ലിയോ പതിനാലാമൻ പാപ്പാ ഗ്രാൻ കനേറി സ്റ്റേഡിയത്തിൽ വിശുദ്ധ ബലിയർപ്പണത്തിനെത്തിയപ്പോൾ ലിയോ പതിനാലാമൻ പാപ്പാ ഗ്രാൻ കനേറി സ്റ്റേഡിയത്തിൽ വിശുദ്ധ ബലിയർപ്പണത്തിനെത്തിയപ്പോൾ  (@Vatican Media)

കുടിയേറ്റവുമായി ബന്ധപ്പെട്ട സ്‌പെയിനിലെ ഗ്രാൻ കനേറി ദ്വീപ് സന്ദർശിച്ച് ലിയോ പതിനാലാമൻ പാപ്പാ

തന്റെ അപ്പസ്തോലിക യാത്രയുടെ മൂന്നാം പാദമായ കനേറി ദ്വീപുകളിലെ ഗ്രാൻ കനേറി ദ്വീപ് സന്ദർശിച്ച ലിയോ പതിനാലാമൻ പാപ്പാ, അവിടെ കുടിയേറ്റക്കാർ എത്തുന്ന അർഗ്വിനേഗ്വീൻ തുറമുഖം സന്ദർശിക്കുകയും കുടിയേറ്റശ്രമത്തിനിടയിൽ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിക്കുകയും പിന്നീട് സെന്റ് ആൻസ് കത്തീഡ്രലിൽ കനേറി ദ്വീപസമൂഹ രൂപതയിലെ സമർപ്പിതർക്കൊപ്പം കൂടിക്കാഴ്ച നടത്തുകയും, ഗ്രാൻ കനേറി സ്റ്റേഡിയത്തിൽ വിശ്വാസിസമൂഹത്തിനൊപ്പം വിശുദ്ധ ബലിയർപ്പിക്കുകയും ചെയ്തു.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തന്റെ നാലാമത്തെ വിദേശ അപ്പസ്തോലികയാത്രയുടെ ഭാഗമായി, ജൂൺ ആറാം തീയതി ശനിയാഴ്ച രാവിലെ വത്തിക്കാനിൽനിന്ന് സ്പെയിനിലേക്ക് യാത്രയായ പാപ്പാ തലസ്ഥാനനഗരിയായ മാഡ്രിഡിലെത്തുകയും ഔദ്യോഗികസ്വീകരണം ഏറ്റുവാങ്ങുകയും, രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക നേതൃത്വങ്ങളും, രാജ്യത്തേക്കുള്ള നയതന്ത്രപ്രതിനിധികളുമൊത്തുള്ള കൂടിക്കാഴ്ചയിൽ സംബന്ധിക്കുകയും, പിന്നീട് “സേദിയ 24” (CEDIA 24) അഭയകേന്ദ്രം സന്ദർശിക്കുകയും, അന്നേദിവസം വൈകുന്നേരം ആറുലക്ഷത്തോളം യുവജനങ്ങൾക്കൊപ്പം പ്രാർത്ഥനാസമ്മേളനം നടത്തുകയും ചെയ്തു. ജൂൺ ഏഴാം തീയതി, സിബേലെസ് ചത്വരത്തിൽ പന്ത്രണ്ടു ലക്ഷത്തോളം ആളുകളുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ ബലിയർപ്പിച്ച പരിശുദ്ധ പിതാവ് പിന്നീട് മോവിസ്റ്റാർ അരീനയിൽ (Movistar arena) വച്ച് സംസ്കാര, കലാ, സാമ്പത്തിക, സ്പോർട്സ് രംഗങ്ങളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എട്ടാം തീയതി രാവിലെ സ്പെയിനിന്റെ പാർലമെന്റ് മന്ദിരത്തിലെത്തിയ പാപ്പാ, അവിടെയുള്ള ജനപ്രതിനിധികളെ അഭിവാദ്യം ചെയ്‌ത്‌ സംസാരിക്കുകയും തുടർന്ന് രാജ്യത്തെ  മെത്രാൻസമിതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എട്ടാം തീയതി വൈകുന്നേരം പാപ്പാ അൽമുദേനയിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ പ്രാർത്ഥനാ സമ്മേളനവും, “സാന്തിയാഗോ ബെർനബേവു” സ്റ്റേഡിയത്തിൽ അതിരൂപതാ വിശ്വാസിസമൂഹവുമൊത്ത് കൂടിക്കാഴ്ചയും നടത്തി.

ജൂൺ ഒൻപത് ചൊവ്വാഴ്‌ച രാവിലെ മാഡ്രിഡ് നഗരത്തിൽ സന്നദ്ധപ്രവർത്തകർക്ക് പാപ്പാ കൂടിക്കാഴ്‌ച അനുവദിച്ചു. തുടർന്ന് പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലികയാത്രയുടെ രണ്ടാം പാദമായ ബാഴ്സലോണയിലേക്ക് യാത്രയായി.

കറ്റലോണിയയുടെ തലസ്ഥാനമായ ബാഴ്സലോണയിലൽ ഔദ്യോഗികസ്വീകരണം ഏറ്റുവാങ്ങിയ പാപ്പാ, തുടർന്ന് ബാഴ്സലോണ അതിരൂപതാ കത്തീഡ്രൽ ദേവാലയത്തിൽ യാമപ്രാർത്ഥന നടത്തി. വൈകുന്നേരം പരിശുദ്ധ പിതാവ് യുവജനങ്ങൾക്കൊപ്പം കൂടിക്കാഴ്ച നടത്തി

അപ്പസ്തോലികയാത്രയുടെ അഞ്ചാം ദിവസമായ ജൂൺ പത്താം തീയതി രാവിലെ പാപ്പാ ബ്രിയാൻസ്‌ 1 ജയിലും പിന്നീട് മോൻസെറാത്തിലെ പരിശുദ്ധ അമ്മയുടെ പേരിലുള്ള ബെനഡിക്റ്റൈൻ ആശ്രമവും ദേവാലയവും സന്ദർശിച്ചു. പിന്നീട് കാരുണ്യസേവനപ്രവർത്തനമേഖലയിൽ ഏർപ്പെടുന്ന ആളുകളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി. വൈകുന്നേരം പരിശുദ്ധ പിതാവ് പ്രശസ്തമായ സഗ്രാദ ഫമീലിയ ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുകയും അവിടെയുള്ള ഏറ്റവും ഉയർന്ന ദേവാലയ ടവർ ആശീർവദിക്കുകയും ചെയ്തത് വരെയുള്ള വിവരണമാണ് വാർത്താവിനിമയകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി കഴിഞ്ഞ ദിവസങ്ങളിൽ വത്തിക്കാൻ റേഡിയോയിലൂടെയും വത്തിക്കാൻ ന്യൂസ് വെബ്സൈറ്റിലൂടെയും മറ്റു സാമൂഹ്യമാധ്യമങ്ങളിലൂടെയും പങ്കുവച്ചത്.

അപ്പസ്തോലിക യാത്രയുടെ ആറാം ദിനം

പരിശുദ്ധ പിതാവിന്റെ അപ്പസ്തോലികയാത്രയുടെ ആറാം ദിനമായ ജൂൺ പതിനൊന്നാം തീയതിയിലെ പ്രധാന പരിപാടികളുടെ വിവരണമാണ് ഇനിയുള്ളത്. ഈ യാത്രയുടെ രണ്ടാം പാദമായ കറ്റലോണിയ പ്രദേശത്തെ അവസാനപരിപാടികളിൽ ഒന്ന് ജൂൺ പത്താം തീയതി വൈകുന്നേരം സഗ്രാദ ഫമീലിയ ദേവാലയത്തിൽ നടന്ന ചടങ്ങുകളായിരുന്നു.

പരിശുദ്ധ പിതാവ് ഗ്രാൻ കനേറിയയിലേക്ക്

സ്‌പെയിനിലെ കനേറി ദ്വീപുകളുടെ ഭാഗമായ ഗ്രാൻ കനേറിയയിലേക്കുള്ള യാത്രയായിരുന്നു പാപ്പായുടെ നാലാമത് വിദേശ അപ്പസ്തോലിക യാത്രയുടെ മൂന്നാം പാദം. ഇതിന്റെ ഭാഗമായി, ബാഴ്സലോണ അതിരൂപതമന്ദിരത്തിൽനിന്ന് പതിനൊന്നാം തീയതി രാവിലെ ഏഴരയോടെ യാത്രപറഞ്ഞിറങ്ങിയ പരിശുദ്ധ പിതാവ്, അവിടെനിന്ന് പതിനാലര കിലോമീറ്ററുകൾ അകലെയുള്ള ബാഴ്സലോണ ജോസെപ് താരദെയ്യാസ് ബാഴ്സലോണ-എൽ പ്രാത് (Josep Tarradellas Barcelona-El Prat) അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് കാറിൽ യാത്രയായി. എട്ടുമണിയോടെ വിമാനത്താവളത്തിലെത്തിയ പാപ്പാ പ്രാദേശിക ഔദ്യോഗിക നേതൃത്വവുമായി യാത്ര പറഞ്ഞശേഷം, എട്ടേകാലോടെ ഗ്രാൻ കനേറിയ ദ്വീപിലെ ലാസ് പാൽമാസ് (Las Palmas de Gran Canaria) വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഏതാണ്ട് രണ്ടായിരത്തി ഇരുനൂറോളം കിലോമീറ്ററുകൾ അകലെയുള്ള ഈ വിമാനത്താവളത്തിലേക്ക്, മറോക്കൊ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾക്ക് മുകളിലൂടെ യാത്ര ചെയ്‌ത്‌, മൂന്നര മണിക്കൂറുകൾ കൊണ്ടാണ് പാപ്പാ എത്തിയത്. ഇറ്റലിയിലെയും സ്പെയിനിലെയും സമയത്തേക്കാൾ ഒരു മണിക്കൂർ പിന്നിലാണ് ഇവിടുത്തെ സമയം.

കനേറി ദ്വീപുകൾ

യൂറോപ്പിന്റെ പടിഞ്ഞാറൻ അറ്റത്തുള്ള കനേറി ദ്വീപുകൾ ഏഴ് വലിയ ദ്വീപുകളും മറ്റു ചെറുദ്വീപുകളും ചേരുന്ന ഒരു ദ്വീപസമൂഹമാണ്. അഗ്നിപർവ്വതസ്ഫോടനത്തിൽനിന്നുണ്ടായ ഈ ദ്വീപുകളിൽ വലിപ്പത്തിൽ മൂന്നാമത്തേതാണ് ഗ്രാൻ കനേറി. ലാസ് പാൽമാസ് തലസ്ഥാനമായുള്ള ഈ ദ്വീപ് അതിന്റെ പ്രകൃതിയിലെ വൈവിധ്യങ്ങൾ മൂലം "ഭൂഖണ്ഡത്തിന്റെ ചെറുപതിപ്പ്" എന്ന പേരിലാണ് അറിയപ്പെടുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രസിദ്ധമാണ് കനേറി ദ്വീപുകൾ.

പ്രാദേശികസമയം പതിനൊന്ന് മണിയോടെ വിമാനത്താവളത്തിലെത്തിയ പാപ്പായെ പ്രാദേശിക ഔദ്യോഗികപ്രതിനിധിസംഘം സ്വീകരിച്ചു. തുടർന്ന് വിമാനത്താവളത്തിലെ വി.ഐ.പി. ഹാളിൽ ചെറിയ ഒരു കൂടിക്കാഴ്ചയും നടന്നു.

പാപ്പാ അർഗ്വിനേഗ്വീൻ തുറമുഖത്തേക്ക്

ഗ്രാൻ കനേറി ദ്വീപിന്റെ തെക്കുള്ള അർഗ്വിനേഗ്വീൻ തുറമുഖത്തേക്കാണ് (Arguineguín) വിമാനത്താവളത്തിൽനിന്ന് പാപ്പാ യാത്രയായത്. ഏതാണ്ട് നാൽപ്പത്തിയാറ് കിലോമീറ്ററുകൾ അകലെയുള്ള ഇവിടേക്ക് പതിനൊന്നേമുക്കാലോടെ പാപ്പാ എത്തി. 2020-ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ട കാലത്ത് ഏതാണ്ട് ഒരാഴ്ചകൊണ്ട് ഇവിടെയെത്തിയ 3.000 കുടിയേറ്റക്കാർക്ക് തുറമുഖത്ത് പ്രവേശനം അനുവദിച്ചിരുന്നില്ല. കാരിത്താസ് പ്രവർത്തകർ മാത്രമാണ് അവർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും എത്തിച്ചിരുന്നത്.

കുടിയേറ്റ സ്വീകരണ കേന്ദ്രം

തുറമുഖത്തെത്തിയ പാപ്പായെ കനേറി ദ്വീപസമൂഹ (Islas Canarias) രൂപതാദ്ധ്യക്ഷൻ ബിഷപ് ഹൊസെ മാസ്വെലോസ് പേരെസും (Msgr. José Mazuelos Pérez) കനേറി ദ്വീപുകളുടെ ഗവണ്മെന്റ് അഡ്മിനിസ്ട്രേറ്റർ ഡെലിഗേറ്റ്, മൊഗാൻ മേയർ, തുടങ്ങി വിവിധ വ്യക്തികൾ ചേർന്ന് സ്വീകരിച്ചു. തങ്ങളുടെ ദുരിതങ്ങളിൽനിന്ന് രക്ഷപെട്ട് മെച്ചപ്പെട്ട ഒരു ഭാവി തേടി യൂറോപ്പിലേക്കെത്തുന്ന ആളുകളെ സ്വീകരിക്കാനും, അവർക്ക് നിയമാനുസൃതമായ സൗകര്യങ്ങൾ നൽകാനും വേണ്ടിയുള്ള സംരംഭവുമായി ബന്ധപ്പെട്ട വികാരാധീനമായ ഒരു കൂടിക്കാഴ്ചയായിരുന്നു ഇവിടെ നടന്നത്.

പ്രാരംഭഗാനത്തിനും, പരിചയപ്പെടുത്തലിനും ശേഷം രൂപതാധ്യക്ഷൻ പാപ്പായെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. തുടർന്ന് കുടിയേറ്റമേഖലയിൽ സേവനമനുഷ്ഠിക്കുന്ന രണ്ടു പേരുടെയും, മനുഷ്യക്കടത്തിന്റെ ഇരയായ ഒരു വ്യക്തിയുടെയും, മറ്റൊരു വ്യവസായിയുടെയും സാക്ഷ്യമുണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.

പ്രഭാഷണത്തിന് ശേഷം, പാപ്പാ, കടലിൽ മുങ്ങിമരിച്ച കുടിയേറ്റക്കാർക്കായി പൂക്കൾ സമർപ്പിച്ചു.

പാപ്പാ സെന്റ് ആൻസ് കത്തീഡ്രലിലേക്ക്

കടൽത്തീരത്ത് നടന്ന ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പന്ത്രണ്ടേമുക്കാലോടെ ഏതാണ്ട് അറുപത്തിരണ്ടര കിലോമീറ്ററുകൾ അകലെയുള്ള സെന്റ് ആൻസ് കത്തീഡ്രൽ ദേവാലയത്തിലേക്ക് പാപ്പാ യാത്രയായി. അവിടെത്തിയ പാപ്പായ്ക്ക് ലാസ് പാൽമാസ് മേയർ "നഗരത്തിന്റെ സ്വർണ്ണത്താക്കോൽ" നൽകി. 1.500-ൽ ആരംഭിച്ച ഈ മനോഹരമായ ദേവാലയത്തിന്റെ പണികൾ 1.570-ൽ തടസ്സപ്പെട്ടിരുന്നു.

രൂപതയിലെ അജപാലന നേതൃത്വവുമൊത്തുള്ള കൂടിക്കാഴ്ച

കനേറി ദ്വീപസമൂഹ രൂപതയുടെ മെത്രാനും, അവിടുത്തെ വൈദികരും സമർപ്പിതരും അജപാലനമേഖലയിലെ പ്രവർത്തകരുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കയാണ് പാപ്പാ ഇവിടേക്കെത്തിയത്. ഒന്നരയോടെ കത്തീഡ്രലിന് മുന്നിലെത്തിയ പാപ്പായെ മെത്രാനും രൂപതാപ്രതിനിധിസംഘവും ചേർന്ന് സ്വീകരിച്ചു. ദേവാലയത്തിൽ പ്രവേശിച്ച പാപ്പാ വിശുദ്ധ കുർബാനയ്ക്ക് മുന്നിൽ അല്പസമയം പ്രാർത്ഥിച്ചു.

സമ്മേളനത്തിന്റെ ആരംഭത്തിൽ രൂപതാദ്ധ്യക്ഷൻ പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു. തുടർന്ന് സുവിശേഷവായനയും ഗാനാലാപനവും, ഒരു വൈദികന്റെയും അജപാലനമേഖലയുടെ ജനറൽ സെക്രട്ടറിയുടെയും സാക്ഷ്യവും സംഗീതവുമുണ്ടായിരുന്നു. തുടർന്ന് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം നടത്തി.

പ്രഭാഷണത്തിന് ശേഷം പപ്പ ഏവർക്കും ആശീർവാദം നൽകി. തുടർന്ന് നടന്ന സമാപനഗാനാലാപനത്തിന് ശേഷം ദേവാലയത്തിനടുത്തുള്ള മെത്രാസനമന്ദിരത്തിലേക്ക് പാപ്പാ കാൽനടയായി പോവുകയും ഉച്ചഭക്ഷണത്തിന് ശേഷം വിശ്രമിക്കുകയും ചെയ്തു.

ഗ്രാൻ കനേറി സ്റ്റേഡിയത്തിലെ വിശുദ്ധ ബലി

വൈകുന്നേരം അഞ്ചേമുക്കാലോടെ പരിശുദ്ധ പിതാവ് മെത്രാസനമന്ദിരത്തിൽനിന്നും എട്ടര കിലോമീറ്ററുകൾ അകലെയുള്ള ഗ്രാൻ കനേറി സ്റ്റേഡിയത്തിലേക്ക് കാറിൽ യാത്രയായി. പ്രദേശത്തുള്ള വിശ്വാസികൾക്കൊപ്പം വിശുദ്ധ ബലിയർപ്പണത്തിനായാണ് പാപ്പാ ഇവിടേക്കെത്തിയത്.

2003 മെയ് 8-ന് ഉദ്ഘടനം ചെയ്യപ്പെട്ട ഈ ഫുടബോൾ സ്റ്റേഡിയത്തിലേക്ക് ആറുമണിയോടെ എത്തിയ പാപ്പാ, തുടർന്ന് തുറന്ന വാഹനത്തിൽ ആളുകൾക്കിടയിലൂടെ സഞ്ചരിച്ചു. ആറരയ്ക്കായിരുന്നു വിശുദ്ധ ബലിയർപ്പണം ആരംഭിച്ചത്. വിശുദ്ധബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം ഇരുപത്തിയഞ്ച് മുതൽ മുപ്പത് വരെയുള്ള തിരുവചനങ്ങൾ ആധാരമാക്കി പരിശുദ്ധ പിതാവ് സുവിശേഷസന്ദേശം നൽകി.

വിശുദ്ധ ബാലിയുടെ അവസാനം കനേറി ദ്വീപസമൂഹ രൂപതാദ്ധ്യക്ഷൻ ബിഷപ് പേരെസ് പരിശുദ്ധ പിതാവിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.

വിശുദ്ധ ബലിക്ക് ശേഷം ലാസ് പാൽമാസിലുള്ള രൂപതാമന്ദിരത്തിലേക്ക് പാപ്പാ കാറിൽ യാത്രയാകുകയും അത്താഴം കഴിച്ച ശേഷം വിശ്രമിക്കുകയും ചെയ്തു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

12 ജൂൺ 2026, 15:05