തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ ഒരു ശിശുവിനെ ആശീർവദിക്കുന്നു പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ ഒരു ശിശുവിനെ ആശീർവദിക്കുന്നു   (@VATICAN MEDIA)

സ്പെയിനിലേക്കുള്ള അപ്പസ്തോലിക യാത്ര: അനുഭവങ്ങൾ വിവരിച്ച് ലിയോ പതിനാലാമൻ പാപ്പാ

ജൂൺ മാസം പതിനേഴാം തീയതി ബുധനാഴ്ച്ച, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, ലിയോ പതിനാലാമൻ പാപ്പാ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ നൽകിയ പ്രബോധനത്തിന്റെ മലയാളപരിഭാഷ.
പൊതുകൂടിക്കാഴ്ച്ച: ശബ്ദരേഖ

വിവരണം: ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും, ലിയോ പതിനാലാമൻ പാപ്പാ വിശ്വാസികൾക്ക്  പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു. ഇറ്റലിയിൽ വേനൽക്കാലം ഔദ്യോഗികമായി ജൂൺ മാസം 21-നാണ് ആരംഭിക്കുന്നതെങ്കിലും, കാലാവസ്ഥയിൽ വേനലിന്റെ ലക്ഷണങ്ങൾ ഇതിനകം പ്രകടമായിക്കഴിഞ്ഞു. ഈ ദിവസങ്ങളിൽ റോമിൽ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. എങ്കിലും, നിത്യനഗരമായ റോമിലേക്കുള്ള ആളുകളുടെ വരവിൽ യാത്രയ കുറവും ഉണ്ടായിട്ടില്ല എന്നുള്ളതാണ്  മറ്റൊരു സത്യം.

കഴിഞ്ഞ വാരം, പരിശുദ്ധ പിതാവ്, അപ്പസ്തോലിക സന്ദർശനത്തിനായി, സ്പെയിനിൽ ആയിരുന്നതിനാൽ, രണ്ടു ആഴ്ചകളുടെ ഇടവേളയ്ക്കു ശേഷമാണ് ഇന്നത്തെ പൊതുകൂടിക്കാഴ്ച്ച നടക്കുന്നത്.  പൊതുകൂടിക്കാഴ്ചയുടെ വേദി വിശുദ്ധ പത്രോസിന്റെ ചത്വരം ആയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് വിശ്വാസികൾ ചത്വരത്തിൽ, നന്നേ വെളുപ്പിനെ തന്നെ  സന്നിഹിതരായിരുന്നു. സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടുന്നതിനായി പലരും തൊപ്പികളും ചെറുകുടകളും മറ്റും കരുതിയിരുന്നു. വിവിധ പ്രായത്തിലുള്ളവർ, രോഗികൾ, ഗർഭിണികൾ, അംഗവൈകല്യം ബാധിച്ചവർ എന്നിങ്ങനെ ക്രിസ്തുവിന്റെ വികാരിയെ കാണുവാനും, അദ്ദേഹത്തെ ശ്രവിക്കുവാനും കാത്തു നിന്നവർ ധാരാളമായിരുന്നു.

പാപ്പാ തുറന്ന വെളുത്ത വാഹനത്തിൽ ചത്വരത്തിലെത്തിയപ്പോൾ ജനസഞ്ചയത്തിന്റെ ആനന്ദാരവങ്ങളും കരഘോഷങ്ങളും ഉയർന്നു. ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ചുകൊണ്ട് അവരെ അഭിവാദ്യം ചെയ്ത പാപ്പാ, അംഗരക്ഷകർ തന്റെ സമീപത്തേക്ക് കൊണ്ടുവന്ന പിഞ്ചുകുഞ്ഞുങ്ങളെ തൊട്ട് ആശീർവദിക്കുകയും ചെയ്തു.

തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി പ്രസംഗവേദിയിലെത്തിയ പാപ്പാ ത്രിത്വസ്തുതിയോടെ പൊതുകൂടിക്കാഴ്ചയ്ക്ക് തുടക്കം കുറിച്ചു. അതിനുശേഷം വിവിധ ഭാഷകളിൽ വിശുദ്ധഗ്രന്ഥപാരായണം നടത്തി.

ഈ വാരത്തിലെ, വിശുദ്ധ ഗ്രന്ഥ ഭാഗം, വിശുദ്ധ യോഹന്നാന്റെ സുവിശേഷം, നാലാം അധ്യായം 36, 38 തിരുവചനങ്ങളായിരുന്നു:

"നാലു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞുകൊയ്ത്തിനു പാകമായിരിക്കുന്നു.നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്ത വിളവു ശേഖരിക്കാന്‍ ഞാന്‍ നിങ്ങളെ അയച്ചു; മറ്റുള്ളവരാണ് അധ്വാനിച്ചത്. അവരുടെ അധ്വാനത്തിന്റെ ഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു."

തുടർന്ന് പാപ്പാ തൻറെ പ്രഭാഷണം ആരംഭിച്ചു. കഴിഞ്ഞ വാരം താൻ സ്പെയിനിലേക്ക് നടത്തിയ അപ്പസ്തോലിക യാത്രയുടെ അനുഭവങ്ങളാണ് പാപ്പാ ഇത്തവണ വിശദീകരിച്ചത്. തന്റെ ഓരോ അപ്പസ്തോലിക യാത്രയ്ക്ക് ശേഷവും, ആ യാത്രയുടെ വിവിധ നിമിഷങ്ങളെ വിശ്വാസികൾക്ക്, പിതൃതുല്യമായ വാത്സല്യത്തോടെ വിവരിക്കുന്നത്, ലിയോ പതിനാലാമൻ പാപ്പായുടെ പത്രോസിനടുത്ത ശുശ്രൂഷയുടെ വ്യതിരിക്തതയാണ്.

പാപ്പാ ഇപ്രകാരം തന്റെ പ്രഭാഷണം തുടങ്ങി:

പ്രിയ സഹോദരന്മാരെ, സഹോദരിമാരെ, സുപ്രഭാതം, ഏവർക്കും സ്വാഗതം!

മാഡ്രിഡ്, ബാഴ് സലോണ, മോന്ത്സെറാത്ത് ആശ്രമം, കാനറി ദ്വീപുകൾ എന്നിവിടങ്ങൾ സന്ദർശിക്കുവാൻ, കഴിഞ്ഞ ആഴ്ച്ച  സ്പെയിനിലേക്ക് ഞാൻ നടത്തിയ അപ്പസ്തോലിക യാത്രയെക്കുറിച്ച് ചില ചിന്തകൾ  നൽകാൻ ഇന്ന് ഞാൻ ആഗ്രഹിക്കുന്നു.

നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള നീണ്ട യാത്രയ്ക്ക് ശേഷം, ഇത്തവണ പുരാതനവും വളരെ സമ്പന്നവുമായ കത്തോലിക്കാ പാരമ്പര്യമുള്ള ഒരു യൂറോപ്യൻ രാജ്യത്തേക്കാണ് ഞാൻ പോയത്. ഗണ്യമായ സാമൂഹികവും സാംസ് കാരികവുമായ മാറ്റങ്ങൾക്ക് വിധേയമായ സ്‌പെയിനിൽ, പാപ്പായെ, എല്ലായിടത്തും ആവേശത്തോടെയും തുറന്ന മനസ്സോടെയും സ്വാഗതം ചെയ്തുവെന്നത് ഏറെ വ്യക്തമാണ്. ഇതിനായി   ദൈവത്തോടും,  എല്ലാ സ്പാനിഷ് ജനതയോടും, രാജാവിനോടും, ഭരണാധികാരികളോടും, മെത്രാന്മാരോടും, സഭാ സമൂഹങ്ങളോടും ഞാൻ നന്ദി പറയുന്നു.

ദൈവജനം അവരുടെ വിശ്വാസത്തിന്റെയും വാത്സല്യത്തിന്റെയും ഉത്സവപരമായ  പ്രകടനം കൊണ്ട് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. തിരികെ ഞാനും, റോമിന്റെ മെത്രാൻ എന്ന നിലയിൽ, കൂട്ടായ്മ , സംഭാഷണം, നാനാത്വത്തിൽ ഏകത്വം എന്നിവ പരിപോഷിപ്പിച്ചുകൊണ്ട്, എല്ലാത്തരം വിഭജനത്തെയും എതിർപ്പിനെയും മറികടക്കാൻ  അവരെ പ്രോത്സാഹിപ്പിക്കുകയും, അതിൽ നിലനിൽക്കുവാൻ സ്ഥൈര്യപ്പെടുത്തുകയും ചെയ്തു. ഓരോ തവണയും പത്രോസിന്റെ പിൻഗാമി സന്ദർശിക്കുന്ന രാജ്യങ്ങളിലെ സഭാപരവും സാമൂഹികവുമായ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒരു പ്രത്യേക ആവിഷ്കാരം കണ്ടെത്തുന്ന ഒരു സേവനമാണിത്.

സ്പെയിനിനെ സംബന്ധിച്ചിടത്തോളം, എല്ലാ പ്രായത്തിലും,  അവസ്ഥയിലുമുള്ള ആളുകൾ പാപ്പായുടെ  സന്ദർശനത്തിനായി എത്രമാത്രം കാത്തിരിക്കുകയായിരുന്നുവെന്നു മനസിലാക്കുവാൻ എനിക്ക് സാധിച്ചു. എല്ലായിടത്തും എന്നെ വളരെ ഊഷ്മളമായി സ്വീകരിക്കാൻ ധാരാളം ആളുകളെ ഞാൻ കണ്ടു. ഈ വസ്തുത നിസ്സാരമായി എടുക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല, വിചിന്തനം അർഹിക്കുകയും ചെയ്യുന്നു.  തീർച്ചയായും, ഈ പങ്കാളിത്തം ആദ്യം, ഞാൻ പറഞ്ഞതുപോലെ, സ്പാനിഷ് ജനതയുടെ വിശ്വാസത്തെ പ്രകടമാക്കുന്നു. അതേസമയം, പ്രത്യയശാസ്ത്രപരമോ ഭാഗിക താൽപ്പര്യമോ അല്ല, യഥാർത്ഥവും അഗാധവുമായ ഒരു 'അടിത്തറ'യിൽ  ഐക്യപ്പെടേണ്ടതിന്റെ പ്രധാനപ്പെട്ട ആവശ്യകത ഇത് പ്രകടമാക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ആ അടിസ്ഥാനമെന്നത്, ആത്യന്തികമായി, ക്രിസ്തുവിന് മാത്രമേ ഉറപ്പുനൽകാൻ കഴിയൂ. ആവശ്യമായ സാംസ്കാരിക അനുരൂപീകരണങ്ങളിലൂടെ സുവിശേഷത്തിന് ആ അടിസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിലേക്ക് പകർന്നു നൽകാനും കഴിയും. കാരണം, അതിന്റെ സന്ദേശം  രണ്ട് അടിസ്ഥാന മനുഷ്യാവശ്യങ്ങൾക്കു പൂർണമായി മറുപടി നൽകുന്നു: സത്യാന്വേഷണത്തിനും നീതിയോടുള്ള ദാഹത്തിനും.

മാഡ്രിഡിലും ബാഴ്സലോണയിലും ഞങ്ങൾ വലിയ കത്തീഡ്രലുകളിലും ഏറ്റവും ആധുനിക സ്റ്റേഡിയങ്ങളിലും ഒത്തുകൂടി.  മോണ്ട്സെറാത്തിലെ ആശ്രമത്തിൽ ജപമാല പ്രാർത്ഥന ചൊല്ലി. ക്രിസ്തീയ രഹസ്യം വെളിപ്പെടുത്തുന്ന, കല്ലുകളുടെയും വെളിച്ചത്തിന്റെയും സമന്വത ഉൾക്കൊള്ളുന്ന ഗംഭീര പ്രതീകമായ സഗ്രാദ ഫമീലിയയിൽ ഞങ്ങൾ ആഘോഷം നടത്തി. പുരാതനവും ആധുനികവുമായ കത്തോലിക്കാ പാരമ്പര്യത്തിന്റെയും സമകാലിക സംസ്കാരത്തിന്റെയും ഈ കണ്ടുമുട്ടൽ, യൂറോപ്പിന്റെ സ്വഭാവം, അതിന്റെ വിലമതിക്കാനാവാത്ത സമൃദ്ധി ഒരു അഭേദ്യമായ യാഥാർത്ഥ്യമായി നേരിട്ട് മനസ്സിലാക്കാൻ എന്നെ പ്രചോദിപ്പിച്ചു. സമാധാനം, സമഗ്രമായ പരിസ്ഥിതി, തുല്യവും സുസ്ഥിരവുമായ വികസനം, മനുഷ്യന്റെ അന്തസ്സിനോടുള്ള ബഹുമാനം തുടങ്ങിയ കാലഘട്ട വെല്ലുവിളികൾക്ക് നടുവിലും, ആഗോള തലത്തിൽ നിക്ഷേപം നടത്തേണ്ടുന്നതിന്, ശ്രദ്ധാപൂർവ്വം സംരക്ഷിക്കേണ്ട ഒരു പൈതൃകമാണിത്. ഈ വെല്ലുവിളികളെ, രണ്ടാം വത്തിക്കാൻ കൗൺസിൽ, തിരിച്ചറിഞ്ഞിട്ടുള്ളതും, നിർമ്മിത ബുദ്ധിയുടെ കാലത്ത് മനുഷ്യ വ്യക്തിയെ സംരക്ഷിക്കാൻ ലക്‌ഷ്യം വച്ചുകൊണ്ട്, ഏറ്റവും അവസാനം പ്രസിദ്ധീകരിച്ച എന്റെ ചാക്രികലേഖനമായ മഞ്ഞീഫിക്ക ഉമാനിതാസ്  വരെയുള്ള പഠനങ്ങൾ മനസിലാക്കിയിട്ടുള്ളതുമാണ്.

വിവിധ കൂടിക്കാഴ്ചകളിലൂടെ, ഇന്നത്തെ നമ്മുടെ മനുഷ്യരാശിക്ക് പ്രത്യാശയുടെ സുവിശേഷം പാപ്പായുടെ ശബ്ദത്തിലൂടെ കേൾക്കാനുള്ള ആഴത്തിലുള്ള ആവശ്യം ഞാൻ തിരിച്ചറിഞ്ഞു. വഞ്ചനാപരമായ ഒരു വികസന മാതൃകയുടെ പ്രതികൂല ഫലങ്ങളാൽ കഠിനമായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്തിനാണ് ആ പ്രത്യാശയുടെ സന്ദേശം ഏറ്റവും ആവശ്യമായത്.

എനിക്ക് കേൾക്കാൻ കഴിഞ്ഞ അനേകം സാക്ഷ്യങ്ങളിൽ, ചിലത് ഹൃദയസ്പർശിയായതും ചിലത് ആത്മോന്നതി പകരുന്നതുമായ സാക്ഷ്യങ്ങളിൽ,  ഈ ആവശ്യം വ്യക്തമായി പ്രകടമായി. അതുപോലെതന്നെ, പ്രത്യേകിച്ച് ഞാൻ കണ്ടുമുട്ടിയ കുട്ടികളുടെയും ദരിദ്രരുടെയും മുഖങ്ങളിൽ: ഇടവകയിൽ എനിക്ക് തന്റെ കത്ത് വായിച്ചുകേൾപ്പിച്ച ആ കുട്ടിയിൽ; തങ്ങളുടെ വേദന കേൾക്കപ്പെടണമെന്ന് അഭ്യർഥിച്ച ചില ദുരുപയോഗബാധിതരിൽ; ജയിലിൽ എന്നെ കാത്തിരുന്ന തടവുകാരിൽ; ആശങ്കകളും സ്വപ്നങ്ങളും നിറഞ്ഞ യുവജനങ്ങളിൽ; കൂടാതെ കാനറി ദ്വീപുകളിലെ പ്രാഥമിക അഭയകേന്ദ്രങ്ങളിൽ കഴിയുന്ന കുടിയേറ്റക്കാരിൽ, ഞാൻ തിരിച്ചറിഞ്ഞതും ഇത് തന്നെയാണ്.

ഞങ്ങളുടെ യാത്രയുടെ അവസാനഘട്ടമായ കാനറി ദ്വീപുകളിൽ വെച്ചാണ് എനിക്ക് ഈ അനുഭവങ്ങളെയെല്ലാം സമഗ്രമായി മനസ്സിലാക്കാനുള്ള ഒരു വ്യാഖ്യാനതാക്കോൽ ലഭിച്ചത്. ഒരു വശത്ത്, ആ ദ്വീപസമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥിതിയും, മറുവശത്ത് പ്രധാനമായും ആഫ്രിക്കയിൽ നിന്ന് നിർബന്ധിതമായി കുടിയേറിയെത്തുന്ന അനേകം ആളുകളെ സ്വീകരിച്ചുകൊണ്ടിരിക്കുന്ന അവിടത്തെ പ്രാദേശിക സഭയുടെ യാഥാർഥ്യവുമാണ് ആ താക്കോൽ എനിക്ക് നൽകിയത്.

കുടിയേറ്റം എന്ന പ്രതിഭാസം വളരെ സങ്കീർണ്ണമാണെന്നും അതിന് സമഗ്രവും ഏകോപിതവുമായ പ്രവർത്തനപദ്ധതികൾ ആവശ്യമാണെന്നും നമുക്കറിയാം. എന്നാൽ ഈ വ്യാഖ്യാനതാക്കോൽ നമ്മെ മറ്റൊരു, കൂടുതൽ വിശാലമായ കാഴ്ചപ്പാടിലേക്കാണ് നയിക്കുന്നത്. ഇന്നത്തെ ലോകത്തിൽ സുവിശേഷത്തെ എങ്ങനെ പുതുതായി വായിച്ചറിയാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. നമ്മുടെ വ്യത്യസ്ത സംസ്കാരങ്ങളുടെ ദാനങ്ങൾ പരസ്പരം പങ്കുവെച്ചും, പ്രത്യേകിച്ച് ക്രിസ്തുവിന്റെ സന്ദേശം അവയിൽ സൃഷ്ടിച്ച സമൃദ്ധമായ ഫലങ്ങൾ കൈമാറിയും, നാം ഈ ദൗത്യം നിർവഹിക്കേണ്ടവരാണ്.

അത്തരം ഫലങ്ങളിൽ ഒന്നാണ് വ്യക്തികൾ തമ്മിലും ജനതകൾ തമ്മിലും വളരുന്ന സംവാദവും സഹോദരഭാവത്തിൽ നടക്കുന്ന കണ്ടുമുട്ടലും. മറ്റുള്ളവർ വഹിക്കുന്ന മൂല്യങ്ങളെ കണ്ടെത്താനും അവയെ ആദരിക്കാനും ഈ സഹോദരസംഗമം നമ്മെ സഹായിക്കുന്നു. ഈ യാത്ര എളുപ്പമല്ല; അതിന് നല്ല മനസ്സും ദൈവസഹായവും ആവശ്യമാണ്. എന്നാൽ സ്നേഹത്തിന്റെ നാഗരികതയിലേക്കു നയിക്കുന്ന പാത ഇതുതന്നെയാണ്.

പ്രിയ സഹോദരങ്ങളേ സഹോദരിമാരേ, ഈ അപ്പസ്തോലിക യാത്രയുടെ മുദ്രാവാക്യം “Alzad la mirada”, “നിങ്ങളുടെ ദൃഷ്ടി ഉയർത്തുക!” എന്നതായിരുന്നു (യോഹന്നാൻ 4:35 ). ജീവിതത്തിനും സത്യത്തിനും പൂർണതയ്ക്കും വേണ്ടിയുള്ള ആഗ്രഹം മനുഷ്യരിലും ജനക്കൂട്ടങ്ങളിലും തിരിച്ചറിയാൻ തന്റെ ആദ്യ ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനായി യേശു അവരോടു പറഞ്ഞ വാക്കുകളാണിവ. എന്നോടും കർത്താവ് ഈ വാക്കുകൾ ആവർത്തിക്കുന്നു. അവിടുത്തെ കൃപയാൽ, ഈ യാത്രയ്ക്കിടയിൽ ഞാൻ അതിന്റെ യാഥാർഥ്യം നേരിട്ട് അനുഭവിക്കുകയും ചെയ്തു.

ഇന്ന് ആ ക്ഷണം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു: നമുക്കും നമ്മുടെ ദൃഷ്ടി ഉയർത്താം! യേശുവിൽ നിന്ന് പഠിച്ചുകൊണ്ട്, നമ്മുടെ സഹമനുഷ്യരെയും ജനങ്ങളെയും ലോകത്തെയും “ദൈവത്തിന്റെ കണ്ണുകളിലൂടെ” നോക്കാൻ നമുക്ക് അഭ്യസിക്കാം; അതായത്, സ്നേഹത്തോടെയും ബഹുമാനത്തോടെയും കരുണയോടെയും അവരെ കാണാൻ പഠിക്കാം.

അവസാനമായി, ഈ അപ്പസ്തോലിക യാത്ര വിജയകരമാകുന്നതിനായി പ്രാർത്ഥിച്ച എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു. പ്രത്യേകിച്ച്, ദൈവകൃപയാൽ സ്പെയിനിൽ വളരെ കൂടുതലായി ഉള്ള  ധ്യാനജീവിതം നയിക്കുന്ന സന്യാസിനീ സമൂഹങ്ങൾക്ക് എന്റെ പ്രത്യേക നന്ദി.

പ്രാർത്ഥന തുടർന്നുകൊണ്ടിരിക്കുക. പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായത്താൽ ഞാൻ വിതച്ച വിത്തുകൾ സമൃദ്ധമായ ഫലങ്ങൾ പുറപ്പെടുവിക്കട്ടെ.

നന്ദി!

പാപ്പായുടെ പ്രഭാഷണത്തെ തുടർന്ന്, ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ സംഗ്രഹം വിവിധ ഭാഷകളിൽ പാരായണം ചെയ്യപ്പെടുകയും പാപ്പാ ഓരോ ഭാഷാവിഭാഗത്തെയും അഭിവാദ്യം ചെയ്യുകയും ചെയ്തു. തുടർന്ന്, വിവിധ പ്രാർത്ഥനാഭ്യർത്ഥനകൾ നടത്തുകയും ചെയ്തു. തദവസരത്തിൽ, യുവജനങ്ങൾ, രോഗികൾ, നവദമ്പതികൾ എന്നിവരെ പാപ്പാ പ്രത്യേകം അനുസ്‌മരിച്ചു. വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും  പാപ്പാ പ്രത്യേകം പ്രാർത്ഥനകൾ ഉറപ്പുനൽകി. തദ്ദനന്തരം കർത്തൃപ്രാർത്ഥന ലത്തീൻ ഭാഷയിൽ ആലപിക്കപ്പെട്ടതിനെ തുടർന്ന് പാപ്പാ തൻറെ അപ്പസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

17 ജൂൺ 2026, 14:12