"നമ്മൾ മനുഷ്യരാണ്, റോബോട്ടുകളല്ല"; മൊബൈൽ ഫോൺ അടിമത്തത്തിനെതിരെ ലിയോ പതിനാലാമൻ പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വർഷം തോറും, വത്തിക്കാനിൽ കുട്ടികൾക്കായി നടത്തിവരുന്ന വേനൽക്കാല ക്യാമ്പായ 'എസ്താത്തെ റഗാത്സി' യിൽ സംബന്ധിക്കുന്നവരെ, ലിയോ പതിനാലാമൻ പാപ്പാ സന്ദർശിക്കുകയും, അവരോട് സംവദിക്കുകയും ചെയ്തു. ബന്ധങ്ങളുടെ പ്രാധാന്യത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ സംസാരിച്ചത്. ഡിജിറ്റൽ ലോകത്ത് നിന്ന് എങ്ങനെ മുക്തി നേടാം എന്ന ഫെദറിക്കോ എന്ന ബാലന്റെ ചോദ്യത്തിന്, "നമ്മൾ മനുഷ്യരാണ്, അല്ലാതെ ടെക്നോ-റോബോട്ടുകളല്ല," എന്ന് ആമുഖമായി പറഞ്ഞ പാപ്പാ, സാങ്കേതികവിദ്യ നല്ലതാണെങ്കിലും അത് നമ്മെ അടിമകളാക്കാൻ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു. ഭക്ഷണസമയത്തും കുടുംബാംഗങ്ങൾ ഒത്തുചേരുമ്പോഴും മൊബൈൽ ഫോണുകൾ മാറ്റിവെച്ച് പരസ്പരം സംസാരിക്കാൻ ശീലിക്കണമെന്നും കുഞ്ഞുങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു. ദൈവം നമ്മുടെ സ്ക്രീനുകളിലേക്കല്ല, മറിച്ച് നമ്മുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നതെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
"80 ദിവസത്തിനുള്ളിൽ ലോകം ചുറ്റാം" എന്ന ഈ വർഷത്തെ ക്യാമ്പ് പ്രമേയത്തെക്കുറിച്ച് മിഷേല എന്ന കുട്ടി ചോദിച്ചപ്പോൾ, തന്റെ യാത്രാനുഭവങ്ങളിൽ നിന്നുള്ള ഒരു പാഠം പാപ്പാ പങ്കുവെച്ചു. പലപ്പോഴും ജിപിഎസ് തെറ്റായ വഴിയിലൂടെ തന്നെ കൊണ്ടുപോയിട്ടുണ്ടെന്നും വഴിയിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. തലച്ചോറ് ശരിയായി പ്രവർത്തിക്കുന്നുണ്ടെങ്കിൽ നമുക്ക് മൊബൈൽ ഫോണിന്റെ ആവശ്യമില്ല. ദൈവം നമുക്ക് നൽകിയ വലിയ കഴിവാണ് ചിന്തിക്കാനുള്ള ശേഷി. അതിനാൽ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കാതെ സ്വന്തം ബുദ്ധി ഉപയോഗിക്കാൻ പഠിക്കണമെന്നും പാപ്പാ പറഞ്ഞു.
സന്ദർശനത്തിനിടെ പാപ്പായെ ക്യാമ്പിലെ മുഖ്യ പര്യവേഷകൻ ആയി കുട്ടികൾ നാമകരണം ചെയ്തു. അദ്ദേഹത്തിന് എക്സ്പ്ലോറർ കിറ്റും ഒരു സ്മരണികയും സമ്മാനിച്ചു. തുടർന്ന് ക്യാമ്പിലെ കുട്ടികളോടും അധ്യാപകരോടും ഒപ്പം 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലിയ അദ്ദേഹം, എല്ലാവർക്കും തന്റെ അപ്പസ്തോലിക ആശീർവാദം നൽകി. പ്രാർത്ഥനയുടെ പ്രാധാന്യം മാതാപിതാക്കളോട് പങ്കുവെക്കണമെന്ന് കുട്ടികളോട് അഭ്യർത്ഥിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് മടങ്ങിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
