വത്തിക്കാനിൽ കർദിനാൾമാരുടെ കൺസിസ്റ്ററി ജൂൺ 26 നു തുടങ്ങും
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോകം നേരിടുന്ന വെല്ലുവിളികൾ, സഭയുടെ സമകാലിക ദൗത്യങ്ങൾ എന്നിവയെക്കുറിച്ച്, ആഴത്തിൽ പഠിക്കുവാനും, ചിന്തിക്കുവാനുമായി, വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിനോടനുബന്ധിച്ച്, ജൂൺ 26, 27 തീയതികളിൽ വത്തിക്കാനിൽ കർദ്ദിനാൾമാരുടെ അസാധാരണ യോഗം വിളിച്ചുചേർക്കുന്നു. ലിയോ പതിനാലാമൻ പാപ്പായുടെ ശുശ്രൂഷ കാലത്തെ രണ്ടാമത്തെ കൺസിസ്റ്ററിയാണിത്.
സഭയിലെ 'സിനഡൽ' ശൈലിയിലായിരിക്കും ചർച്ചകൾ നടക്കുക. കർദ്ദിനാൾമാരെ 20 ഗ്രൂപ്പുകളായി തിരിച്ചാണ് ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്. ചർച്ചകളിൽ പൂർണ്ണമായ 'രഹസ്യാത്മകത' പാലിക്കണമെന്ന് പാപ്പാ കർദ്ദിനാൾമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് പ്രവേശനമില്ലാത്ത ഈ യോഗത്തിൽ, സാഹോദര്യത്തോടെയുള്ള തുറന്ന സംവാദങ്ങൾ സാധ്യമാക്കാനാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ലോകത്തെ പിടിച്ചുലയ്ക്കുന്ന സംഘർഷങ്ങൾ സഭയെയും ജനങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് യോഗം പ്രധാനമായും പരിശോധിക്കുന്നത്. സമാധാന നിർമ്മാണത്തിനായി സഭ സ്വീകരിക്കേണ്ട ഭാഷയും നിലപാടുകളും എന്തായിരിക്കണം എന്നതിനെക്കുറിച്ച് കർദ്ദിനാൾമാർ സംസാരിക്കും. ലിയോ പതിനാലാമൻ പാപ്പായുടെ പുതിയ ചാക്രികലേഖനം, 'മാഞ്ഞിഫിക്ക ഉമാനിത്താസ് (Magnifica humanitas), സമാധാനം, യുദ്ധത്തിന്റെ ന്യായീകരണം തള്ളിക്കളയൽ, സിനഡ് തീരുമാനങ്ങളുടെ നടപ്പിലാക്കൽ എന്നിവയാണ് പ്രധാന അജണ്ടകൾ.
രണ്ടു ദിവസങ്ങളിലായി നാല് പ്രധാന സെഷനുകളായാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്:
ഒന്നാം സെഷനിൽ, 'സുവിശേഷ പ്രഘോഷണം ഇന്നത്തെ ലോകത്തിൽ' എന്ന വിഷയത്തിൽ ഊന്നൽ നൽകും. രണ്ടാം സെഷനിൽ, 'അധികാരത്തിന്റെ സംസ്കാരവും സ്നേഹത്തിന്റെ നാഗരികതയും' എന്ന പ്രമേയത്തിൽ നടക്കുന്ന ചർച്ചയ്ക്ക് വിശ്വാസ കാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് നേതൃത്വം നൽകും. 'മാഞ്ഞിഫിക്ക ഉമാനിത്താസ് ' എന്ന ചാക്രികലേഖനം ആസ്പദമാക്കിയായിരിക്കും ഈ ചർച്ച.
'നന്മയിൽ കെട്ടിപ്പടുക്കാം: നമ്മുടെ കാലഘട്ടത്തിലെ നിർമ്മാണശാലകൾ' എന്ന വിഷയത്തിൽ നടക്കുന്ന മൂന്നാം സെഷനിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കർദ്ദിനാൾ സ്റ്റീഫൻ ബ്രിസ്ലിൻ സംസാരിക്കും. പൊതുനന്മയ്ക്കായി സഭയ്ക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഇതിൽ ചർച്ചയാകും.
നാലാമത്തെ സെഷനിൽ, സിനഡ് സെക്രട്ടറി കർദ്ദിനാൾ മരിയോ ഗ്രെക്കിന്റെ നേതൃത്വത്തിൽ 'സിനഡ് നടപ്പിലാക്കൽ' എന്ന വിഷയത്തിൽ ചർച്ച നടക്കും. 2027-2028 കാലഘട്ടത്തിലെ സിനഡ് അസംബ്ലികൾക്കായുള്ള തയ്യാറെടുപ്പുകൾ ഇതിൽ വിലയിരുത്തും.
ജൂൺ മാസം ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച രാവിലെ പാപ്പായുടെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ കൺസിസ്റ്ററി ആരംഭിക്കും. ശനിയാഴ്ച വൈകുന്നേരം പാപ്പയോടൊപ്പമുള്ള അത്താഴവിരുന്നോടെ കൺസിസ്റ്ററി സമാപിക്കും. കഴിഞ്ഞ ജനുവരിയിൽ നടന്ന ആദ്യ യോഗത്തിൽ 170 കർദ്ദിനാൾമാർ പങ്കെടുത്തിരുന്നു. സഭയുടെ ഭരണത്തിലും തീരുമാനങ്ങളിലും കർദ്ദിനാൾമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് പാപ്പാ ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.
