പാപ്പാ സംസാരിക്കുന്നു പാപ്പാ സംസാരിക്കുന്നു   (ANSA)

ദാരിദ്ര്യ നിർമ്മാർജ്ജനം ആഗോള ഉത്തരവാദിത്വമാണ്: പാപ്പാ

ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ (WFP) എക്സിക്യൂട്ടീവ് ബോർഡ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ സംസാരിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജൂൺ മാസം ഇരുപത്തി രണ്ടാം തീയതി, റോമിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യപദ്ധതിയുടെ വാർഷിക യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ലിയോ പതിനാലാമൻ പാപ്പാ  സംസാരിച്ചു. സംഘർഷങ്ങൾക്കിടയിലും പ്രകൃതിദുരന്തങ്ങൾക്കിടയിലും ജീവന് സംരക്ഷണമൊരുക്കുവാൻ, ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന  ഭക്ഷ്യ-കാർഷിക സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും അയൽക്കാരനെ സ്നേഹിക്കാനുമുള്ള സുവിശേഷ സന്ദേശം സഭയുടെയും ലോക ഭക്ഷ്യപദ്ധതിയുടെയും ദൗത്യങ്ങളിൽ ഒരുപോലെ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്നതിനൊപ്പം അവയുടെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ആധുനിക ലോകത്ത് അന്താരാഷ്ട്ര സഹകരണം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പാപ്പാ  ആശങ്ക രേഖപ്പെടുത്തി. രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസം വർദ്ധിക്കുന്നതും സൈനിക ചിലവുകൾക്കായി വിഭവങ്ങൾ വകമാറ്റുന്നതും പട്ടിണി വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്തുന്നുവെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. ലോകത്ത് ഭക്ഷണത്തേക്കാൾ വേഗത്തിൽ ആയുധങ്ങൾ അതിർത്തികൾ കടന്നെത്തുന്നു എന്നത് വേദനാജനകമായ ഒരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾക്കുപരിയായി മാനുഷിക മൂല്യങ്ങൾക്ക് മുൻഗണന നൽകാൻ ആഗോള സമൂഹം തയ്യാറാകണമെന്നും, ഐക്യദാർഢ്യം എന്നത് കേവലം ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുന്ന ഒന്നാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണം, വെള്ളം, ആരോഗ്യം എന്നിവ വിപണിയിലെ കച്ചവടച്ചരക്കുകളല്ല, മറിച്ച് ഓരോ മനുഷ്യന്റെയും മൗലികാവകാശമാണെന്ന് പാപ്പാ  ഊന്നിപ്പറഞ്ഞു. സർക്കാരുകൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കും കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ കത്തോലിക്കാ സഭയുടെ കീഴിലുള്ള ഇടവകകളും കാരിത്താസ് പോലുള്ള സന്നദ്ധ സംഘടനകളും നടത്തുന്ന സേവനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. ഇത്തരം പ്രാദേശിക പങ്കാളികളുമായി സഹകരിക്കുന്നത് സഹായങ്ങൾ അർഹരായവരിലേക്ക് നേരിട്ട് എത്തിക്കാൻ സഹായിക്കും. പട്ടിണി നിർമ്മാർജ്ജനം ചെയ്യുന്നത് കേവലം ഒരു കാരുണ്യപ്രവർത്തനമല്ല, മറിച്ച് ലോകത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത്യന്താപേക്ഷിതമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതുപോലെയുള്ള ദീർഘകാല പദ്ധതികളെ പാപ്പാ  പ്രശംസിച്ചു. അമിതമായ സങ്കീർണ്ണതകൾ ഒഴിവാക്കി, ഒരു മനുഷ്യനും വിസ്മരിക്കപ്പെടാത്ത വിധം സഹായങ്ങൾ എത്തിക്കാനുള്ള നിശ്ചയദാർഢ്യം ലോകരാജ്യങ്ങൾക്കുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. മനുഷ്യന്റെ അന്തസ്സ് ദൈവദത്തമാണെന്നും അത് സംരക്ഷിക്കുന്നതിലാണ് രാഷ്ട്രീയത്തിന്റെയും ഭരണത്തിന്റെയും വിജയം ഇരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകം മുഴുവൻ ദാരിദ്ര്യത്തിൽ നിന്ന് മോചിതമാകാനും എല്ലാവർക്കും ദൈനംദിന ഭക്ഷണം ലഭിക്കാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം  ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

22 ജൂൺ 2026, 12:53