രോഗത്തോടുള്ള വെറുപ്പും രോഗികളോടുള്ള സ്നേഹവുമാണ് വൈദ്യശാസ്ത്രത്തിന്റെ തത്വം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ജനിതക തകരാറുകൾ ഉള്ള വ്യക്തികൾക്ക് പരിചരണവും പിന്തുണയും നൽകുവാനും, ഈ പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണങ്ങൾ നടത്തുന്നതിനും, ഏറെ സേവനങ്ങൾ നൽകുന്ന ഫ്രാൻസിൽ നിന്നുമുള്ള ജെറോം ലെയെഉനെ ഫൗണ്ടേഷൻ അംഗങ്ങൾക്ക്, ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. ഫൗണ്ടേഷൻ സ്ഥാപകനായ, ജെറോം ലെയെഉനെയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ്, പാപ്പായുമായുള്ള കൂടിക്കാഴ്ച്ച നടന്നത്.
ഒരു ശാസ്ത്ര ഗവേഷകനെന്ന നിലയിൽ തന്റെ ജീവിതം വൈകല്യമുള്ള കുട്ടികളുടെ ഉന്നമനത്തിനായി സമർപ്പിച്ച ഒരു വ്യക്തിയായിരുന്നു, പ്രൊഫസർ ലെയെഉനെയെന്നു പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു. വൈദ്യശാസ്ത്ര ജനിതകശാസ്ത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി , ബുദ്ധിമാന്ദ്യവും ക്രോമസോം അസാധാരണത്വവും തമ്മിലുള്ള ബന്ധം എടുത്തു പറഞ്ഞുകൊണ്ട്, ട്രൈസോമി 21 ന് കാരണമായ ക്രോമസോം അസാധാരണത, അദ്ദേഹത്തെ ആധുനിക ജനിതകശാസ്ത്രത്തിന്റെ മുൻനിരക്കാരിൽ ഒരുവനാക്കി ലോകം അംഗീകരിച്ചതിനെ പാപ്പാ എടുത്തു പറഞ്ഞു.
"ദരിദ്രരിൽ ദരിദ്രർ" എന്ന് അദ്ദേഹം വിശേഷിപ്പിച്ച തന്റെ രോഗികളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനായി ഒരു ഡോക്ടർ എന്ന നിലയിൽ അദ്ദേഹം സ്വീകരിച്ച സേവന മാതൃകകൾ പാപ്പാ അടിവരയിട്ടു. വൈദ്യശാസ്ത്രം, എന്നാൽ, രോഗത്തോടുള്ള വെറുപ്പും രോഗികളോടുള്ള സ്നേഹവുമാണെന്നുള്ള അദേഹത്തിന്റെ വാക്കുകൾ, രോഗികളായവരുടെ ജീവനെയും അന്തസിനെയും അദ്ദേഹം എത്രയോ മാനിച്ചിരുന്നുവെന്നു വ്യക്തമാക്കുന്നതാണെന്നും പാപ്പാ പറഞ്ഞു.
അദ്ദേഹത്തിന്റെ അക്കാദമിക മികവും, സഭയോടുള്ള അദ്ദേഹത്തിന്റെ അശ്രാന്ത അർപ്പണബോധവുമാണ്, 1974-ൽ വിശുദ്ധ പോൾ ആറാമൻ പാപ്പാ അദ്ദേഹത്തെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിൽ അംഗമായി നിയമിച്ചതെന്നും, പിന്നീട് വിശുദ്ധ ജോൺ പോൾ രണ്ടാമനുമായുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള സൗഹൃദവും ജീവന്റെ പ്രതിരോധത്തിന് അനുകൂലമായ അവരുടെ പൊതുവായ കാഴ്ചപ്പാടുമാണ് , പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ ഉത്ഭവത്തിനു കാരണമായതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
എന്നാൽ തന്റെ കണ്ടുപിടുത്തങ്ങൾ, ഇത്തരം പ്രശ്നമുള്ള കുട്ടികളുടെ ജീവന് ഭീഷണിയുയർത്തുമെന്നു മനസിലാക്കിയ പ്രൊഫസർ ലെയെഉനെ, ദൈവത്തിന്റെ സർഗ്ഗാത്മക പ്രവർത്തനത്തിൽ ഉത്ഭവിച്ച അലംഘനീയമായ അന്തസ്സിന്റെ പേരിൽ ഓരോ മനുഷ്യന്റെയും ജീവൻ സംരക്ഷിക്കാൻ, ഏറെ പ്രവർത്തനങ്ങൾ നടത്തിയതും പാപ്പാ എടുത്തു പറഞ്ഞു. ലോകമെമ്പാടുമുള്ള ജനിതക ബൗദ്ധിക വൈകല്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പാപ്പാ ആശംസകൾ അർപ്പിച്ചു.
പൊതുനന്മയ്ക്കുവേണ്ടിയുള്ള നിരന്തരമായ അന്വേഷണത്തിന്റെ സേവനപാതയിൽ സമൂഹത്തിൽ പ്രതിബദ്ധതയുള്ള സാക്ഷികളായിരിക്കുവാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട എല്ലാവരും പൊതുനന്മയ്ക്ക് അർഹരാണെന്നതും പാപ്പാ എടുത്തു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
