സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്റെയും, വിശുദ്ധ പൗലോസിന്റെയും തിരുനാൾ ആഘോഷിക്കുന്ന ജൂൺ മാസം ഇരുപത്തിയൊമ്പതാം തീയതി, വത്തിക്കാനിലെ, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന ദിവ്യബലിക്ക്, ലിയോ പതിനാലാമൻ പാപ്പാ മുഖ്യകാർമ്മികത്വം വഹിച്ചു. ദൈവജനത്തിന്റെ കാവൽക്കാരനായ പത്രോസ്, പുതിയ നിയമത്തിൽ പലപ്പോഴും സഹോദരങ്ങൾക്കിടയിൽ ഐക്യം കാത്തുസൂക്ഷിക്കാൻ അക്ഷീണം പരിശ്രമിച്ചിരുന്ന ഒരു വ്യക്തിയായിരുന്നുവെന്നു, വിശുദ്ധ ഗ്രന്ഥത്തിലെ വിവിധ ഏടുകൾ വിശദീകരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. നിരാശപ്പെടാതെ, സുവിശേഷം പ്രസംഗിക്കാനും ക്രിസ്തുവിന്റെ ആട്ടിൻകൂട്ടത്തെ ഒരുമിച്ച് നിർത്താനുമുള്ള ദൗത്യത്തിൽ പത്രോസ് ഉറച്ചു നിന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു.
പത്രോസ് ശ്ലീഹായുടെ 'താക്കോലുകൾ' എന്ന പ്രതീകത്തെ ഐക്യത്തിന്റെ അടയാളമായി പാപ്പാ വിശേഷിപ്പിച്ചു. ഒരു താക്കോൽ വാതിലുകൾ തകർക്കാനല്ല, മറിച്ച് അവ തുറക്കാനും തടസ്സങ്ങൾ നീക്കി ഒറ്റപ്പെട്ട മുറികളെ ഒരു വലിയ വീടാക്കി മാറ്റാനുമാണ് ഉപയോഗിക്കുന്നത്. അതുപോലെ, സഭയിലെ കൂട്ടായ്മ എന്നത് സ്വന്തം നിലപാടുകളിൽ കടുംപിടുത്തം പിടിച്ചല്ല, മറിച്ച് , എല്ലാവരുടെയും ഹൃദയങ്ങളിൽ സത്യത്തിന്റെ സംഗമസ്ഥാനങ്ങൾ കണ്ടെത്തിക്കൊണ്ടും, സത്യത്തിന്റെ പ്രകാശത്തിൽ പരസ്പര വളർച്ചയ്ക്കുള്ള ഉപകരണങ്ങളായി മാറിക്കൊണ്ടുമാണ് നിർമ്മിക്കേണ്ടതെന്നു പാപ്പാ പറഞ്ഞു.
കർത്താവ് പത്രോസിനെയും അദ്ദേഹത്തിന്റെ പിൻഗാമികളെയും ഏല്പിച്ച ദൗത്യത്തെ ഈ കാഴ്ചപ്പാടിൽ വേണം കാണുവാനെന്ന ക്ഷണയും പാപ്പാ നൽകി. അപരന്റെ ശബ്ദം ശ്രവിക്കുക, ആത്മീയ പ്രചോദനങ്ങൾ തിരിച്ചറിയുക, വഴികാട്ടുക, തെറ്റുകൾ തിരുത്തുക, പഠിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, സഹോദരങ്ങളെ കൂടെ നടത്തുക, അങ്ങനെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് വഴങ്ങിക്കൊണ്ട് എല്ലാവരും പരസ്പരവും, ലോകത്തിന്റെ മുഴുവൻ രക്ഷയ്ക്കുമായി സഹകരിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദൈവത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കി നിർത്തിക്കൊണ്ടും സഹോദരങ്ങളോട് ചേർന്നുനിന്നും അവരുടെ ആവശ്യങ്ങളിൽ ശ്രദ്ധാലുക്കളായും, സ്നേഹത്തിൽ ജീവിച്ച് സുവിശേഷ പ്രഘോഷണം പൂർത്തിയാക്കാൻ ഏവർക്കും സാധിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.
വിശുദ്ധ പൗലോസിനെക്കുറിച്ച് പരാമർശിക്കവെ, ദൈവവചനത്തിന്റെ ശക്തിയാൽ അക്രമത്തിന്റെ പാതയിൽ നിന്ന് സ്നേഹത്തിന്റെ പാതയിലേക്ക് അദ്ദേഹം മാറിയെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ദൈവവചനം ഇരുതലവാളിനേക്കാൾ മൂർച്ചയുള്ളതാണെന്നും അത് മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്രോസിനെയും പൗലോസിനെയും പോലെ തെറ്റുകൾ തിരുത്തി ദൈവത്തിലേക്ക് മടങ്ങാനും സഭയെ സേവിക്കാനും ഓരോ ക്രൈസ്തവനും കടമയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. «ദൈവം, സഭയെ പീഡിപ്പിച്ചവനെ സമാധാനത്തിന്റെ ദൂതനാക്കി മാറ്റി. അവന്റെ പാപങ്ങൾ ക്ഷമിക്കുകയും മറ്റുള്ളവരുടെ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുള്ള ഒരു ശുശ്രൂഷയിൽ അവനെ പ്രതിഷ്ഠിക്കുകയും ചെയ്തു», എന്ന വിശുദ്ധ അഗസ്റ്റിൻ, പൗലോസിനെക്കുറിച്ചു പറഞ്ഞ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.
തിരുക്കർമ്മങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുതിയ മെത്രാപ്പോലീത്തമാർക്ക് 'പാലിയം' (Pallium) പാപ്പ കൈമാറി. ആട്ടിൻകുട്ടികളെ തോളിലേറ്റുന്ന നല്ല ഇടയന്റെ ദൗത്യമാണ് ഈ വെളുത്ത പട്ടകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്ക് വേണ്ടി സ്വന്തം സമയവും ഊർജ്ജവും ബലിനൽകാൻ ഇടയന്മാർ തയ്യാറാകണമെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു.
കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കേറ്റ് അയച്ച പ്രതിനിധി സംഘത്തെ പാപ്പ പ്രത്യേകം അഭിവാദ്യം ചെയ്തു. പാത്രിയർക്കീസ് ബർത്തലോമിയോയോടുള്ള സ്നേഹവും സഭകൾ തമ്മിലുള്ള ഐക്യത്തിനായുള്ള പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു. അന്ത്യ അത്താഴ വേളയിൽ യേശു പ്രാർത്ഥിച്ചതുപോലെ, സഭ മുഴുവൻ ഏകമനസ്സോടെ മുന്നേറാൻ വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ സഹായവും പാപ്പാ അഭ്യർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
