടെ സഹോദരനായ ജോസഫ് " എന്ന ലളിതവും എന്നാൽ അഗാധവുമായ വാക്കുകളിലൂടെ, ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ, ക്രിസ്ത്യാനികളുടെയും, യഹൂദന്മാരുടെയും പൊതുവായ മാനവികതയെയും അബ്രഹാം, ഇസഹാക്ക്, യാക്കോബ്, ജോസേഫ് എന്നിവരിലെ ആത്മീയ വംശപരമ്പരയെയും എടുത്തു കാണിച്ചതും പാപ്പാ ചൂണ്ടിക്കാട്ടി.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്ത്യൻ ഇതര മതങ്ങളുമായുള്ള സഭയുടെ ബന്ധത്തെക്കുറിച്ചുള്ള രേഖയായ നൊസ്ത്ര അയെത്താത്തെ, നാം ഒരു മനുഷ്യ കുടുംബത്തിൽപ്പെട്ടവരാണെന്ന സത്യം സ്ഥിരീകരിക്കുന്നുവെന്നതും പാപ്പാ ചൂണ്ടിക്കാണിച്ചു. പ്പോഴും വിഭജനത്താലും സംഘർഷത്താലും മുറിവേറ്റ ഒരു ലോകത്ത്, മുൻകാല തെറ്റിദ്ധാരണകൾക്കപ്പുറം പൊതുനന്മയ്ക്കുവേണ്ടിയുള്ള സഹകരണത്തിലേക്ക് നീങ്ങാൻ ഈ രേഖ ഏവരെയും ക്ഷണിക്കുന്നതും പാപ്പാ എടുത്തു പറഞ്ഞു.
"സ്നേഹം എല്ലാറ്റിനുമുപരിയായി ജീവിതത്തെ വീക്ഷിക്കുന്നതിനുള്ള ഒരു രീതിയും അത് ജീവിക്കാനുള്ള ഒരു രീതിയുമാണ്" എന്ന ദിലെക്സി ദി എന്ന അപ്പസ്തോലിക പ്രബോധനത്തിലെ വചനം ഓർമ്മപ്പെടുത്തിക്കൊണ്ട്, ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അധികാരമില്ലാത്തവരുടെയും സേവനം വിശുദ്ധമായതിനെ നേടുവാനുള്ള ഒരു വഴിയാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. ദരിദ്രരായ സഹോദരങ്ങൾക്കുള്ള സേവനം, നമ്മുടെ ഹൃദയങ്ങൾ തുറക്കുകയും സമൂഹത്തെ പുതുക്കുകയും ചെയ്യുന്ന ഒരു പാതയായി കാണാൻ ദൈവീക വെളിച്ചം നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. ദരിദ്രരെ സഹായിച്ചും, വിദ്വേഷത്തെയും അസഹിഷ്ണുതയെയും ചെറുത്തുകൊണ്ടും, മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാനുള്ള സംഘടനാ അംഗങ്ങളുടെ അർപ്പണബോധത്തെ പാപ്പാ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
