പാപ്പാ വിഡിയോ സന്ദേശം നൽകുന്നു പാപ്പാ വിഡിയോ സന്ദേശം നൽകുന്നു   (LISA LEUTNER)

പരിസ്ഥിതി സംരക്ഷണത്തിന്, വിശ്വാസവും, പ്രത്യാശയും, സ്നേഹവും പ്രധാനപ്പെട്ട ഘടകങ്ങളാണ്: പാപ്പാ

പത്താമത്, ഓസ്ട്രിയൻ ആഗോള ഉച്ചകോടിയിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, വീഡിയോ സന്ദേശം അയച്ചു. പാരിസ്ഥിതിക വിഷയം, ധാർമ്മികമായ ഒരു വിഷയമാണെന്നത്, സഭ എപ്പോഴും ഉയർത്തിക്കാട്ടിയിട്ടുണ്ടെന്നു പാപ്പാ സന്ദേശത്തിൽ എടുത്തു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സുസ്ഥിരത, സമഗ്ര പരിസ്ഥിതി, സൃഷ്ടിയോടുള്ള പരിചരണം എന്നിവ നിരവധി പതിറ്റാണ്ടുകളായി തുടരുന്ന ആശങ്കകൾ ആണെന്നും, പാരിസ്ഥിതിക വിഷയം, ധാർമ്മികമായ ഒരു വിഷയമാണെന്നത്, സഭ എപ്പോഴും ഉയർത്തിക്കാട്ടിയിട്ടുണ്ടെന്നും എടുത്തു പറഞ്ഞു കൊണ്ട്, പത്താമത്, ഓസ്ട്രിയൻ ആഗോള ഉച്ചകോടിയിൽ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്തു കൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പയുടെ വീഡിയോ സന്ദേശം പ്രസിദ്ധീകരിച്ചു.

പാരിസ്ഥിതിക പ്രതിസന്ധി ഒരു ഒറ്റപ്പെട്ട പ്രശ്നമല്ല, മറിച്ച് സമകാലിക സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയുടെ പാരിസ്ഥിതിക വശമാണെന്ന്, തന്റെ ഏറ്റവും പുതിയ ചാക്രിക ലേഖനമായ, മഞ്ഞീഫിക്ക ഉമാനിത്താസ് ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഈ പ്രതിസന്ധികളെ അഭിമുഖീകരിക്കുവാനുള്ള പരിശ്രമങ്ങളിൽ, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ക്രിസ്തീയ പുണ്യങ്ങളെ അടിസ്ഥാനമാക്കി പാപ്പാ ആശയങ്ങൾ പങ്കുവച്ചു. ചിലരെ സംബന്ധിച്ചിടത്തോളം, കാലാവസ്ഥാ വ്യതിയാനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ചോദ്യങ്ങളിൽ വിശ്വാസത്തിന് കാര്യമായ സംഭാവനകൾ ഇല്ലെന്ന് തോന്നുമെങ്കിലും, ഈ പ്രശ്നത്തെ അഭിമുഖീകരിക്കുവാൻ, മതങ്ങൾ ഏറെ പ്രധാനപെട്ടതാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി.

ലോകം ദൈവം സൃഷ്ടിച്ചതാണെന്നും , അത് അന്തർലീനമായി നല്ലതാണെന്നും വിശ്വസിക്കുന്നവർ സൃഷ്ടിയെ പരിപാലിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്നു പാപ്പാ പറഞ്ഞു. ഇത് വിശ്വാസത്തിന്റെ ഒരു ആവശ്യകതയാണെന്നതും പാപ്പാ ചൂണ്ടിക്കാട്ടി. പല പാരമ്പര്യങ്ങളിലെയും വിശ്വാസികൾ 'സൃഷ്ടി' ഒരു ദൈവിക ദാനമായി മനസ്സിലാക്കുന്നതും,   അതുപോലെ, ജീവിതം പവിത്രമാണെന്നും അതിനാൽ ബഹുമാനിക്കപ്പെടേണ്ടതാണെന്നും പഠിപ്പിക്കുന്നതും, പരിസ്ഥിതി സംരക്ഷണത്തിന്, വിശ്വാസത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നുവെന്നു പാപ്പാ പറഞ്ഞു.

ഇന്ന് അഭിമുഖീകരിക്കുന്ന ആഗോള പ്രതിസന്ധികൾ മനുഷ്യകുലത്തെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ടെന്നും, സൃഷ്ടിയോടുള്ള ബഹുമാനമില്ലായ്മ, പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം മൂലം ജീവിതനിലവാരത്തിലെ ക്രമാനുഗതമായ ഇടിവ് എന്നിവ സമാധാനത്തിനു ഭീഷണി ഉയർത്തിയിട്ടുണ്ടെന്നും പറഞ്ഞ പാപ്പാ, ഈ വെല്ലുവിളികൾക്ക്  ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന്   അന്താരാഷ്ട്ര സഹകരണവും, മുൻപോട്ടുള്ള പ്രത്യാശാവഹമായ ബഹുമുഖത്വവും ആവശ്യമെന്നും ചൂണ്ടിക്കാട്ടി. ആളുകളുടെ ഭയങ്ങളെ പ്രത്യാശയാൽ എങ്ങനെ മറികടക്കാമെന്നതിന്റെ ഉദാഹരണങ്ങൾ വിശുദ്ധ ഗ്രന്ഥത്തിൽ കണ്ടെത്താമെന്നും, അത് ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. വെല്ലുവിളികളെ നേരിടുന്നതിന്, ഒരു പുതിയ വ്യക്തി കേന്ദ്രീകൃത അന്താരാഷ്ട്ര സാമ്പത്തിക ചട്ടക്കൂട് വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.

 പരിസ്ഥിതിയെ പരിപാലിക്കുന്ന ഒരു യഥാർത്ഥ സംസ്കാരം വളർത്തിയെടുക്കുവാൻ, "പൗരവും രാഷ്ട്രീയവുമായ സ്നേഹം" ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്ന, ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ പാപ്പാ അനുസ്മരിച്ചു. പാരിസ്ഥിതിക തകർച്ച തടയുന്നതിനും സമൂഹത്തിലുടനീളം വ്യാപിക്കുന്ന ഒരു 'പരിചരണ സംസ്കാരം' പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നുവെന്ന പറഞ്ഞ പാപ്പാ, ഇപ്രകാരം, സ്നേഹത്തിന്റെ നാഗരികതയ്ക്ക് രൂപം നൽകുവാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

16 ജൂൺ 2026, 13:06