തിരയുക

കൂടിക്കാഴ്ചാവേളയിൽ പാപ്പാ കൂടിക്കാഴ്ചാവേളയിൽ പാപ്പാ   (@Vatican Media)

സ്വർഗ്ഗീയ മാതൃരാജ്യത്തേക്ക് നമ്മെ നയിക്കുന്ന യാത്രയുടെ അപ്പമാണ് വിശുദ്ധ കുർബാന: പാപ്പാ

ജൂൺ ഇരുപത്തിനാലാം തീയതി ബുധനാഴ്ച ലിയോ പതിനാലാമൻ പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയ പ്രഭാഷണത്തിന്റെ മലയാള പരിഭാഷ. ആരാധനാക്രമവുമായി ബന്ധപ്പെട്ട "സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ ആധാരമാക്കിയ തന്റെ പ്രഭാഷണത്തിൽ, വിശുദ്ധ കുർബാനയിലെ, വചന ഭാഗവും, കൂദാശ ഭാഗവും തമ്മിലുള്ള അഭേദ്യമായ ബന്ധം പാപ്പാ വിശദീകരിച്ചു.
പൊതുകൂടിക്കാഴ്ച്ച: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രിയ സഹോദരന്മാരെ, സഹോദരിമാരെ, ശുഭദിനം, സുസ്വാഗതം!

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രേഖകളിൽ, പ്രത്യേകിച്ചും ആരാധനാക്രമത്തെക്കുറിച്ചുള്ള  "സാക്രോസാന്ക്തും കൊൺചീലിയും" എന്ന പ്രമാണരേഖയെ സംബന്ധിച്ച് നമ്മുടെ പ്രബോധന പരമ്പര തുടരാം.

വിശുദ്ധ അഗസ്റ്റിൻ,  പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചവർക്ക് ക്രിസ്തുവിന്റെ ശരീരത്തിന്റെ രഹസ്യം വിശദീകരിക്കാൻ  ആഗ്രഹിക്കുമ്പോൾ, നാം ഇപ്പോൾ ശ്രവിച്ച വിശുദ്ധ പൗലോസ് ശ്ളീഹായുടെ വചനങ്ങളാണ് അദ്ദേഹം ഉദ്ധരിക്കുന്നത്: "നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ്" (1 കോരി 12,27).  അദ്ദേഹം അതിനോട് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: " നിങ്ങളുടെ തന്നെ രഹസ്യാത്മകതയാണ് നിങ്ങൾ സ്വീകരിക്കുന്നത്. നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിങ്ങൾ അതിനോട് പ്രതികരിക്കുന്നു: ആമേൻ. നിങ്ങളുടെ ഉത്തരം നിങ്ങളുടെ കൈയൊപ്പ് പോലെയാണ്. നിങ്ങളോട്  ഇപ്രകാരം പറയുന്നു: ഇത് ക്രിസ്തുവിന്റ ശരീരം. ആമേൻ എന്ന് നിങ്ങൾ ഉത്തരം നൽകുന്നു. ആകയാൽ നിങ്ങളുടെ ആമേൻ സത്യമായിരിക്കേണ്ടതിന് ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങളായിരിക്കുവിൻ. നിങ്ങൾ കാണുന്നതെന്താണോ അതായിരിക്കുക, നിങ്ങൾ എന്താണോ അതിനെ സ്വീകരിക്കുക" (വിശുദ്ധ അഗസ്റ്റിൻ)

യേശുവിന്റെ അന്ത്യ അത്താഴത്തെക്കുറിച്ചുള്ള സ്മരണയ്ക്ക് ശേഷം, ആരാധനാക്രമത്തെക്കുറിച്ചുള്ള  പ്രമാണരേഖ, വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ടാണ് വിശുദ്ധ കുർബാനയെപ്പറ്റി വിശദീകരിക്കുന്നത്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, കർത്താവിന്റെ മേശയിൽ പങ്കുചേരുക  എന്നതിനർത്ഥം,  വാസ്തവത്തിൽ, "ദൈവവചനത്താൽ രൂപപ്പെടുക, കർത്താവിന്റെ ശരീരത്തിന്റെ മേശയിൽ നവോന്മേഷം പ്രാപിക്കുക, ദൈവത്തിന് നന്ദി പറയുക" എന്നതൊക്കെയാണ്. അവിടുത്തെ വചനത്തിലും കുർബാനയിലും അവനെ സ്വീകരിക്കുന്നതിലൂടെ, അവനെ പോലെ നാമും ആയിത്തീരുന്നു.  പിതാവിന്റെ വലതുവശത്ത്, ശിരസായ  ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനോടൊപ്പം അവന്റെ  ശരീരമായി നാം മാറുന്നു. അവൻ നമുക്കായി സ്വർഗ്ഗത്തിൽ ഒരു സ്ഥാനം ഒരുക്കുന്നു. അങ്ങനെ, വിശുദ്ധ കുർബാന  വരാനിരിക്കുന്ന രാജ്യത്തിന്റെ കൂദാശയാണ്.   "ഇത് ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനുള്ള" അനുഗ്രഹീത ദിവസം വരെ, സ്വർഗ്ഗീയ മാതൃരാജ്യത്തേക്ക് നമ്മെ നയിക്കുന്ന യാത്രയുടെ അപ്പമാണ്.(1 കോറി, 15,28)

ആരാധന ക്രമസമൂഹം തങ്ങളുടെ കാഴ്ചകൾ സമർപ്പിക്കുന്നത്, പുരോഹിതന്റെ കൈകളിലൂടെ മാത്രമല്ല, മറിച്ച് അവനുമായി ഐക്യപ്പെട്ടുകൊണ്ടുമാണ്. ഈ വീക്ഷണകോണിൽ,  ദൈവവുമായുള്ള ഐക്യത്തിന്റെയും പരസ്പര ഐക്യത്തിന്റെയും മാർഗമെന്ന നിലയിൽ, ക്രിസ്ത്യാനികളുടെ ആത്മീയ യാഗത്തിന്റെ രൂപമാണ് വിശുദ്ധ കുർബാന. അതിനാൽ, വിശുദ്ധ കുർബാനയിൽ പങ്കുചേരുന്നവർ, «തങ്ങളെത്തന്നെ അർപ്പിക്കാനും, ക്രിസ്തുവിലൂടെ ദൈവത്തോടും,പരസ്പരവുമുള്ള  ഐക്യത്തിൽ ദിനംപ്രതി  സ്വയം സമർപ്പിക്കുവാനും പഠിക്കുന്നു". അങ്ങനെ, ക്രിസ്തുവിൽ സ്വയം ഉൾചേർക്കുന്നതിലൂടെ, തന്നെത്തന്നെ സൗജന്യമായി നൽകിയ, കർത്താവായ യേശുവിന്റെ തന്നെ ജീവിതശൈലി സ്വീകരിക്കാൻ വിശുദ്ധ കുർബാന നമ്മെ പഠിപ്പിക്കുന്നു. അതിനാൽ, ഈ ദാനം  ഐക്യത്തിന്റെ ചലനാത്മകതയിലേക്ക് പ്രവേശിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു.  ഇത് നമ്മുടെ ലോകത്തെയും, സമൂഹങ്ങളെയും, കുടുംബങ്ങളെയും, നമ്മുടെ ഹൃദയങ്ങളെയും ദുർബലപ്പെടുത്തുന്ന വിഭജനത്തിന്റെ പ്രക്ഷോഭത്തിനു ശക്തമായ മറുമരുന്ന് വാഗ്ദാനം ചെയ്യുന്നു.

പ്രിയ സുഹൃത്തുക്കളേ, നാം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമ്പോൾ ദൈവവചനം കേൾക്കാനും കർത്താവിന്റെ മേശയിൽ നിന്ന് പോഷിപ്പിക്കപ്പെടാനും നമ്മെ ക്ഷണിക്കുന്നു, അവിടെ അവൻ തന്നെത്തന്നെ  പിതാവിന്  സമർപ്പിക്കുന്നു. വിശുദ്ധ കുർബാനയുടെ രണ്ട് ഭാഗങ്ങളായ വചന ഭാഗവും, കൂദാശാഭാഗവും, "ഒരേ ദൈവാരാധനയുടെ കർമ്മമായി മാറിക്കൊണ്ട്, പരസ്പരം വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.

ദൈവവചനത്തെ സംബന്ധിച്ചിടത്തോളം, തിരുവെഴുത്തുകളെക്കുറിച്ചുള്ള ബൗദ്ധിക അറിവ് നേടുന്നതിൽ മാത്രം കാര്യം ഒതുങ്ങുന്നില്ലെന്ന് ഓർക്കണം. മറിച്ച്, ദൈവം എല്ലാവരോടും ഒരേസമയം ഓരോ വ്യക്തിയോടും അഭിമുഖമായി സംസാരിക്കുന്ന, «ജീവനും ശക്തിയുമുള്ള വചനം» (ഹെബ്രാ 4:12) സ്വീകരിക്കുകയാണ് പ്രധാനമായത്. ഈ വചനം, വിശുദ്ധ കുർബാനയപ്പത്തോടൊപ്പം നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു; പാപത്തിന്റെ ക്ഷയാവസ്ഥയിൽ നിന്ന് നമ്മെ ക്രിസ്തുവിൽ പുതിയ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വിശുദ്ധ കുർബാന നമ്മെ വിശുദ്ധ തിരുവെഴുത്തിന്റെ ആഴത്തിലുള്ള അർത്ഥം ഗ്രഹിക്കാൻ സഹായിക്കുന്നു; അതുപോലെ തന്നെ വിശുദ്ധ തിരുവെഴുത്തും വിശുദ്ധ കുർബാനയുടെ  രഹസ്യത്തെ പ്രകാശിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു. (ബെനഡിക്ട് പതിനാറാമൻ പാപ്പാ)

രണ്ടാം വത്തിക്കാൻ കൗൺസിൽ, വിശ്വാസികൾക്ക് ദൈവവചനത്തിന്റെ ഊട്ടുശാല  കൂടുതൽ സമൃദ്ധമായി ലഭിക്കേണ്ടതിനായി വിശുദ്ധ ഗ്രന്ഥത്തിന്റെ നിധികൾ കൂടുതൽ വിശാലമായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ആരാധനക്രമ പരിഷ്കാരം ഈ അഭ്യർത്ഥനയെ യാഥാർഥ്യമാക്കിയത് ലെക്ഷനറി അഥവാ വചനഗ്രന്ഥം എന്ന അമൂല്യ നിധിയിലൂടെയാണ്; അതായത്, ആരാധനാഘോഷങ്ങളിൽ ഉപയോഗിക്കപ്പെടുന്ന എല്ലാ ബൈബിൾ വായനകളും സമാഹരിച്ചിരിക്കുന്ന ഗ്രന്ഥം. ഈ സമൃദ്ധി ജീവനുള്ള പാരമ്പര്യത്തിന്റെ ഏറ്റവും ശുദ്ധമായ ഉറവിടത്തിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്. ഇത്, പാരമ്പര്യത്തോടുള്ള വിശ്വസ്തതയും ന്യായമായ നവീകരണത്തിനുള്ള തുറന്ന മനസ്സും ഒരുമിപ്പിക്കുന്നതാണ്.

ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖയുടെ  രണ്ടാം അധ്യായത്തിന്റെ ആരംഭം, സഭാപിതാക്കന്മാരിൽ നിന്ന് നമ്മുടെ കാലംവരെ ഒഴുകിയെത്തുന്ന മഹത്തായ പാരമ്പര്യധാരയെക്കുറിച്ചുള്ള പരാമർശങ്ങളാൽ നിറഞ്ഞിരിക്കുന്നു. അതിൽ പറയുന്നത് ഇപ്രകാരമാണ്:

"നമ്മുടെ രക്ഷകൻ അവിടുത്തെ തിരുശരീരരക്തങ്ങളുടെ ബലിയായ കുർബാന, അവിടുന്നു ഒറ്റിക്കൊടുക്കപെട്ട രാത്രിയിൽ, അവസാന അത്താഴ വേളയിൽ സ്ഥാപിച്ചു. കുരിശിലെ തന്റെ ബലി, തന്റെ പുനരാഗമനം വരെ അവിരാമം തുടർന്നുകൊണ്ടുപോകുവാൻ, വേണ്ടിയായിരുന്നു അവിടുന്നു അങ്ങനെ ചെയ്തത്. ഇതുവഴിയായി, തന്റെ പ്രിയതമയായ സഭയെ അവിടുത്തെ മരണത്തിന്റെയും, ഉത്ഥാനത്തിന്റെയും സ്മരണ ഭരമേല്പിച്ചു. വിശുദ്ധ കുർബാന സ്നേഹത്തിന്റെ കൂദാശയും, ഐക്യത്തിന്റെ അടയാളവും, ഉപവിയുടെ ഉടമ്പടിയുമാണ്. ഇത് ഒരു പെസഹാവിരുന്നും കൂടിയാണ്. അതിൽ, ക്രിസ്തു നമ്മുടെ ഭക്ഷണമായിത്തീരുകയും, നമ്മുടെ ആത്മാവ് ദൈവപ്രസാദം കൊണ്ട് നിറയുകയും, ഭാവിമഹത്വത്തിനു ഇത് അച്ചാരമായി ഭവിക്കുകയും ചെയ്യും."

പ്രിയ സഹോദരങ്ങളേ, സഹോദരിമാരേ, നമുക്ക് ഈ ദൈവികജീവന്റെ ഉറവിടത്തിൽ നിന്ന് വിശ്വാസത്തോടെ ജലം പാനം ചെയ്യാം. നാം ആഘോഷിക്കുന്ന ഈ വിശുദ്ധ രഹസ്യങ്ങൾ  നമ്മെ രൂപാന്തരപ്പെടുത്താൻ അനുവദിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

24 ജൂൺ 2026, 14:34